
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിട്ടാണ് കടന്നുപോയത്. ഇക്കാര്യത്തിൽ സംസ്ഥാനം പുലർത്തിവന്ന പാരമ്പര്യം നിലനിറുത്താൻ കഴിഞ്ഞതിൽ മുഴുവൻ രാഷ്ട്രീയ കക്ഷികൾക്കും അഹോരാത്രം പ്രവർത്തിച്ച പ്രവർത്തകർക്കും അഭിമാനിക്കാം. അതുപോലെ അനിഷ്ട സംഭവങ്ങളും തുറന്ന ഏറ്റുമുട്ടലുകളിലേക്കു തിരിയാമായിരുന്ന സംഘർഷങ്ങളും ഒഴിവാക്കി സമാധാനം കാത്തുസൂക്ഷിക്കാൻ സഹായിച്ച സേനാംഗങ്ങൾക്കും ഹൃദയം തുറന്ന് നന്ദി പറയേണ്ടതുണ്ട്. മുൻകാലങ്ങളിൽ പോളിംഗ് ബൂത്തിനു പുറത്ത് ചാരിവച്ച ഒരു ലാത്തി മാത്രം മതിയായിരുന്നു പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാൻ. ഇന്ന് സ്ഥിതി അതല്ല. ശക്തമായ സാന്നിദ്ധ്യം തന്നെ വേണമെന്ന നിലയിലായി. പൊലീസുകാരുടെ സാന്നിദ്ധ്യത്തിൽ പോലും പരസ്പരം പോരടിക്കാനും അതിക്രമങ്ങൾ കാട്ടാനും മടിയില്ലാത്തവിധം പ്രവർത്തകർ മാറിക്കഴിഞ്ഞു. എങ്കിലും മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വോട്ടെടുപ്പ് ഏറക്കുറെ സമാധാനപരമായാണ് കടന്നുപോകുന്നത്. ഇക്കുറിയും അതിനു മാറ്റമുണ്ടായിട്ടില്ല.
എന്നാൽ വോട്ടെടുപ്പു പൂർത്തിയായ ശേഷം വിവിധ ജില്ലകളിലുണ്ടായ ഏറ്റുമുട്ടലുകൾ ഉൽക്കണ്ഠയ്ക്കു വക നൽകുന്നതാണ്. കണ്ണൂർ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂറിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ കൊലയ്ക്ക് കുപ്രസിദ്ധി നേടിയ കണ്ണൂരിനെ ഒരിക്കൽക്കൂടി ശ്രദ്ധാേകേന്ദ്രമാക്കിയിരിക്കുകയാണ്. മൻസൂറിന്റെ സഹോദരൻ മുഹ്‌സിനും വെട്ടേറ്റു. ഇവരുടെ മാതാവിനും അയൽവീട്ടിലെ സ്ത്രീക്കും അക്രമത്തിൽ പരിക്കേറ്റു. ഒരു വോട്ടറെ കാറിൽ കയറ്റി പോളിംഗ് ബൂത്തിലെത്തിച്ചതിനെച്ചൊല്ലി പകൽ ഉണ്ടായ തർക്കമാണ് രാത്രിയിൽ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിനു പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നു ലീഗ് നേതാക്കൾ ആരോപിക്കുന്നു. രാഷ്ട്രീയ പരിഗണന കാട്ടാതെ അക്രമികളെ കൈയോടെ പിടികൂടാനുള്ള നടപടിക്ക് ഒട്ടും അമാന്തമുണ്ടാകരുത്.
കണ്ണൂർ, കാസർകോട്, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും ചെറുതും വലുതുമായ അക്രമസംഭവങ്ങളുണ്ടായിട്ടുണ്ട്. വോട്ടെടുപ്പു ദിനത്തിൽ ഇത്തരം സംഭവങ്ങൾ പതിവുള്ളതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അവയെ നിസാരമായെടുക്കരുത്. ചാരത്തിൽ മൂടപ്പെട്ടു കിടക്കുന്ന കനലായി വേണം വോട്ടെടുപ്പിനു ശേഷമുള്ള ഇമ്മാതിരി അക്രമസംഭവങ്ങളെ കാണാൻ. സമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും ഉറപ്പാക്കാൻ അക്രമങ്ങളെ മുളയിലേ നുള്ളേണ്ടത് അത്യാവശ്യമാണ്. സർക്കാരിന്റെയും പൊലീസിന്റെയും നിഷ്‌പക്ഷതയും ദൃഢനിശ്ചയവും ഏറെ പ്രകടമാകേണ്ട സന്ദർഭം കൂടിയാണിത്. സംഘർഷം കൂടുതൽ തലങ്ങളിലേക്കു വ്യാപിക്കാതിരിക്കാനും പ്രവർത്തകരെ അടക്കിനിറുത്താനും രാഷ്ട്രീയ നേതൃത്വങ്ങൾ ഒട്ടും സമയം കളയാതെ മുന്നിട്ടിറങ്ങണം. പരസ്‌പരം പഴിചാരി സ്ഥിതി കൂടുതൽ വഷളാക്കാൻ ശ്രമിക്കരുത്. അക്രമങ്ങളിൽ ബലിയാടാവുക പൊതുവേ സാധുക്കളായിരിക്കും. പാനൂരിൽ പോളിംഗ് ദിനത്തിലെ അത്യദ്ധ്വാനത്തിനുശേഷം വീട്ടിൽ രാത്രി ഉറങ്ങാനെത്തിയ യുവാവിനെയാണ് അക്രമികൾ വിളിച്ചിറക്കി നിർദ്ദയം വെട്ടിയത്. ഒരു കുടുംബത്തിന് അത്താണിയാകേണ്ട ചെറുപ്പക്കാരനാണ് വീണ്ടുവിചാരമില്ലാത്ത രാഷ്ട്രീയപ്പോരിൽ ബലിയാടാകേണ്ടിവന്നത്. സംഘം ചേർന്ന് ആക്രമിക്കാനെത്തിയവർ അറിയുന്നുണ്ടോ ആ കുടുംബത്തിന്റെ തീരാവേദന.
വോട്ടെടുപ്പും ഫലപ്രഖ്യാപനവുമൊക്കെ കഴിഞ്ഞാലും വീണ്ടും എന്നും കാണേണ്ടവർ പരസ്പരം ഏറ്റുമുട്ടേണ്ടവരല്ല. ഭിന്ന രാഷ്ട്രീയ ചിന്താഗതി പുലർത്തുമ്പോഴും സൗഹൃദം വെടിയേണ്ടവരല്ല അവർ. തിരഞ്ഞെടുപ്പുകാലത്തെ വീറും വാശിയും വോട്ടെടുപ്പു കഴിയുന്നതോടെ പാടേ ഉപേക്ഷിക്കാൻ തയ്യാറാകണം. ആരോഗ്യകരമായ സാമുഹ്യജീവിതത്തിന് അത് അനിവാര്യമാണ്. ചാവേറുകളാകാതിരിക്കാനുള്ള വിവേകവും ബോധവും പ്രവർത്തകർക്കും ഉണ്ടാകണം. ഇത്തരുണത്തിൽ ഇടുക്കി ജില്ലയിലെ കോവിൽ മലയിലെ മൂന്ന് മുന്നണികളുടെയും പ്രവർത്തകർ ഈ തിരഞ്ഞെടുപ്പുകാലത്ത് കാഴ്ചവച്ച മഹനീയ മാതൃക പുതിയ അനുഭവമാണ്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ ഒരൊറ്റ പന്തലിലാണ് തിരഞ്ഞെടുപ്പു ബൂത്തുകൾ ഒരുക്കി പ്രവർത്തിച്ചത്. പ്രത്യേകം പ്രത്യേകം ബൂത്തുകൾ ഒരുക്കുന്നതിനു വേണ്ടിവരുന്ന ചെലവ് ലാഭിക്കാനായതു മാത്രമല്ല ഇതിന്റെ നേട്ടം. പരസ്പര സ്നേഹവും സൗഹൃദവും ആദ്യവസാനം നിലനിറുത്താനും ഈ മാതൃക ഉപകരിച്ചു. മൂന്നുനേരത്തെ ഭക്ഷണം തയ്യാറാക്കുന്നതുവരെ ഒരുമിച്ചായിരുന്നു. ഒരുമിച്ച് ഉണ്ടും സൗഹൃദം പങ്കുവച്ചുമുള്ള ഈ രാഷ്ട്രീയ പ്രവർത്തനം കണ്ണിൽ കണ്ണിൽ നോക്കിയാൽ പോരടിക്കാൻ നിൽക്കുന്ന പ്രവർത്തകർക്കാകെ അനുകരണീയ മാതൃകയാണ്.
തലസ്ഥാന ജില്ലയിൽ അതിശക്തമായ മത്സരത്തിനു വേദിയായ കഴക്കൂട്ടം മണ്ഡലത്തിൽപ്പെട്ട കാട്ടായിക്കോണത്ത് പരസ്പരം ഏറ്റുമുട്ടിയ സി.പി.എം - ബി.ജെ.പി പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടിവന്നു. ബി.ജെ.പി ബൂത്തിലിരുന്നവർ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സി.പി.എം പ്രവർത്തകർ ഇടപെട്ടതാണ് മണിക്കൂറുകൾ നീണ്ട സംഘർഷത്തിനും പൊലീസ് ഇടപെടലിനും വഴിവച്ചത്. നിസാരമായ ഒരു കാര്യം ഇത്തരത്തിൽ വളർന്നു വലുതാകാതിരിക്കാൻ നേതാക്കൾ ശ്രദ്ധിക്കേണ്ടതായിരുന്നു. മത്സരത്തിന്റെ ചൂട് മനുഷ്യരുടെ ദേഹത്തല്ല തീർക്കേണ്ടത്. അക്രമങ്ങൾ തെരുവിൽ നിന്ന് പ്രവർത്തകരുടെ വീടുകൾ വരെ നീളാൻ അനുവദിച്ചതും ശരിയായില്ല. ഇതിന്റെ തുടർച്ച പല തലങ്ങളിൽ പൊട്ടിപ്പുറപ്പെടാതിരിക്കാനുള്ള മുൻകരുതൽ എടുക്കണം. മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രിക്കു തന്നെയാണ് അതിന്റെ ഉത്തരവാദിത്വം.
മുൻ തിരഞ്ഞെടുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വോട്ടിംഗ് ശതമാനത്തിൽ ഇത്തവണയും വൻ മുന്നേറ്റമാണ് ദൃശ്യമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 77.10 ശതമാനമായിരുന്നു പോളിംഗ് എങ്കിൽ ഇത്തവണ അതും കവിയുമെന്നാണു വിലയിരുത്തൽ. അന്തിമ കണക്കു ലഭിക്കുന്നതോടെ ചിത്രം കൂടുതൽ വ്യക്തമാകും. സ്‌ത്രീകളുടെ വർദ്ധിച്ച സാന്നിദ്ധ്യം ഇത്തവണത്തെ മറ്റൊരു പ്രത്യേകതയായി കരുതാം. വോട്ടെടുപ്പിന് ഉത്സവച്ഛായ കൈവരുത്തിയതിൽ വനിതാ സാന്നിദ്ധ്യത്തിന് പ്രമുഖ പങ്കുണ്ട്. വോട്ടർമാരിൽ പുരുഷന്മാരെക്കാൾ സ്ത്രീകളാണ് കൂടുതൽ എന്നതും പ്രത്യേകതയാണ്.
ബംഗാളിൽ അവസാന ഘട്ടം വോട്ടെടുപ്പു നടക്കാൻ ഈ മാസം അവസാനം വരെ കാത്തിരിക്കണം. അതു കഴിഞ്ഞ് മേയ് 2-നു മാത്രമാണ് വോട്ടെണ്ണൽ. കൂട്ടലും കിഴിക്കലുമായി അതുവരെ നേതാക്കളും പ്രവർത്തകരും മാനസിക സമ്മർദ്ദത്തിലായിരിക്കും. എക്സിറ്റ് പോളിനു വരെ വിലക്കുള്ളതിനാൽ ക്ഷമാപൂർവം ഇനിയുള്ള ഇരുപത്തിനാലു ദിനങ്ങൾ കാത്തിരിക്കാനേ കഴിയൂ.