കടയ്ക്കാവൂർ: കേരളകൗമുദി വാർത്ത തുണയായി. കൊവിഡ് മൂലം മുടങ്ങിക്കിടന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ പുനഃരാരംഭിച്ചു. ലോക്ക് ഡൗൺ കഴിഞ്ഞ് മിക്ക പ്രദേശങ്ങളിലും മുടങ്ങിക്കിടന്ന സർവീസുകൾ പുനഃരാരംഭിച്ചെങ്കിലും കടയ്ക്കാവൂർ വഴിയുള്ള ബസുകൾ സർവീസ് ആരംഭിച്ചിരുന്നില്ല.

തുടർന്ന് യാത്രക്കാരുടെ ബുദ്ധിമുട്ട് കേരളകൗമുദി വാർത്തയാക്കി. ഇത് ശ്രദ്ധയിൽപ്പെട്ട കെ.എസ്.ആർ.ടി.സി അധികൃതരാണ് സർവീസുകൾ പുനഃരാരംഭിച്ചത്. രാവിലെ 5.20ന് ആറ്റിങ്ങൽ നിന്ന് ആരംഭിച്ച് കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വിളബ്ഭാഗം വഴി വർക്കലയ്ക്കും 6.20ന് വർക്കലയിൽ നിന്ന് തിരിച്ച് അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, ചിറയിൻകീഴ്, മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്കുള്ള വേണാടും, രാവിലെ 6.20ന് ആറ്റിങ്ങൽ നിന്ന് ആരംഭിച്ച് കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വിളബ്ഭാഗം വഴി വർക്കല ക്ഷേത്രം, തുടർന്ന് അവിടെനിന്ന് 7.10ന് തിരിച്ച് അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, കൊല്ലമ്പുഴ, ആറ്റിങ്ങൽ, ടെക്നോപാർക്ക്, മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചറുമാണ് സർവീസുകൾ പുനഃരാരംഭിച്ചത്.