തിരുവനന്തപുരം:പ്രവർത്തകരും നേതാക്കളും നയിക്കുന്ന വഴിയേ ഇതുവരെ വോട്ട് ചോദിക്കുന്നതിന്റെ തിരക്കിലായിരുന്നു സ്ഥാനാർത്ഥികൾ.അതിരാവിലെ വീട്ടിൽനിന്നിറങ്ങിയാൽ പൊള്ളുന്ന വെയിൽപോലും വകവയ്ക്കാതെ വോട്ടർമാരെ കാണാൻ ഓട്ടം. വീട്ടിലെത്തുന്നത് അർദ്ധരാത്രി. ഒന്ന് നടുനിവർത്താൻപോലും സമയംകിട്ടില്ല.ജനം വിധിയെഴുതിക്കഴിഞ്ഞു. ഇനി അതറിയാനുള്ള കാത്തിരിപ്പ്.ആ ഇടവേളയിൽ സ്ഥാനാർത്ഥികളൊക്കെ എന്തുചെയ്യും? ചിലർ പരിപൂർണ വിശ്രമത്തിൽ,മറ്റുചിലർ ചികിത്സയ്ക്ക്.വേറെ ചിലരാകട്ടെ വിശ്രമമില്ലാതെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പതിവുതിരക്കിലേക്ക്. കുടുംബസമേതം കുറച്ചുദിവസം ചെലവഴിക്കാനുള്ള തീരുമാനത്തിൽ മറ്റു ചിലർ...
ഗ്യാപ്പെടുത്തും എടുക്കാതെയും
കൊവിഡ് വന്നശേഷം വിശ്രമിക്കാൻ കഴക്കൂട്ടം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന് അവസരം കിട്ടിയില്ല.പിന്നാലെ പ്രചാരണ തിരക്കായി.നല്ല ക്ഷീണമുണ്ട്.ഒരാഴ്ചയോളം വിശ്രമത്തിനാകും മുൻഗണന നൽകുക.വിശ്രമിക്കാൻ തെല്ലും നേരമില്ല എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് പ്രശ്നമുണ്ടായ കാട്ടായിക്കോണവും കുളത്തൂരുമടക്കമുള്ള സ്ഥലങ്ങൾ ഇന്നലെ സന്ദർശിച്ചു. ഇവിടെ ക്രമസമാധാനം പുഃനസ്ഥാപിച്ചിട്ടേ വിശ്രമമുള്ളൂവെന്നാണ് ശോഭ പറയുന്നത്.പ്രചാരണത്തിന്റെ ക്ഷീണമൊന്നുമില്ല, താൻ ഇപ്പോഴും പൂർണ ആരോഗ്യവാനാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്. ലാൽ. അതിനാൽ സാമൂഹിക പ്രവർത്തനത്തിൽ ഗ്യാപ്പൊന്നുമെടുക്കുന്നില്ല. ഡോക്ടർ എന്ന നിലയിലുള്ള പ്രവർത്തനങ്ങളും ഇതിനൊപ്പം കൊണ്ടുപോകും.
സമൂഹസദ്യയും സൗഹൃദ കൂട്ടായ്മയും
തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.ശിവകുമാർ ഇന്നലെ പൂന്തുറ സെന്റ് തോമസ് പള്ളിയിലെ സൗഹൃദ കൂട്ടായ്മയിലായിരുന്നു.എെ.എൻ.ടി.യു.സി പ്രവർത്തകന്റെ അമ്മയുടെ മരണ ചടങ്ങുകളിൽ.എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി രാജു പൂന്തറ പള്ളിയിൽ ഉച്ചയ്ക്ക് നടന്ന സമൂഹസദ്യയിൽ പങ്കാളിയായി.അവിടെ നടന്ന സാംസ്കാരിക പരിപാടിയിലും പങ്കെടുത്തു.അവിടെന്ന് നേരെ ചില ആശുപത്രികളിൽ കയറി രോഗികളെ കണ്ടു. പിന്നെ ചില മരണവീടുകളിൽ. എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ.ജിയും പൂന്തുറ പള്ളിയിലെ സാംസ്കാരിക പരിപാടിയിലായിരുന്നു. ശംഖുംമുഖത്തടക്കം വൈകുന്നേരങ്ങളിൽ ചില പരിപാടികളിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ശബ്ദം തടസമായതോടെ അതൊക്കെ ഒഴിവാക്കി.
അവലോകനവും വിശ്രമവും
നേമത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ രാവിലെ മുതൽ ബി.ജെ.പിയുടെ മണ്ഡലം കോർ ഗ്രൂപ്പ് അംഗങ്ങളുമായി തിരഞ്ഞെടുപ്പ് അവലോകനത്തിലായിരുന്നു.വിവിധ വാർഡുകളിൽ നിന്ന് കിട്ടിയ കണക്കുകളുമായുള്ള കൂട്ടലും കിഴിക്കലും രണ്ട് മണിക്കൂറോളം നീണ്ടു.പിന്നെ കഴിഞ്ഞ ദിവസം സ്റ്രുഡിയോ റോഡിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകരെ വീടുകളിലെത്തി സന്ദർശിച്ചു.ഓരോ വാർഡിലെയും പ്രവർത്തകരെ നേരിൽ കണ്ടു.നേമത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടിക്ക് ഇന്നലെ പൂർണവിശ്രമമായിരുന്നു. പകൽ മുഴുവൻ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി.പുറത്തേക്കൊന്നും ഇറങ്ങിയതേയില്ല.
വിവാഹച്ചടങ്ങും പതിവ് തിരക്കും
കോവളം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായി ഡോ.എ.നീലലോഹിതദാസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മുമ്പത്തെ പതിവുകളിലേക്ക് മടങ്ങി.രാവിലെ ജനതാദൾ എസ് ജില്ലാകമ്മിറ്രി ഓഫീസിലെത്തി.വിജയസാദ്ധ്യതയെ കുറിച്ച് വിലയിരുത്തി.പിന്നീട് കാമരാജ് ഫൗണ്ടേഷന്റെ ഓഫീസിൽ.
നിലവിലെ എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എം.വിൻസെന്റ് രാവിലെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു.പിന്നെ മരണവീടുകളിലും എത്തി.എൻ.ഡി.എ സ്ഥാനാർത്ഥി വിഷ്ണുപുരം ചന്ദ്രശേഖരൻ ഉച്ചവരെ വീട്ടിൽ തന്നെയുണ്ടായിരുന്നു.വൈകിട്ട് തനിക്കു വേണ്ടി ആത്മാർത്ഥമായി ജോലിചെയ്ത എൻ.ഡി.എ പ്രവർത്തകരെ നേരിട്ട് കണ്ട് നന്ദി അറിയിച്ചു.
വായനയിൽ മുഴുകാൻ
നേരത്തെ നിശ്ചയിച്ച ഉദ്ഘാടന പരിപാടികളുണ്ട് ഇന്നും നാളയും അരുവിക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.ശബരീനാഥിന്.വായനയ്ക്കായി കുറെ സമയം നീക്കിവയ്ക്കണം.ഫലപ്രഖ്യാപനത്തിന് മുമ്പ് ചില യാത്രകളും ആലോചിക്കുന്നു.എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.സ്റ്റീഫൻ വരുംദിവസങ്ങളിലും പതിവുപോലെ പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുക്കും.പ്രചാരണത്തിന് ഒപ്പമിറങ്ങിയവരെയെല്ലാം നേരിൽ കാണാനുമാണ് സ്റ്രീഫന്റെ തീരുമാനം.ബി.ജെ.പി സ്ഥാനാർത്ഥി സി.ശിവൻകുട്ടി ചില വിവാഹങ്ങൾ,സ്വകാര്യ ചടങ്ങുകൾ എന്നിവയല്ലാതെ പ്രത്യേകിച്ച് ഒന്നും തീരുമാനിച്ചിട്ടില്ല. പാർട്ടിയുടെ പ്രധാന ആൾക്കാരെയെല്ലാം നേരിൽ കാണണം.
ഉറക്കം, വിലയിരുത്തൽ
നെയ്യാറ്റിൻകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.സെൽവരാജ് ഇന്നലെ ഉച്ചവരെ ദീർഘമായി ഉറങ്ങി.പിന്നെ, വന്ന ഫോൺകാളുകൾക്ക് മറുപടി പറഞ്ഞു.വൈകിട്ട് പാർട്ടി പ്രവർത്തകരെ കാണാനായി പോയി.എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.ആൻസലൻ നേരത്തെ ക്ഷണം ലഭിച്ചിരുന്ന വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു. പിന്നീട് മരണ വീടുകളും സന്ദർശിച്ചു.വൈകിട്ട് പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് വിലയിരുത്തൽ ചർച്ച.എൻ.ഡി.എ സ്ഥാനാർത്ഥി എസ്.രാജശേഖരൻ നായർ ഉച്ചവരെ ചെങ്കലിലെ കുടുംബവീട്ടിൽ തന്നെയുണ്ടായിരുന്നു.വൈകിട്ട് അഞ്ചോടെ പ്രവർത്തിച്ച പ്രദേശിക നേതാക്കളെയും പ്രവർത്തകരെയും നേരിട്ട് കണ്ട് സംസാരിച്ചു.
ചർച്ചയുടെ ചൂടിൽ
പാറശാലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അൻസജിത റസൽ ഇന്നലെ നേരെ പോയത് വോട്ടെടുപ്പിനിടയിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ് നെയ്യാറ്റിൻകര ആശുപത്രിയിൽ കഴിയുന്ന പ്രവർത്തകരെ കാണാനായിരുന്നു. പിന്നെ പ്രവർത്തകർക്കൊപ്പം ചർച്ച.എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.കെ.ഹരീന്ദ്രൻ വിവാഹങ്ങളിലും മരണ വീടുകളിലുമായിരുന്നു.എൻ.ഡി.എ സ്ഥാനാർത്ഥി കരമന ജയൻ ബൂത്ത് ഓഫീസുകളിൽ പ്രവർത്തകർക്കൊപ്പമായിരുന്നു.പിന്നെ ചില മരണവീടുകളിലും.
വീടുകൾ സന്ദർശിച്ചും നന്ദിപറഞ്ഞും
നെടുമങ്ങാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.ആർ.അനിൽ പതിവുപോലെ കല്യാണങ്ങൾ,മറ്റ് ചടങ്ങുകൾ,മരണവീടുകൾ എന്നിവിടങ്ങളിൽ പോയി.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി സഖാക്കളെ കണ്ടു.
തിരഞ്ഞെടുപ്പിൽ അക്ഷീണം പ്രവർത്തിച്ചവർക്ക് നന്ദിപറയുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്.പ്രശാന്ത്.
എൻ.ഡി.എ സ്ഥാനാർത്ഥി ജെ.ആർ പദ്മകുമാർ ഇന്നലെയും വക്കീൽ ഓഫീസിൽ പോയി. തിരഞ്ഞെടുപ്പ് രംഗത്ത് മുൻപും ഉണ്ടായിരുന്നതിനാൽ ഇതൊരു ബാദ്ധ്യതയായി തോന്നിയിട്ടില്ല.
വിശ്രമിക്കാൻ നേരമില്ല
ചിറയിൻകീഴിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശശി ഇന്നലെയും വെഞ്ഞാറമൂട് കല്യാണത്തിന് പോയി. പൊതുപ്രവർത്തന രംഗത്ത് അവധി എടുക്കാറില്ല.പ്രത്യേകിച്ച് മാറിനിൽക്കേണ്ട കാര്യവുമില്ല.കഴിഞ്ഞ ദിവസത്തെപ്പോലെ ഇനിയും തുടരുമെന്ന് വി.ശശി പറയുന്നു.യു.ഡി.എഫിലെ ബി.എസ്.അനൂപിന് നിലവിൽ പഞ്ചായത്ത് മെമ്പർ ആയതിനാൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളുണ്ട്.പൊതുപ്രവർത്തനരംഗത്ത് കഴിഞ്ഞ ദിവസങ്ങളെപ്പോലെ സജീവമാണെന്ന് അനൂപ് പറയുന്നു. കൗൺസിലർ കൂടിയായ എൻ.ഡി.എ സ്ഥാനാർത്ഥി ആശാനാഥ് വളരെ ദിവസങ്ങൾക്ക് ശേഷം ഇന്നലെ കോർപ്പറേഷൻ ഓഫീസിൽ പോയി.വാർഡിന്റെ പ്രവർത്തനങ്ങളിൽ ഇനിയുള്ള ദിവസങ്ങളിൽ സജീവമാകും.വിശ്രമമൊന്നും തനിക്ക് ആവശ്യമില്ലെന്ന നിലപാടാണ് ആശാനാഥിനുള്ളത്.
കൊവിഡ് വാക്സിനും തിരുമ്മലും
ആരോഗ്യപ്രശ്നങ്ങളൊന്നിമില്ലാത്ത സ്ഥിതിക്ക് വിശ്രമമൊന്നും വേണ്ടെന്നാണ് വാമരപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ. മുരളിയുടെ അഭിപ്രായം.ഇന്നുമുതൽ വീണ്ടും മണ്ഡലത്തിൽ സജീവമായുണ്ടാകും.കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയൻ പ്രവർത്തകരെയെല്ലാം നേരിട്ട് കാണുന്നുണ്ട്. ഇന്ന് പ്രവർത്തനത്തിനിടെ അപകടം പറ്റിയ ഒരു പ്രവർത്തകനെ കാണാനും ഇദ്ദേഹം പോകുന്നുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവന് പ്രചാരണത്തിന് പിന്നാലെ നടുവേദന കലശലായി.പ്രചാരണം തുടങ്ങുന്നതിന് മുമ്പ് തിരുമ്മലുണ്ടായിരുന്നു.ഇന്നലെ മുതൽ ഞാറനീലിയിൽ തിരുമ്മൽ ചികിത്സ വീണ്ടും ആരംഭിച്ചു. അത് രണ്ടുദിവസം തുടരും.
പ്രവർത്തകരെ കണ്ടു, വിലയിരുത്തി
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കാലിൽ കമ്പി കയറി പരിക്കേറ്ര വർക്കലയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ അജി എസ്.ആർ.എം കഴിഞ്ഞ ദിവസം വരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇന്നലെ വൈകിട്ട് അവലോകന യോഗത്തിൽ പങ്കെടുത്തു.
വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്തിന് നേരത്തെ ഏറ്റിരിക്കുന്ന പരിപാടികളിൽ പങ്കെടുക്കണം.തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാർട്ടി ജില്ലാ പ്രസിഡന്റ് ചുമതല വീണ്ടും ഏറ്രെടുക്കാനുള്ള തയ്യാറെടുപ്പിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി വി.വി.രാജേഷ്. തൽകാലം യാത്രകളൊന്നും പ്ളാൻ ചെയ്തിട്ടില്ല.
വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും കാട്ടാക്കടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.കെ.കൃഷ്ണദാസിന് വിശ്രമമില്ലായിരുന്നു. വിജയസാദ്ധ്യതകൾ പ്രവർത്തകരുമായി വിലയിരുത്താനാണ് കൂടുതൽ സമയം ചെലവഴിച്ചത്. സംസ്ഥാന നേതാവെന്ന നിലയിൽ തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തിയതൊഴിച്ചാൽ ഇന്നലെ കാട്ടാക്കട മണ്ഡലത്തിൽ തന്നെയുണ്ടായിരുന്നു കൃഷ്ണദാസ്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ പരിക്കേറ്ര പ്രവർത്തകരെ സന്ദർശിച്ചു.