തിരുവനന്തപുരം: ബാലറ്റ് യുദ്ധം കഴിഞ്ഞെങ്കിലും കഴക്കൂട്ടം മണ്ഡലത്തിലെ പോര് അവസാനിക്കുന്നില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനും ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രനും തമ്മിലായിരുന്നു രൂക്ഷമായ വാക് പോര്.
കടകംപള്ളി സുരേന്ദ്രനെപ്പോലൊരു കാപട്യക്കാരനെ താൻ കണ്ടിട്ടില്ലെന്ന് തുറന്നടിച്ച ശോഭ, കാട്ടായിക്കോണം സംഘർഷം തന്നെ കുരുക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നും കേന്ദ്ര ഇടപെടൽ കൊണ്ടാണ് പൊലീസ് നടപടിക്ക് തയ്യാറായതെന്നും പറഞ്ഞു. കേരള പൊലീസിന് മുകളിൽ ഒരു പൊലീസുണ്ടെന്ന് ബോദ്ധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു അത്. തനിക്ക് വോട്ട് ചെയ്യാൻ പോലും കഴിഞ്ഞില്ല. കടകംപള്ളി പറഞ്ഞാൽ പൊലീസ് തൊപ്പി ഊരി പാർട്ടി നേതാക്കളുടെ തലയിൽ വച്ചുകൊടുക്കുമെന്ന് ഇനി കരുതേണ്ടെന്നും അവർ പറഞ്ഞു. ബി.ജെ.പി ഏജന്റുമാരെപ്പോലെ പൊലീസ് പെരുമാറിയെന്ന കടകംപള്ളിയുടെ ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു അവർ.
ജില്ലയിൽ ബി.ജെ.പിക്ക് ഒരു സീറ്റും കിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ തിരിച്ചടിച്ചു. ശബരിമലയല്ല, വികസനമാണ് ചർച്ചയായതെന്ന് കഴക്കൂട്ടത്തെ ഫലം തെളിയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയെ ബോധപൂർവം പ്രചാരണത്തിലേക്ക് ബി.ജെ.പിയും യു.ഡി.എഫും വലിച്ചിഴച്ചു. എന്നാൽ ഇത് സ്വാധീനിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസിലാകും. ഭരണമാറ്റമെന്നത് എൻ.എസ്.എസ് സംസ്ഥാന സെക്രട്ടറി സുകുമാരൻ നായരുടെ അഭിപ്രായമാണ്. ജാതി പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും കടകംപള്ളി പറഞ്ഞു.