തിരുവനന്തപുരം: പി.ടി.പി നഗറിനു സമീപം ഇലിപ്പോട്അറപ്പുര റോഡിലെ സ്വകാര്യ അപ്പാർട്ടുമെന്റിൽ നിന്നുള്ള കക്കൂസ് മാലിന്യങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ ഓടയിലേക്ക് ഒഴുക്കിവിടുന്നത് അടിയന്തരമായി തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. നഗരസഭാ സെക്രട്ടറിയും മലിനീകരണ നിയന്ത്രണബോർഡ് എൻവയൺമെന്റ് എൻജിനീയറും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

പ്രദേശവാസിയായ ശരത്കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. ഓടയിലേക്ക് ഒഴുക്കിവിടുന്ന ഫ്ളാറ്റിൽ നിന്നുമുള്ള മലിനജലം തന്റെ വീടിന്റെ പരിസരത്തേക്ക് ഒഴുകുന്നു എന്നാണ് പരാതി. നഗരസഭ, മലിനീകരണ നിയന്ത്രണബോർഡ് എന്നിവരിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. ഫ്ളാറ്റിൽ നിന്ന് പ്രദേശവാസിയുടെ വീടിന്റെ പരിസരത്തേക്ക് ഒഴുകിയെത്തുന്ന മലിനജലത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അമോണിയയുടെ അളവും കൂടുതലാണെന്ന് കണ്ടെത്തി.