തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നിയന്ത്രണങ്ങളോടെ നടത്തിയെങ്കിലും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കൊവിഡ് രോഗികൾ കൂടുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കൊവിഡിന്റെ രണ്ടാം വരവിൽ കർണാടക, പഞ്ചാബ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്രയ എന്നിവയടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം കേരളത്തിലും ആവർത്തിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിലത്തിരുത്തൽ.
രോഗികളുടെ എണ്ണം കുറയ്‌ക്കാൻ കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് ദിവസം ഉയർന്നിരുന്നു. ഇത് കൂടുതൽ പേർക്ക് രോഗം പകരുന്നതിന്റെ ലക്ഷണമാണ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പരിശോധന കുറഞ്ഞതാണ് രോഗികൾ കുറയാൻ കാരണമെന്ന കണ്ടെത്തലുമുണ്ട്. അതുകൊണ്ട് ആർ.ടി.പി.സി.ആർ പരിശോധന കൂട്ടണമെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. സംസ്ഥാനത്ത് കൃത്യത കുറവായ ആന്റിജൻ പരിശോധനയാണ് കൂടുതൽ നടക്കുന്നത്.
'വളരെയേറെ ശ്രദ്ധിക്കണം ലോക്ഡൗൺ പ്രായോഗികമല്ല. കൂട്ടായ്മകൾ പരമാവധി കുറയ്‌ക്കണം. കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നതനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കും. ചെറിയ ലക്ഷണങ്ങൾ കാണുമ്പോൾത്തന്നെ ആശുപത്രിയിൽ പോകണം".
- കെ.കെ. ശൈലജ, ആരോഗ്യമന്ത്രി