mk-stalin

ചെന്നൈ: ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ ഇത്തവണ തമിഴകം വാഴുമോ ?​ അതോ അടിയൊഴുക്കുകൾ എ ഡി.എം.കെയ്‌ക്ക് ഭരണത്തുടർച്ച ഉണ്ടാക്കുമോ? വോട്ടെടുപ്പിന് ശേഷം എ. ഡി.എം.കെ ക്യാമ്പുകളിലെ പ്രതീക്ഷ ഡി.എം.കെയെ അദ്ഭുതപ്പെടുത്തുന്നുണ്ട്. എങ്കിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമാകുമെന്നാണ് അവർ അവകാശപ്പെടുന്നത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് 1.46% കുറവാണ്. ഇപ്പോൾ - 72.79%. ലോക്‌സഭാ പോളിംഗ് 72.44% ആയിരുന്നു . സർക്കാർ വിരുദ്ധ നിലപാട് മാത്രമല്ല, ജാതി സമവാക്യങ്ങളും സൗജന്യ ഓഫറുകളും വോട്ടർമാരെ സ്വാധീനിക്കും. പുറമേ വിലയ്ക്കെടുക്കുന്ന വോട്ടുകളും.ക്യാപ്ടനും ലീഡറും തമ്മിലുള്ള പോരാട്ടമായി തിരഞ്ഞെ‌ടുപ്പിനെ വിശേഷിപ്പിക്കുന്നുണ്ട്. കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടെ 12 കക്ഷികളുള്ള സഖ്യത്തിന്റെ ക്യാപ്ടനാണ് എം.കെ.സ്റ്റാലിൻ. പി.എം.കെ, ബി.ജെ.പി തുടങ്ങി 10 പാർട്ടികളുള്ള എൻ.ഡി.എയുടെ ലീഡറാണ് എടപ്പാടി പളനിസാമി.

കേന്ദ്ര, സംസ്ഥാന സർക്കാർ വിരുദ്ധ തരംഗം ഉണ്ടെന്നാണ് ഡി.എം.കെ കരുതുന്നത്. ബി.ജെ.പിയോട് എ. ഡി.എം.കെ ചേർന്നതോടെ ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ ഡി.എം.കെ ശ്രമിച്ചിരുന്നു. തമിഴ്‌നാടിന്റെ സ്വാഭിമാനം എടപ്പാടി സർക്കാർ കേന്ദ്രത്തിന് അടിയറ വച്ചെന്നാതായിരുന്നു പ്രധാന ആയുധം. വീട്ടമ്മമാർക്ക് ശമ്പളം, വാഷിംഗ് മെഷിൻ, ഗ്യാസ് സിലിണ്ടർ എന്നിവ എ. ഡി.എം.കെ ചർച്ചയാക്കി. ഡി.എം.കെ അധികാരത്തിലെത്തിയാൽ ഗുണ്ടായിസം തിരിച്ചുവരുമെന്നും പ്രചരിപ്പിച്ചു.

വണ്ണിയർ സമുദായത്തിന് സംവരണത്തിനകത്ത് 10% പ്രത്യേക ക്വാട്ട അനുവദിച്ചത് അനുകൂലമാകുമെന്ന് എ. ഡി.എം.കെ കരുതുന്നു. ധർമ്മപുരി, കാഞ്ചിപുരം ഉൾപ്പെടുന്ന വടക്കൻ മേഖലകളിൽ വണ്ണിയർ മുൻതൂക്കമുണ്ട്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ വണ്ണിയർ സമുദായത്തിന്റെ രാഷ്‌ട്രീയ കക്ഷിയായ പി.എം.കെ 23 സീറ്റിൽ മത്സരിക്കുന്നുണ്ട്. ഇവർക്കൊപ്പം ഒ.പി.എസിന്റെ തേവർ സമുദായവും ഇ.പി.എസിന്റെ ഗൗണ്ടർ സമുദായവും നിന്നാൽ കളിമാറും. പത്തു വർഷമായി അധികാരമില്ലാത്ത ഡി.എം.കെ ഇത്തവണയും തോറ്റാൽ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കും. എ. ഡി.എം.കെ പരാജയപ്പെട്ടാൽ പാർട്ടിയിലെ ഭിന്നത പുറത്തുവരും. പുറത്തു നിൽക്കുന്ന ശശികലയുടെ രംഗപ്രവേശവും നടക്കാം.

25 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് 15 സീറ്റെങ്കിലും നേടാമെന്ന പ്രതീക്ഷയിലാണ്. ബി.ജെ.പി കൂടുതൽ സീറ്റ് നേടിയത് 2001ലാണ്. അന്ന് ഡി.എം.കെ സഖ്യത്തിലായിരുന്നു. അതിനപ്പുറമാണ് ഇപ്പോഴത്തെ ലക്ഷ്യം. മഹിളാമോർച്ച ദേശീയ അദ്ധ്യക്ഷ വനതി ശ്രീനിവാസൻ മത്സരിക്കുന്ന കോയമ്പത്തൂർ സൗത്തിലും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ അണ്ണാമലൈ മത്സരിക്കുന്ന അറുവാക്കുറിച്ചിയുമാണ് പാർട്ടിക്ക് ഏറെ പ്രതീക്ഷ.കോയമ്പത്തൂരിൽ പോളിംഗ് (60%)​ കുറഞ്ഞതിൽ എല്ലാവർക്കും ടെൻഷനുണ്ട്. ഇവിടെ ജയിക്കുമെന്നാണ് മക്കൾ നീതി മയ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കമലഹാസന്റെ വിശ്വാസം. അറുവാക്കുറിച്ചിയിൽ 81% ആണ് പോളിംഗ്.

ആറു സീറ്റിൽ വീതം മത്സരിച്ച സി.പി. എമ്മും സി.പി.ഐയും ഡി.എം.കെ തരംഗമുണ്ടായാൽ മുഴുവൻ സീറ്റും അല്ലെങ്കിൽ പകുതിയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

ബി.ജെ.പി സ്ഥാനാർത്ഥിയായി തൗസന്റ് ലൈറ്റ്സിൽ നിറഞ്ഞ നടി ഖുശ്ബു ജയിച്ചാൽ അട്ടിമറിയാവും. മക്കൾ നീതി മയ്യം, ടി.ടി.വി.ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം, സീമാന്റെ നാം തമിഴർ കക്ഷി തുടങ്ങിയ പാർട്ടികൾ ചോർത്തുന്ന വോട്ട് ഫലത്തിൽ നിർണായകമാകും. ഈ പാർട്ടികൾ 15% വോട്ടു നേടുമെന്നാണു പ്രവചനം.

വോട്ടർമാരെ സ്വാധീനിക്കാൻ പാർട്ടികൾ പണം ഒഴുക്കുകയായിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാനും സ്ഥാനാർത്ഥികളെ സ്വീകരിക്കാൻ എത്താൻപോലും പണം നൽകിയിരുന്നു.