വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ പ്രായക്കാരും ഉന്നയിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് 'പഴയതുപോലെ വിശപ്പില്ല'എന്നത്. വിശപ്പില്ലായ്മ എന്നത് ചില രോഗങ്ങളുടെ ലക്ഷണമാണെങ്കിലും ആഗ്രഹത്തിനൊത്ത് ഭക്ഷണം കഴിക്കാൻ സാധിക്കാത്തവരും സ്ഥിരം കഴിച്ചു കൊണ്ടിരുന്ന ആഹാരത്തോടുള്ള മടുപ്പ് കാരണം വീണ്ടും കഴിക്കാൻ ഇഷ്ടമില്ലാത്തവരും കൈയിൽ കിട്ടുന്നതൊക്കെ ഇടയ്ക്കിടെ കഴിച്ചതു കാരണം സമയത്ത് ഭക്ഷണം കഴിക്കാൻ മടികാണിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുമാണ് ഈ പരാതിയുമായി ഡോക്ടറെ സമീപിക്കുന്നതിലധികവും.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോട് മാത്രമാണ് കുട്ടിക്ക് 'വിശപ്പില്ലായ്മ' ഉള്ളതെങ്കിലും 'പുറത്ത് നിന്ന് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ ഒരു കുഴപ്പവുമില്ല' എന്ന പരാതിയും രക്ഷിതാക്കൾ ഉന്നയിക്കാറുണ്ട്.
ശരിയായി ഭക്ഷണം ചവച്ചു കഴിക്കുന്നവർക്ക് മാത്രമാണ് ഭക്ഷണം ആവശ്യത്തിനായി, ഇനി മതിയാക്കാം എന്ന സംതൃപ്തി അനുഭവപ്പെടുന്നത്. ടി.വിയിലും മൊബൈൽ ഫോണിലും നോക്കിയിരുന്ന് ചവയ്ക്കാതെ ഭക്ഷണം വിഴുങ്ങുന്നവർക്ക് ഭക്ഷണത്തിന്റെ രുചിയോ, മതിയായെന്ന തോന്നലോ, സന്തോഷമോ, പ്രയോജനമോ ലഭിക്കണമെന്നില്ല.
ഭക്ഷണത്തിലേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ, എന്തൊക്കെ ഭക്ഷണങ്ങൾ കൂട്ടിച്ചേർത്ത് കഴിച്ചാലാണ് കൂടുതൽ ഇഷ്ടമാകുന്നതെന്ന് തിരിച്ചറിയാതെ, വിവിധ രുചികൾ ഒന്ന് പരീക്ഷിക്കാൻ പോലും തയ്യാറാകാതെ, എത്ര അളവിൽ കഴിച്ചു എന്ന് പോലും തിരിച്ചറിയാതെ ബുളീമിയ, പൊണ്ണത്തടി, അതിയായ മെലിച്ചിൽ, മറ്റ് മെറ്റബോളിക് രോഗങ്ങൾ എന്നിവയ്ക്ക് തല വച്ചു കൊടുക്കുന്നവരുണ്ട്. എന്തിനേറെ പറയുന്നു, ഭക്ഷണത്തിൽ അബദ്ധത്തിൽ കല്ലോ മുടിയോ കിടന്നാൽ പോലും ഇത്തരക്കാർ അറിയുന്നില്ലെന്നതാണ് വാസ്തവം.
രാവിലെ വെറുംവയറ്റിൽ ചായ, ബിസ്ക്കറ്റ് ,ബ്രെഡ് തുടങ്ങിയവ കഴിച്ച ചിലർക്ക് ബ്രേക്ക്ഫാസ്റ്റ് സമയമാകുമ്പോൾ വിശപ്പ് തോന്നണമെന്നില്ല.
കുട്ടികളെക്കുറിച്ച് രക്ഷകർത്താക്കൾക്കുള്ള പരാതികളിലധികവും ഇത്തരത്തിലുള്ളതാണ്. ഇതൊക്കെ കഴിച്ചവർക്ക് ഉടനെയൊന്നും വിശക്കേണ്ട കാര്യമില്ലെന്നതാണ് യാഥാർത്ഥ്യം. അഥവാ വിശപ്പില്ലാതെ തന്നെ വീണ്ടും വീണ്ടും കഴിച്ചാൽ അത് രോഗങ്ങൾ ഉണ്ടാക്കാനേ ഉപകരിക്കൂ.
എന്ത് കഴിച്ചലും സമയത്ത് അൽപ്പമെങ്കിലും ചോറു കൂടി കഴിച്ചാലേ ഉച്ചഭക്ഷണമാകു എന്ന് വിചാരിക്കുന്ന മലയാളികൾ ഒട്ടുംകുറവല്ല.
ഭക്ഷണകാര്യങ്ങളിലുണ്ടായ കുഴപ്പവും മരുന്നുകളുടെ അമിത ഉപയോഗവും കാരണമുണ്ടായ അസിഡിറ്റി കുറയ്ക്കുവാനായി മരുന്ന് കഴിക്കുന്നവരും എനിക്കിപ്പോൾ പഴയതുപോലെ ഭക്ഷണം വേണ്ടെന്ന് പരിഭവിക്കുന്ന വരാണ്. അസിഡിറ്റി കുറയ്ക്കാൻ കഴിക്കുന്ന മരുന്ന് വിശപ്പിനെയും കുറയ്ക്കുമെന്ന് മനസ്സിലാക്കുകയേ നിവൃത്തിയുള്ളൂ.
ചില വേദനസംഹാരികളും ആസ്പിരിൻ ടാബ്‌ലറ്റുകളും കഴിക്കുന്നവർക്ക് അമിതമായ വിശപ്പ് തോന്നിക്കും. അതുപോലെ, കൊളസ്ട്രോൾ രോഗമുള്ളവർക്കും കരൾ രോഗികൾക്കും എണ്ണയിൽ വറുത്തവയും എണ്ണക്കുരുക്കളും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും. വിശപ്പ് കുറയുകയും ഗ്യാസ് വർദ്ധിക്കുകയും ചെയ്യും.
ചുരുക്കിപ്പറഞ്ഞാൽ ആരോഗ്യാവസ്ഥ, രോഗാവസ്ഥ, പ്രായം, കാലാവസ്ഥ, ദിനരാത്രങ്ങൾ എന്നിവയ്ക്ക്അനുസരിച്ച് ഗുണദോഷങ്ങൾ തിരിച്ചറിഞ്ഞ് ഉപയോഗിച്ചാൽ ഭക്ഷണം തന്നെ ഔഷധമായി മാറും.