nss

തിരുവനന്തപുരം: സമദൂരവും ശരിദൂരവുമെല്ലാം മാറ്റിവച്ച് ശബരിമലയും ഭരണമാറ്റവും പറഞ്ഞ് വോട്ടെടുപ്പ് ദിനത്തിൽ വ്യക്തമായ രാഷ്ട്രീയ നിലപാടിലേക്ക് ചുവടുമാറിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കടന്നാക്രമിച്ച് സി.പി.എം നേതൃത്വം. സുകുമാരൻ നായർക്ക് പിന്തുണയും പ്രതിരോധവുമായി പിന്നാലെ കോൺഗ്രസ് നേതാക്കളും. ഇതോടെ, വോട്ടെടുപ്പിന് തൊട്ടുപിന്നാലെ എൻ.എസ്.എസ് നേതൃത്വം രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രബിന്ദുവായി.

സമദൂര നിലപാട് പ്രഖ്യാപിച്ച് നിൽക്കുന്ന സമുദായ സംഘടനയുടെ ജനറൽ സെക്രട്ടറി രാഷ്ട്രീയപക്ഷപാതിത്വം തുറന്നുപറഞ്ഞത് അണികളിൽ സൃഷ്ടിക്കാനിടയുള്ള ആശയക്കുഴപ്പം തിരിച്ചറിഞ്ഞാണ് ഇടതുനീക്കം. വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവർ എൻ.എസ്.എസിനകത്തുണ്ട്. അതിന്റെ ജനറൽസെക്രട്ടറി ഏതെങ്കിലുമൊരു മുന്നണിക്കായി പരസ്യമായി രംഗത്തിറങ്ങുന്നത് വിശാലമായ സമുദായതാല്പര്യത്തിന് വിരുദ്ധമാണെന്നാണ് വാദം.

സുകുമാരൻ നായരുടെ നിലപാടിനെതിരെ മന്ത്രി എ.കെ. ബാലനും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവനും രംഗത്തെത്തിയത് എൻ.എസ്.എസിനകത്ത് ഉയരാനിടയുള്ള ഭിന്നവികാരം തിരിച്ചറിഞ്ഞാണ്. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇടത് അനുഭാവികളും ശക്തമായ വിമർശനമുയർത്തി.

വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽപ്പെട്ടവർ സംഘടനയിലുള്ളതിനാലാണ് സമദൂരനിലപാട് ഇതുവരെ നേതൃത്വം സ്വീകരിച്ചുവന്നത്. സംഘടനയെ ശക്തമായി നയിച്ചിരുന്ന കിടങ്ങൂർ മുമ്പ് ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രതിനിധിയായതോടെ, ശക്തി ചോർന്ന് ഒന്നുമല്ലാതായ ചരിത്രമുണ്ട്. സംഘടന രാഷ്ട്രീയ ഇടപെടൽ നടത്തുന്നത് ഗുണകരമാവില്ലെന്ന് എൻ.ഡി.പി എന്ന പാർട്ടിയെ പിരിച്ചുവിട്ട് പി.കെ. നാരായണപ്പണിക്കർ നേരത്തേ വ്യക്തമാക്കിയതുമാണ്. അത് മറികടന്നുള്ള ചുവടുമാറ്റമാണിപ്പോഴെന്നാണ് ഇടത് സഹയാത്രികർ വാദിക്കുന്നത്. സാമ്പത്തിക സംവരണം കോൺഗ്രസ് പറഞ്ഞുനടക്കാറുണ്ടെങ്കിലും അത് സംസ്ഥാനത്ത് നടപ്പാക്കിയത് ഇടതു സർക്കാരാണെന്നത് മറന്ന് വ്യക്തിതാല്പര്യത്തിനായി ഇടതുപക്ഷത്തെ തള്ളിപ്പറയുന്നുവെന്നും ആരോപണമുണ്ട്.

ഇടതുനീക്കം തിരിച്ചറിഞ്ഞുള്ള പ്രത്യാക്രമണമാണ് ഇന്നലെ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായത്. എൻ.എസ്.എസ് ജനറൽസെക്രട്ടറിയെ ആക്രമിക്കുന്നത് സമുദായത്തിനെതിരായ ആക്രമണമാക്കി ചിത്രീകരിച്ചുള്ള പ്രതിരോധമാണ് ആസൂത്രണം ചെയ്യുന്നത്. ശബരിമല പോലൊരു വിഷയം ചൂണ്ടിക്കാട്ടിയതിന് എൻ.എസ്.എസ് ജനറൽസെക്രട്ടറിക്കെതിരെ വാളോങ്ങുന്നവരെ സമുദായം ഒന്നായിനിന്ന് ചെറുക്കുമെന്ന് കോൺഗ്രസ് ക്യാമ്പുകൾ വിലയിരുത്തുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സുകുമാരൻ നായരെ ശക്തമായി പിന്തുണച്ചത് ഇതിന്റെ ഭാഗമാണ്.