
കോവളം: പ്രളയ ദുരിതം മറികടക്കുന്നതിനിടെയെത്തിയ കൊവിഡിന്റെ ആഘാതത്തിൽ നിന്ന് കരകയറാതെ കോവളം തീരം. കോവളം ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി പേരാണ് ഇതോടെ ദുരിതത്തിലായത്. ടൂറിസം മേഖലയിലെ കർശന മാർഗനിർദ്ദേശങ്ങൾ കാരണം ആഭ്യന്തര സഞ്ചാരികൾ പോലും എത്താതെ കോവളം തീരം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കൊവിഡിന് മുമ്പ് മാർച്ച് മാസത്തിന്റെ അവസാനം ദിനംപ്രതി ആയിരക്കണക്കിന് ആഭ്യന്തര സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. സഞ്ചാരികൾ ഇല്ലാത്തതുകാരണം ബീച്ചിലെ ശുചീകരണത്തൊഴിലാളികൾ മുതൽ ഫൈവ് സ്റ്റാർ ഫെസിലിറ്റിയുള്ള ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർവരെ കഷ്ടപ്പെടുകയാണ്.
ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമുണ്ടായിരുന്ന കടകൾ ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. റസ്റ്റോറന്റുകളുടെയും അവസ്ഥ ഇതുതന്നെയാണ്. ഞായറാഴ്ചയും അവധി ദിവസങ്ങളിലുമാണ് ജില്ലയുടെ പല ഭാഗങ്ങളിലുമുള്ളവർ ഇപ്പോൾ കോവളം ബീച്ചിലെത്തുന്നത്. സഞ്ചാരികളെ ആകർഷിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
കോവളത്ത് പ്രവർത്തിക്കുന്നത് - 165 ഹോട്ടലുകൾ
തൊഴിൽ ചെയ്യുന്നത് 10,000 പേർ
മുന്നേറ്റം പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് തിരിച്ചടി
രണ്ടു പ്രളയം സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖല കരകയറിയിരുന്നു. ആഗോള തലത്തിൽ അടുത്തവർഷം ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ആഗ്രഹിക്കുന്ന 20 സ്ഥലങ്ങളിൽ കേരളവും ഉൾപ്പെട്ടപ്പോൾ കോവളത്തിനും പ്രതീക്ഷയായിരുന്നു. ഇതിൽ 95 ശതമാനം പേരാണ് അടുത്തവർഷം കോവളത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ താത്പര്യപ്പെട്ടിരുന്നത്. ഓൺലൈൻ ബുക്കിംഗ് അടിസ്ഥാനമാക്കിയാണ് ഈ കണക്ക്.
പ്രതിസന്ധിയിലായവർ
അന്യസംസ്ഥാനക്കാരായ കച്ചവടക്കാർ
കോവളത്ത് ഹോട്ടൽ നടത്തുന്നവർ
ചെറുകിട കച്ചവടം നടത്തുന്നവർ
ഹോട്ടലുകളിലുള്ള തൊഴിലാളികൾ
കെട്ടിടം വാടകയ്‌ക്ക് നൽകിയവർ
കേരളത്തിലെത്തിയ സഞ്ചാരികൾ
2019ൽ 1.96 കോടി
2018ൽ 1.67 കോടി