polling

കാസർകോട്: കാസർകോട് അസംബ്ലി മണ്ഡലത്തിലുണ്ടായ പോളിംഗ് ശതമാനത്തിലെ വൻ ഇടിവ് യു.ഡി.എഫിന് ആശങ്കയും എൻ.ഡി.എയ്ക്ക് പ്രതീക്ഷയും നൽകുന്നു. കാസർകോട് ജില്ലയിൽ 74.91 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ മണ്ഡലത്തിൽ അത് 70.87 ശതമാനം മാത്രമാണ്. 2016 ലെ തിരഞ്ഞെടുപ്പിൽ 76.58 ശതമാനമാണ് കാസർകോട് മണ്ഡലത്തിൽ പോളിംഗ് നടന്നത്. 2011ൽ 73.47 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇത്തവണ ആകെയുള്ള 2,01,812 വോട്ടർമാരിൽ 1,43,041 പേർ വോട്ട് ചെയ്തു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 5.71 ശതമാനത്തോളം വോട്ടിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 11,000 വോട്ടിന്റെ കുറവ് സംഭവിച്ചു. ഈ കണക്കുകളാണ് യു.ഡി.എഫിനെ ആശങ്കയിലാഴ്ത്തുന്നത്. 2011 ൽ 9738 വോട്ടിന്റെയും 2016 ൽ 8607 വോട്ടിന്റെയും ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർഥി എൻ.എ. നെല്ലിക്കുന്നിന് ലഭിച്ചത്. പോളിംഗ് ശതമാനത്തിലുണ്ടായ ഈ കുറവ് എങ്ങനെ ബാധിക്കുമെന്നത് മുന്നണികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. തങ്ങൾക്ക് ശക്തിയുള്ള മേഖലകളിൽ വോട്ടുകൾ എല്ലാം പോൾ ചെയ്യപ്പെട്ടുവെന്ന് ഉറപ്പ് പറയുന്നുണ്ട് മുന്നണി നേതാക്കൾ. പക്ഷെ ശക്തമായ ത്രികോണ മത്സരം നടന്നിട്ടും കഴിഞ്ഞ തവണത്തെ വോട്ടിനൊപ്പം പോലും എത്താനാവാത്തതിന്റെ കാരണം അന്വേഷിക്കുകയാണ് നേതാക്കൾ.

എൻ.എ. നെല്ലിക്കുന്നിന്റെ മൂന്നാം ഊഴമായിരുന്നു ഇത്. ഇത്തവണ നെല്ലിക്കുന്നിന് പകരം നഗരസഭാ മുൻ ചെയർമാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ടി.ഇ. അബ്ദുല്ലയുടെ പേരാണ് സജീവമായി പരിഗണയിൽ ഉണ്ടായിരുന്നതെങ്കിലും അവസാന നിമിഷത്തിൽ എൻ.എയ്ക്ക് തന്നെ അവസരം നൽകുകയായിരുന്നു. സ്ഥാനാർഥിത്വം സംബന്ധിച്ച് നേതാക്കൾക്കിടയിൽ ഭിന്നതകൾ ഉണ്ടായിരുന്നില്ലെങ്കിലും പ്രവർത്തകർ മറ്റൊരു സ്ഥാനാർത്ഥിയെ ആഗ്രഹിച്ചിരുന്നു. ടി.ഇ. അബ്ദുല്ലയെ സ്ഥാനാർത്ഥിയാക്കാതിരുന്നത് എൻ.എയുടെ പെട്ടിയിൽ വീഴുന്ന വോട്ടുകളുടെ എണ്ണം കുറച്ചിട്ടണ്ടോ എന്നും ലീഗിന് ആശങ്കയുണ്ട്. മൂന്നാം തവണയും എൻ.എ. നെല്ലിക്കുന്നിനെ സ്ഥാനാർത്ഥിയാക്കിയതിൽ മുസ്ലിംലീഗിലെ കോൺഗ്രസിലും വലിയ അമർഷം ഉണ്ടായിരുന്നു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഉടനെ ഡി.സി.സി. ജനറൽ സെക്രട്ടറി കരുൺ താപ്പ മണ്ഡലം കൺവീനർ രാജിവച്ചു വെടിപൊട്ടിച്ചിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി കാസർകോട് മണ്ഡലത്തിൽ കന്നിയങ്കം കുറിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് നാല് പതിറ്റാണ്ടുകാലത്തെ മണ്ഡലത്തിന്റെ വികസന പിന്നാക്കാവസ്ഥ ചൂണ്ടികാട്ടി പ്രത്യേകം വികസന മാസ്റ്റർ പ്ലാനുമായി ശക്തമായ പ്രചാരണമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിൽ സുപരിചിതൻ ആയതിനാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പെട്ടിയിൽ വീഴേണ്ടിയിരുന്ന ന്യൂനപക്ഷ വിഭാഗത്തിന്റെ കുറെയേറെ വോട്ടുകൾ ശ്രീകാന്തിന്റെ പെട്ടിയിൽ വീണതായി കരുതുന്നുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും ന്യൂനപക്ഷ വിഭാഗത്തിലെ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചപ്പോൾ ഇരുമുന്നണികളിലുമുള്ള ഭൂരിപക്ഷ സമുദായക്കാരെ പ്രചാരണത്തിലൂടെ സ്വാധീനിക്കാൻ ശ്രീകാന്തിന് സാധിച്ചതായി വിലയിരുത്തപ്പെടുന്നു. എൽ.ഡി.എഫ് സ്ഥാനാർഥിയായ എം.എ ലത്വീഫും പതിവില്ലാത്ത പ്രചാരണമാണ് നടത്തിയത്. ഇടതുപക്ഷത്തിന്റെ മുഴുവൻ സ്വാധീന വോട്ടുകളും എം.എ. ലത്വീഫ് പിടിച്ചാൽ യു.ഡി.എഫിനായിരിക്കും അത് ക്ഷീണമുണ്ടാക്കുക. പ്രവചനം അസാദ്ധ്യമായ ത്രികോണ പോരിന് സാക്ഷ്യം വഹിച്ച മണ്ഡലത്തിൽ കൂട്ടലും കിഴിക്കലും തുടങ്ങിയ മുന്നണികളിൽ ആര് വാഴും ആരൊക്കെ വീഴുമെന്ന് കാണാൻ മെയ് രണ്ടുവരെ കാത്തിരിക്കേണ്ടിവരും.