തിരുവനന്തപുരം: കരമന കിള്ളിപ്പാലത്തെ അപ്പാർട്ട്മെന്റിലെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെ റിമാൻഡ് ചെയ്‌തു. ആറ്റുകാൽ പുത്തൻകോട്ട ദേവീനഗർ സ്വദേശി നവീൻ സുരേഷ് (28), കാട്ടാക്കട അരുവിപ്പാറ സ്വദേശി ചിക്കു (സുജിത്ത്, 27), നെടുമങ്ങാട് കരിപ്പൂര് വലിയവിള സ്വദേശി ഷീബ (37) എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്. ഏപ്രിൽ നാലിന് രാവിലെയാണ് വലിയശാല സ്വദേശി വൈശാഖിനെ (34) കുത്തേറ്റ് മരിച്ച നിലയിൽ അപ്പാർട്ട്മെന്റിൽ കണ്ടെത്തിയത്. ഇയാൾ പെൺവാണിഭ സംഘങ്ങൾക്ക് ആവശ്യക്കാരെ എത്തിക്കുന്ന ഏജന്റായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെബ്സൈറ്റുകളിൽ പരസ്യം നൽകിയായിരുന്നു ഇയാൾ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.
കിള്ളിപ്പാലത്തെ അപ്പാർട്ട്മെന്റിൽ പെൺവാണിഭം നടക്കുന്നു എന്നറിഞ്ഞ വൈശാഖ് തനിക്ക് ലാഭം കിട്ടില്ലെന്ന് മനസിലാക്കിയതോടെ വിവരം പൊലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇൗ സമയം അപ്പാർട്ട്മെന്റിലുണ്ടായിരുന്ന സുജിതും ഷീബയും ചേർന്ന് സമീപത്തെ മുറിയിൽ താമസിച്ചിരുന്ന സുജിത്തിന്റെ സുഹൃത്തും ഏജന്റുമായ നവീനെ വിളിച്ചുവരുത്തി. കത്തിയുമായെത്തിയ നവീൻ വൈശാഖിനോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു. ഇതിൽ വഴങ്ങാതായതോടെ നവീനും വൈശാഖും സുജിതുമായി പിടിവലിയായി. ഇതിനിടെ വൈശാഖിന് രണ്ടുതവണ കുത്തേറ്റു. കൂടാതെ നിരവധി മുറിവുകളും പിടിവലിക്കിടെ വൈശാഖിനുണ്ടായി. വൈശാഖ് രക്തം വാർന്ന് വീണതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. രക്തം വാർന്നാണ് വൈശാഖ് മരിച്ചതെന്ന് കരമന പൊലീസ് പറഞ്ഞു. പ്രതികൾ പലസ്ഥലങ്ങളിൽ അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്ത് പെൺവാണിഭം നടത്തുകയായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് കരമനയിൽ എത്തിയത്. സി.ഐ പ്രശാന്ത്കുമാർ, എസ്.ഐ പ്രതീഷ്, ഗ്രേഡ് എസ്.ഐ അശോക്‌കുമാർ, എസ്.സി.പി.ഒമാരായ പ്രജീഷ്, സജി, വനിത സി.പി.ഒമാരായ മിനിമോൾ, റിനി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.