politics
p

₹ത്രികോണപ്പോരിന്റെ ചൂട് വോട്ടെടുപ്പിൽ പ്രതിഫലിക്കാത്തത് മുന്നണികളെ കുഴയ്ക്കുന്നു

തിരുവനന്തപുരം: കൂട്ടിയും കിഴിച്ചും വിജയപ്രതീക്ഷകൾ ഉറപ്പിക്കുമ്പോഴും, പ്രചാരണവേളയിൽ ദൃശ്യമായ ശക്തമായ ത്രികോണപ്പോരിന്റെ വീറ് വോട്ടെടുപ്പിൽ പ്രതിഫലിക്കാത്തതിന്റെ പിടികിട്ടായ്‌കയിൽ മുന്നണികൾ. അടിയൊഴുക്കുകളെക്കുറിച്ച് ആശങ്കയേറുന്നതും അതുകൊണ്ടുതന്നെ. പോളിംഗ് ശതമാനം കരുതിയതു പോലെ കാര്യമായി ഉയർന്നില്ലെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിൽ താരതമ്യേന മെച്ചപ്പെട്ട പോളിംഗാണ് ഇതെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ.

ബൂത്ത്തലം വരെയുള്ള കണക്കുകൾ ശേഖരിച്ചുള്ള വിശകലനങ്ങളാണ് നടക്കുന്നത്. വിശദ ചർച്ചകളിലേക്ക് വിഷു അവധിക്കു ശേഷമാകും കടക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ ഫലം അധികാര നിർണയത്തെ സ്വാധീനിക്കുമെന്നതിനാൽ ഇടത്, വലത് മുന്നണികൾക്ക് ഒരുപോലെ നിർണായകം. കഴിഞ്ഞ തവണ യു.ഡി.എഫിനെ തകർത്തത് ഈ ജില്ലകളാണ്...

90ന് മുകളിലെന്ന്

എൽ.ഡി.എഫ്

85 മുതൽ 90നു മുകളിലേക്കാവും ഇടതുമുന്നണിയുടെ സീറ്റ് നിലയെന്നാണ് സി.പി.എമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. സിറ്റിംഗ് സീറ്റുകൾ ഭൂരിഭാഗവും നിലനിറുത്തും. ചിലത് കൈവിടുമെങ്കിലും, മറ്റു ചിലത് പിടിച്ചെടുക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ടാവില്ല. തിരുവനന്തപുരത്ത് കഴിഞ്ഞ തവണത്തേതിലും മികച്ച ഫലമാകുമെന്ന് കണക്കുകൂട്ടുന്ന സി.പി.എം, 14ൽ 12ഉം ഉറപ്പായും പോരുമെന്നാണ് അവകാശപ്പെടുന്നത്. നേമത്ത് ബി.ജെ.പിയെ തോല്പിക്കും. അവിടെ കോൺഗ്രസിലെ കെ. മുരളീധരൻ മൂന്നാമതാകും. കൊല്ലത്തും ആലപ്പുഴയിലും സ്റ്റാറ്റസ്കോ നിലനിറുത്തും. കോട്ടയത്തും ഇടുക്കിയിലും കേരള കോൺഗ്രസ്-എമ്മിന്റെ സ്വാധീനം ഗുണമാകും. മലബാറിൽ ശക്തി തുടരും. പൗരത്വവിഷയത്തിൽ ന്യൂനപക്ഷ വികാരം അനുകൂലമാകുമെന്നും പ്രതീക്ഷിക്കുന്നു.

75 - 85 വരെയെന്ന്

യു.ഡി.എഫ്

ഇടതു മുന്നണിയുടെ സിറ്റിംഗ് സീറ്റുകളിലേറെയും തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. നിർണായകമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ശക്തമായി തിരിച്ചുവരും. നേമം കെ.മുരളീധരൻ പിടിക്കും. തിരുവനന്തപുരത്ത് 6- 7, കൊല്ലത്ത് 5- 6, ആലപ്പുഴയിൽ 3- 4, പത്തനംതിട്ടയിൽ 3- 4, തൃശൂരിൽ 5- 6 എന്നിങ്ങനെ മുന്നേറും. മലപ്പുറത്ത് ലീഗ് മുന്നേറ്റം തുടരും. കോഴിക്കോട്ട് അപ്രതീക്ഷിത മുന്നേറ്റമുണ്ടാകും. കോൺഗ്രസിന്റെ തിരിച്ചുവരവാഗ്രഹിക്കുന്ന മതന്യൂനപക്ഷങ്ങൾ തുണയ്ക്കും. രാഹുൽ, പ്രിയങ്ക പ്രചാരണ ആവേശവും തുണയ്ക്കും.

ഏഴ് വരെ കിട്ടാമെന്ന്

എൻ.ഡി.എ

നേമം അടക്കം ഏഴു സീറ്റിലാണ് എൻ.ഡി.എ പ്രതീക്ഷ. വട്ടിയൂർക്കാവിൽ നിശ്ശബ്ദതരംഗം അനുകൂലമാവും. ഇടതു മുന്നണിയുമായി തുല്യനിലയ്ക്കായിട്ടുണ്ട് പോരാട്ടം. കഴക്കൂട്ടത്തും അട്ടിമറിപ്രതീക്ഷ. മഞ്ചേശ്വരവും കോന്നിയും മലമ്പുഴയും തൃശൂരും ശക്തമായ മുന്നേറ്റത്തിലൂടെ പിടിച്ചെടുക്കാനാകും. മതന്യൂനപക്ഷങ്ങൾ കാര്യമായി എതിരാവില്ല. ക്രിസ്ത്യൻ സമൂഹത്തിൽ അനുകൂല ചലനമുണ്ട്.