പോത്തൻകോട്: വോട്ടെടുപ്പിനോടനുബന്ധിച്ച് അക്രമസംഭവങ്ങൾ നടന്ന കാട്ടായിക്കോണത്തും പരിസര പ്രദേശങ്ങളിലും സ്ഥിതി ശാന്തം. പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ പോത്തൻകോട് പൊലീസ് സ്റ്റേഷൻ മാർച്ചിന് സി.പി.എം ആഹ്വാനം ചെയ്‌തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പൊലീസ് അനുമതി നിഷേധിച്ചതോടെ ഉപേക്ഷിക്കുകയായിരുന്നു. കാട്ടായിക്കോണത്തെ പൊലീസ് നടപടിയിൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അഞ്ച് സി.പി.എം പ്രവർത്തകരിൽ നാല് പേരെ ഇന്നലെ വിട്ടയച്ചു. ഡി.വൈ.എഫ്.ഐ ഏരിയാ പ്രസിഡന്റ് സുർജിത്തിനെ റിമാൻഡ് ചെയ്‌തു. സംഭവദിവസം രാവിലെ ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റുചെയ്‌തത്. എന്നാൽ പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ സുർജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവദിവസം കാർ അടിച്ചുതകർത്ത കേസിൽ എട്ട് സി.പി.എം പ്രവർത്തകരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. സി.പി.എം പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെയും കേസെടുത്തു. സംഘർഷമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിനെ തുടർന്ന് സ്ഥലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയതായി പോത്തൻകോട് പൊലീസ് അറിയിച്ചു. ഇന്നലെ കാട്ടായിക്കോണത്തും പരിസരങ്ങളിലും പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടകൾ അടച്ചിരുന്നു. ഇന്നലെ കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യാ രാജേന്ദ്രൻ, കൗൺസിലർമാർ, ഏരിയാ സെക്രട്ടറി ശ്രീകാര്യം അനിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.