വേനൽക്കാലം മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും വെല്ലുവിളി ഘട്ടമാണ്. മൃഗങ്ങളെ ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. അത്തരത്തിൽ കടുവകൾക്കായി സംരക്ഷണം തീർത്ത് ശ്രദ്ധനേടുകയാണ് തായ്‌ലൻഡിലെ ഒരു മൃഗശാല.
ശീതീകരിച്ച ചിക്കൻ പോപ്പ്സിക്കിൾസാണ് (ഐസ് പോപ്പ്) കൂളാവാൻ കടുവകൾക്ക് ഇവിടെ നൽകുന്നത്. ക്രീമിന് മുകളിൽ ചോക്ലേറ്റ് കൊണ്ട് മൂടിയ ചോക്കോബാർ പോലെ കോഴിയിറച്ചിയെ ഐസ് കൊണ്ട് പൊതിഞ്ഞ് നൽകുന്ന രീതിയാണിത്.
ബാങ്കോക്കിൽ നിന്ന് വടക്ക് 435 മൈൽ സ്ഥിതി ചെയ്യുന്ന ചിയാംഗ് മേ നഗരത്തിലെ ടൈഗർ കിംഗ്ഡം സൂവിലെ ഏകദേശം 50 ഓളം കടുവകൾക്കാണ് വേനലിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളുമായി അധികൃതർ രംഗത്തെത്തിയത്. സാധാരണ പകൽ സമയങ്ങളിൽ എവിടെയെങ്കിലും കിടന്ന് തങ്ങളുടെ ഊർജ്ജം നഷ്ടപ്പെടുത്താതിരിക്കുന്നത് കടുവകളുടെ പൊതു സ്വഭാവമാണെന്ന് മൃഗശാല ജീവനക്കാർ പറയുന്നു.
എന്നാൽ, ചൂടു കൂടുന്നതോടെ നായയെയും പൂച്ചയെയും മറ്റും പോലെ കടുവകളും അസ്വസ്ഥതകൾ പ്രകടമാക്കുകയും കിതയ്ക്കുകയും ചെയ്യും. ഇതിനെ മറികടക്കാൻ തണുത്ത വെള്ളം നിറച്ച പൂളുകളും മൃഗശാലയിൽ സജ്ജമാക്കിയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെയാണ് തായ്‌ലൻഡിൽ വേനൽക്കാലം ആരംഭിക്കുന്നത്. ഈ സമയം 35 ഡിഗ്രി സെൽഷ്യസ് വരെ താപനില സാധാരണ ഉയരുന്നു.