ed

കുട്ടികളുടെ പരീക്ഷാ കാലമാണിത്. തിരഞ്ഞെടുപ്പ് കാരണം മാറ്റിവച്ച എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ കേരളത്തിൽ ഇന്നലെ തുടങ്ങി. രണ്ടിലുമായി എട്ടര ലക്ഷത്തിലേറെ കുട്ടികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാകാലം പരീക്ഷാ പേടിയുടെ കാലം കൂടിയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികളിൽ പരീക്ഷാപ്പേടി മാറ്റുന്നതിനായുള്ള 'പരീക്ഷ പേ" ചർച്ചയിൽ സംസാരിച്ചിരുന്നു. വീഡിയോ കോൺഫറൻസ് വഴിയുള്ള ചർച്ചയിൽ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. വിദ്യാർത്ഥികൾക്ക് പുറമെ അദ്ധ്യാപകരും രക്ഷിതാക്കളും ചർച്ചയുടെ ഭാഗമായി. വിദ്യാർത്ഥികൾ സ്വപ്നജീവികളാവരുതെന്നും ജീവിത യാഥാർത്ഥ്യങ്ങൾ അറിഞ്ഞ് വളരണമെന്നുമാണ് പ്രധാനമന്ത്രി പ്രധാനമായും ഉപദേശിച്ചത്.

''സ്വപ്നം കാണുന്നത് നല്ലതാണ്. പക്ഷേ അതിൽ ജീവിക്കുന്നത് നല്ലതല്ല. ലോകം വളരെ വലുതാണ്. യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് ലക്ഷ്യങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്. ചുറ്റുമുള്ള അവസരങ്ങൾ ശ്രദ്ധിക്കുക. പരീക്ഷകൾ ജീവിതത്തിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന അവസരങ്ങളാണ്."

ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാതെ ആവർത്തിച്ച് പഠിച്ച് അത് ഹൃദിസ്ഥമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു. പ്രയാസമേറിയ വിഷയങ്ങളെ താൻ സമീപിക്കുന്നത് ഇങ്ങനെയാണെന്ന് സ്വന്തം ജീവിതത്തിലെ അനുഭവങ്ങൾ ഉദാഹരിച്ചുകൊണ്ട് പ്രധാനമന്ത്രി വിശദീകരിച്ചു. ഇപ്പോഴും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ താൻ പഠിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്നത് പ്രഭാതവേളകളിലാണെന്നും കട്ടികുറഞ്ഞ വിഷയങ്ങൾ സായം കാലത്തേക്ക് മാറ്റുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. പഴയ കാലത്ത് സൂര്യനുദിക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ എഴുന്നേറ്റ് പഠിക്കുമായിരുന്നു. അല്ലെങ്കിൽ വീട്ടിലെ മുതിർന്നവർ അവരെ അതിന് നിർബന്ധിക്കുമായിരുന്നു. ആ ശീലം സോഷ്യൽ മാദ്ധ്യമങ്ങൾ വർദ്ധിച്ചിരിക്കുന്ന ഇക്കാലത്ത് കുറഞ്ഞുവരികയാണ്. രാത്രിയിൽ ഉറക്കം കളഞ്ഞിരുന്ന് മൊബൈലും മറ്റും നോക്കുന്ന ശീലത്തിന് വിദ്യാർത്ഥികൾ തന്നെ ഒരു പരിധി നിശ്ചയിക്കേണ്ടതാണ്. തെളിമയുള്ള മനസും ശരീരവും നിലനിറുത്താൻ രാത്രിയിലെ നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്. വിദ്യാർത്ഥികളിൽ മാനസിക പിരിമുറുക്കം കൂടുന്നതിന്റെ ഒരു പ്രധാന കാരണം രാത്രിയെ പകലാക്കി മാറ്റാനുള്ള പ്രവണതയാണ്.

രക്ഷിതാക്കൾക്കും മോദി വേണ്ട ഉപദേശം നൽകി. അതിന് മുമ്പ് തന്നെ രക്ഷിതാക്കളുടെ ഉദ്ദേശ്യശുദ്ധിയെ കുട്ടികൾ ചോദ്യം ചെയ്യാനോ സംശയിക്കാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം ഓരോ രക്ഷിതാവും തന്റെ കുട്ടികളുടെ നന്മയും വളർച്ചയും ഉയർച്ചയും മാത്രമാണ് ആഗ്രഹിക്കുന്നത്. അതേസമയം 24 മണിക്കൂറും പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കാൻ രക്ഷിതാക്കൾ നിർബന്ധിക്കരുത്. കായികമായ ഇനങ്ങളിൽ സമയം ചെലവഴിക്കുന്നതിന് അനുവദിക്കണം. രക്ഷിതാക്കളുടെ അനാവശ്യ നിർബന്ധങ്ങൾ വിദ്യാർത്ഥികളിൽ വിപരീത ബുദ്ധി വളരാൻ ഇടയാക്കും. അതുപോലെ തന്നെ തങ്ങൾക്ക് നേടാൻ കഴിയാത്ത സ്വപ്നങ്ങൾ മക്കളിലൂടെ നേടാൻ ശ്രമിക്കുന്നതും നല്ലതല്ല.

ആധുനിക സാങ്കേതികവിദ്യയുടെ ഇക്കാലത്ത് അദ്ധ്യാപകരുടെ പ്രാധാന്യം വിദ്യാർത്ഥിയുടെ ജീവിതത്തിൽ കുറഞ്ഞുവരികയാണ്. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. സംശയങ്ങൾ തീർത്ത് നൽകുന്നതിനൊപ്പം വഴികാട്ടിയാവാനും അദ്ധ്യാപകർക്ക് കഴിയണം. അതിന് വിദ്യാർത്ഥികൾ അദ്ധ്യാപകരെ ആശ്രയിക്കുകയും വേണം.

പരീക്ഷയിൽ ഉന്നത വിജയം നേടുന്നവരെല്ലാം ജീവിതത്തിൽ വിജയിക്കണമെന്നില്ല. ഓരോ വിദ്യാർത്ഥിക്കും അവരവരുടേതായ പ്രത്യേക കഴിവുകൾ ഉണ്ടായിരിക്കും. അത് കണ്ടെത്തി അതിലൂടെ സഞ്ചരിക്കുമ്പോഴാണ് ജീവിതത്തിലും സമൂഹത്തിലും അവർ വിജയം കണ്ടെത്തുന്നത്. അതിന് വിദ്യാലയ കാലയളവിൽ തന്നെ ത്യാഗത്തിന്റെയും അനുകമ്പയുടെയും ശീലങ്ങളും അവരെ പഠിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.