ഒരു ഇടവേളയ്ക്ക് ശേഷം വിനീത് കുമാർ വീണ്ടും നായകനായി വേഷമിടുന്ന 'സൈമൺ ഡാനിയൽ' എന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. മലയാള സിനിമയിൽ പൂച്ചക്കണ്ണിലൂടെ ആരാധകവൃന്തം തീർത്ത വിനീതിന്റെ ലുക്ക് തന്നെയാണ് പോസ്റ്ററിലെ ആകർഷക ഘടകം. തീർത്തും പുതിയ സ്റ്റൈലിഷ് ലുക്കിലാണ് സാജൻ ആന്റണി സംവിധാനം ചെയ്യുന്ന 'സൈമൺ ഡാനിയൽ' എന്ന ചിത്രത്തിൽ വിനീത് വേഷമിടുന്നത്. വിനീത് കുമാറിന്റെ ആദ്യ സംവിധാന ചിത്രമായ 'അയാൾ ഞാനല്ല' എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നടി ദിവ്യ പിള്ളയാണ് 'സൈമൺ ഡാനിയലിലെ നായികയായി എത്തുന്നത്. സംവിധായകൻ സാജൻ ആന്റണി തന്നെയാണ് സൈമൺ ഡാനിയലിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രാകേഷ് കുര്യാക്കോസ് രചന നിർവഹിച്ചിരിക്കുന്ന സൈമൺ ഡാനിയൽ ഒരു സ്റ്റൈലിഷ് ത്രില്ലർ ജേണർ എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. മൈഗ്രസ് പ്രൊഡക്ഷന്റെ ബാനറിൽ രാകേഷ് കുര്യാക്കോസ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. നായകൻ വിനീത് കുമാർ തന്നെയാണ് ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. വരുൺ കൃഷ്ണയാണ് സംഗീത സംവിധാനം.