mother

ജനിതക വൈകല്യം കാരണം വനിതകളുടെ പ്രത്യുൽപാദന ക്ഷമതയെ ഗുരുതരമായി ബാധിക്കുന്നരോഗമാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം അഥവാ പി.സി.ഒ.എസ്. അതിനാൽ ഈ രോഗത്തിനെതിരെ അധിക ശ്രദ്ധ ആവശ്യമാണ്.

വളരെ ചെറുപ്പത്തിൽ തന്നെ പ്രായപൂർത്തിയാവുക, ജീവിതശൈലിയിലെ പ്രശ്നങ്ങൾ, പരിസരമലിനീകരണം, ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി എന്നിവയൊക്കെയാണ് ഈ രോഗത്തിന്റെ പ്രധാന കാരണമെന്ന് അനുമാനിക്കുന്നു. എന്നാൽ, കൃത്യമായ കാരണം വ്യക്തമല്ല.

അതുകൊണ്ട് തന്നെ പെൺകുട്ടികളുടെ വിവാഹത്തിന് മുമ്പ് രക്ഷിതാക്കളും വിവാഹശേഷം സ്വയമേവയും ചികിത്സയിൽ കാണിക്കുന്ന പ്രത്യേക താൽപര്യം വർദ്ധിച്ചുവരുന്നുണ്ട്.

ആർത്തവ തകരാറുകൾ, താടിയും മീശരോമങ്ങളും വളരുക, അമിതവണ്ണം, അൾട്രാസൗണ്ട് പരിശോധന നടത്തിയാൽ കാണുന്ന അണ്ഡാശയ മുഴകൾ തുടങ്ങിയവ കാണുമ്പോൾ തന്നെ ആയുർവേദ ചികിത്സ തേടി എത്തുന്നവർ ധാരാളമാണ്. 14 നും 30 വയസിനും ഇടയിലുള്ള സ്ത്രീകളാണ് ചികിത്സതേടി എത്തുന്നവരിൽ അധികവും. പ്രത്യുൽപാദന കാലയളവിലുള്ള 10 ശതമാനം സ്ത്രീകളിലെങ്കിലും ഈ രോഗമുള്ളതായി രേഖകൾ സൂചിപ്പിക്കുന്നു.

കുട്ടികളുണ്ടാകാൻ ബുദ്ധിമുട്ടുണ്ടാകുമോ എന്ന ആശങ്കയും രണ്ടാമതൊരു കുട്ടി കൂടി ഉണ്ടാകുന്നതിലെ കാലതാമസവും പെട്ടെന്നുണ്ടാകുന്ന വണ്ണവും അനുബന്ധപ്രശ്നങ്ങളുമാണ് ചികിത്സ തേടാൻ രോഗികളെ പ്രേരിപ്പിക്കുന്നത്.

എൻഡോമെട്രിയത്തിന്റെ കട്ടി കൂടുക, ഈസ്ട്രജൻ എന്ന ഹോർമോൺ വർദ്ധിക്കുക, ആർത്തവം തടസ്സപ്പെടുക, സ്തനങ്ങളിൽ സ്രാവം കാണുക, അമിതവണ്ണമുണ്ടായി രക്തത്തിൽ ഷുഗറിന്റെ അളവ് കൂടുക, ഇൻസുലിൻ കൊണ്ട് ഷുഗർ നിയന്ത്രിക്കാൻ കഴിയാതാകുക , പ്രൊലാക്ടിൻ എന്ന ഹോർമോൺ വർദ്ധിക്കുക, സ്ത്രീകളിൽ സ്വാഭാവികമായ രോമവളർച്ചയില്ലാത്ത മേൽച്ചുണ്ട്, താടി, വയർ, കഴുത്ത്, കൈ, തുട, മാറിടം, എന്നിവിടങ്ങളിലെ പ്രകടമായ രോമവളർച്ച എന്നിവയാണ് ശ്രദ്ധ നൽകേണ്ട രോഗലക്ഷണങ്ങൾ.

പി.സി.ഒ.എസ് കാരണം വന്ധ്യത, പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ തുടങ്ങിയവയും ഉണ്ടാകാനിടയുണ്ട്.

രോഗ നിയന്ത്രണത്തിനായി ശരീരഭാരം നിയന്ത്രിക്കുക, പ്രമേഹ നിയന്ത്രിക്കുന്ന ഔഷധങ്ങൾ, ഗർഭനിരോധനഗുളികകൾ, ഓവുലേഷൻ ശരിയാക്കുന്നതിനുള്ള മരുന്നുകൾ നൽകുക എന്നിവയാണ് ആധുനിക ചികിത്സകർ ചെയ്യുന്നത്. എന്നാൽ,​ ഇവരിൽ ചിലരിലെങ്കിലും കാൻസർ, വിശപ്പില്ലായ്മ, രക്തത്തിലെ ഷുഗർ അളവ് താഴുക, അലർജി, ശരീരം ശോഷിക്കുക, വൃക്ക തകരാറുകൾ എന്നിവ ഉണ്ടാക്കുന്നുണ്ട്.

വണ്ണം പൊതുവേ കുറഞ്ഞവരിൽ പ്രമേഹം നിയന്ത്രിക്കുന്ന ഔഷധങ്ങൾ പ്രയോജനം ചെയ്യില്ലെന്ന് മാത്രമല്ല അത് ദോഷകരവുമാണ്. ഓവുലേഷൻ ശരിയാക്കാനായി ഉപയോഗിക്കുന്ന മരുന്നുകളും ക്രമേണ മരുന്ന് കഴിക്കുമ്പോൾ മാത്രം പ്രയോജനപ്പെടുകയും എന്നാൽ, പാർശ്വഫലങ്ങൾ വർദ്ധിച്ചു വരികയും ചെയ്യുന്നതായി കാണാം.

ജനിതക തകരാറുകൾ, ആഹാരം, ശീലം എന്നിവയൊക്കെ പി.സി.ഒ.എസ് ഉണ്ടാകുന്നതിനുള്ള കാരണങ്ങളായി പറയാമെങ്കിലും ചികിത്സയുടെ കാര്യത്തിൽ മാനസികാരോഗ്യം നൽകുന്ന വിധത്തിലുള്ള ഇടപെടലുകൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്.

ഉരുളക്കിഴങ്ങ്,ചോളം, റെഡ്മീറ്റ്, കൃത്രിമ മധുരങ്ങൾ, ന്യൂഡിൽസ്, ചോക്ളേറ്റ്, മിഠായികൾ, പുഡ്ഡിംഗ്, കേക്ക്, കുക്കീസ്, സോയ ഉൽപന്നങ്ങൾ, മധുരപാനീയങ്ങൾ, ഐസ്ക്രീം, ഫാസ്റ്റ് ഫുഡ്, പേസ്ട്രികൾ, ബ്രെഡ്, സോഡ, എനർജി ഡ്രിങ്കുകൾ, സംസ്കരിച്ച മാംസം, പാസ്ത, തവിടില്ലാത്ത ധാന്യങ്ങൾ തുടങ്ങിയവ പി.സി.ഒ.എസ് രോഗികൾ ഒഴിവാക്കണം.

ജനിതക കാരണം കൊണ്ടുണ്ടാകുന്ന പി.സി.ഒ.എസ് എന്ന രോഗവും ഹോർമോൺ തകരാറു കാരണമുണ്ടാകുന്ന പി.സി.ഒ.ഡി അഥവാ പോളി സിസ്റ്റിക് ഒാവേറിയൻ ഡിസീസ് എന്ന അവസ്ഥയും ആയുർവേദ ചികിത്സയിലൂടെ പാർശ്വഫലങ്ങളില്ലാതെ പരിഹരിക്കാൻ എളുപ്പത്തിൽ കഴിയും.