letter-

സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഖജനാവ് കാലിയായിരുന്നെങ്കിൽ കാലാവധി പൂർത്തിയാക്കുന്നത് കുറഞ്ഞത് 5000 കോടി രൂപയുടെ ട്രഷറി മിച്ചവുമായിട്ടാണെന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രസ്താവന കൗതുകകരമാണ്.

1957 മുതൽ 2016 വരെ കേരളത്തിന്റെ കടം 16000 കോടി രൂപയായിരുന്നു. കഴിഞ്ഞ നാലര വർഷം കൊണ്ട് കേരളത്തിന്റെ കടം 32,000 കോടി രൂപയായി ഉയർന്നു. സാമ്പത്തിക അച്ചടക്കം ഒട്ടും പാലിക്കാതെ സംസ്ഥാനത്തിന് വൻ കടബാദ്ധ്യത വരുത്തിവച്ചിട്ടാണ് 5000 കോടി രൂപയുടെ ട്രഷറി മിച്ചവുമായി ഈ സർക്കാർ സ്ഥാനമൊഴിയുന്നതെന്ന വസ്തുത അവഗണിക്കാവുന്നതല്ല.

ആർ. പ്രകാശൻ

ചിറയിൻകീഴ്

ദ്വീപ് നിവാസികൾ ദുരിതത്തിൽ

കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ മൂന്ന് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് സംസ്ഥാന ജലഗതാഗത ബോട്ട് സർവീസ്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സർവീസ് നിലച്ചു. റോഡ് / കായൽ ഗതാഗതം ഏതാണ്ട് പൂർണമായി പുനഃസ്ഥാപിച്ചുവെങ്കിലും നാളിതുവരെ വേഗ സർവീസ് ഓടിക്കാൻ അധികൃതർ നടപടികൾ എടുത്തിട്ടില്ല.

വൈക്കം, പൂച്ചാക്കൽ മണപ്പുറം, പെരുമ്പളം സൗത്ത് കനാൽ, പാണാവള്ളി, കുമ്പളം എന്നീ ബോട്ട് ജെട്ടികൾ കടന്നാണ് എറണാകുളത്ത് എത്തിച്ചേരുന്നത്. കൊച്ചി നഗരത്തിലെ വിവിധ ഓഫീസുകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നു വേഗ ബോട്ട് സർവീസ്.

റോഡ് യാത്രയിലെ തിരക്കുകളില്ലാതെ, പൊടിശല്യമില്ലാതെ, ചെറിയ ടിക്കറ്റ് നിരക്കിൽ, കുറഞ്ഞ സമയ പരിധിയ്ക്കുള്ളിൽ കായൽ ഓളങ്ങളെ തലോടിയെത്തുന്ന കാറ്റേറ്റ് കൊച്ചി നഗരഹൃദയത്തിൽ എത്തിച്ചേരാൻ യാത്രക്കാരെ സഹായിച്ചിരുന്നു. ഇനിയും വൈകാതെ എത്രയും വേഗം വേഗ സർവീസ് പുനരാരംഭിക്കാൻ അധികൃതർ സന്നദ്ധരാകണം.

ഉൾനാടൻ തീരദേശ ഗ്രാമങ്ങളിൽ ബാഹ്യലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന ദ്വീപ് നിവാസികൾക്ക് നഗരങ്ങളിലേക്ക് ദിവസവും ചേക്കേറാൻ ഇത്തരം സർവീസുകൾ ഏറെ പ്രയോജനകരമാണ്. എന്നാൽ തീരദേശ പിന്നാക്ക ഗ്രാമപഞ്ചായത്തുകളിലെ സർവീസുകളോട് അധികൃതർ അങ്ങേയറ്റം അവഗണന കാണിക്കുകയാണ്.

പെരുമ്പളം - എറണാകുളം റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബോട്ട് സർവീസ് അരൂർ - അരൂക്കുറ്റി പാലം ഗതാഗതത്തിനു തുറന്നുകൊടുത്തതോടെ യാത്രക്കാർ കുറവാണെന്ന കാരണം പറഞ്ഞ് അധികൃതർ സർവീസ് പിൻവലിച്ചു. പെരുമ്പളം - അരുക്കുറ്റിയായി ക്രമപ്പെടുത്തി പ്രസ്തുത സർവീസ് നിലനിറുത്തണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ സ്വീകരിച്ചില്ല.

എം.എസ്. ദേവരാജ്

പെരുമ്പളം

ആലപ്പുഴ

ഗുരുവായൂർ അനുഭവം

ഗുരുവായൂർ അനുഭവം എന്ന ലേഖനത്തിൽ മഹാമ്യഹം എന്ന വാക്ക് വഹാമ്യഹം എന്ന് തിരുത്തി വായിക്കണമെന്ന് സവിനയം അറിയിക്കുന്നു.

ആലപ്പി രമണൻ