vivadavela

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായിരിക്കുന്നു. കൂട്ടിയും കിഴിച്ചും സ്വപ്നങ്ങളും പ്രതീക്ഷകളും ആശങ്കകളുമായി സ്ഥാനാർത്ഥികളും മുന്നണികളും മേയ് രണ്ട് വരെ കാത്തിരിപ്പിലാണ്. മുന്നണികളെ സംബന്ധിച്ചിടത്തോളം ചെറിയ കാലയളവല്ല ഇത്.

ഒരു മാസത്തിലേറെ നീണ്ട പ്രചണ്ഡമായ പ്രചാരണനാളുകൾ താണ്ടിയാണ് വോട്ടെടുപ്പ് പൂർത്തിയായത്.

പ്രചാരണഘട്ടത്തിൽ ശക്തമായ ത്രികോണപ്പോര് കണ്ട ശേഷമുണ്ടായ പോളിംഗിൽ ആവേശം അത്രകണ്ട് പ്രതിഫലിച്ചോ എന്ന ചോദ്യം ബാക്കിയാണ്. കഴിഞ്ഞ രണ്ട്, മൂന്ന് തിരഞ്ഞെടുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പോളിംഗ് ശതമാനത്തിൽ പ്രകടമായ ഏറ്റക്കുറച്ചിലില്ലായ്മ ഒരു തരംഗത്തിന്റെ ലാഞ്ഛന പ്രകടമാക്കുന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അതുകൊണ്ടു കൂടിയാണ് ഗുണഭോക്താക്കളാകേണ്ട മുന്നണി നേതൃത്വങ്ങളുടെ നെഞ്ചിടിപ്പ് വർദ്ധിക്കുന്നത്.

പലരും അടിയൊഴുക്കുകൾ പ്രതീക്ഷിക്കുന്നുണ്ട്. പ്രചാരണത്തിന്റെ അവസാന നാളുകളിൽ ഉരുണ്ടുകൂടിയ ചില കാർമേഘങ്ങൾ അടിയൊഴുക്കു സാദ്ധ്യത വർദ്ധിപ്പിച്ചെന്ന് കരുതുന്നവർ ഏറെ. ഇരുമുന്നണികളുടെയും ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിൽ പോളിംഗിൽ കുറവുണ്ടായിട്ടുണ്ട്. ബി.ജെ.പി സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളപ്പെട്ട തലശ്ശേരിയിലും ഗുരുവായൂരിലും പോളിംഗ് കുറഞ്ഞു. ആ കുറവ് ബി.ജെ.പി വോട്ടർമാരുടേതാകാം. ബി.ജെ.പി വോട്ടർമാർ വിട്ടുനിന്നുവെങ്കിൽ അതാർക്ക് തുണയാകുമെന്ന് തലശ്ശേരിയിലും ഗുരുവായൂരിലും ഉറക്കെ ഉയരുന്ന ചോദ്യമാണ്.

കാത്തിരിപ്പിന് പിരിമുറുക്കം കൂട്ടുന്നത് വോട്ടെടുപ്പ് ദിവസത്തെ പല വിധത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളാണ്. 23 ദിവസത്തെ കാത്തിരിപ്പിന് 23 വർഷത്തെ നീളം അനുഭവപ്പെടുക മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും മാത്രമാകില്ല. ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന രാഷ്ട്രീയപ്രബുദ്ധരായ കേരളീയ സമൂഹത്തിന് കൂടിയാണ്.

സ്ഥാനാർത്ഥി സാന്നിദ്ധ്യം

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയ ആദ്യഘട്ടത്തിൽ ഏറെക്കുറെ ഏകപക്ഷീയമായ തേരോട്ടമായിരുന്നെന്ന് വേണമെങ്കിൽ പറയാം. നേരത്തേ മുതൽ ആരംഭിച്ച പ്രീ - പോൾ സർവേകളുടെ ആനുകൂല്യങ്ങൾ, സർക്കാരിന്റെ ക്ഷേമ, വികസന പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരം, തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ തിളക്കം എന്നിവയെല്ലാം ഇടതുമുന്നണിയുടെ തുടർഭരണ പ്രതീക്ഷകൾക്ക് ജീവൻ വയ്പിച്ചു. മറുഭാഗത്ത്, തദ്ദേശതിരഞ്ഞെടുപ്പിലേറ്റ ദയനീയ പതനം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ഭഗീരഥ യത്നത്തിലായിരുന്നു യു.ഡി.എഫ്. വളരെ നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം ആരംഭിച്ചെങ്കിലും സ്ഥാനാർത്ഥിനിർണയം എത്രയും വേഗമെത്തേണ്ട സന്ദർഭമായപ്പോൾ രാമേശ്വരത്തെ ക്ഷൗരം പോലെയായി കാര്യങ്ങൾ.

ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം സുഗമമായി തീർത്തെങ്കിലും സ്ഥാനാർത്ഥി നിർണയത്തിൽ കൈക്കൊണ്ട ചില തീരുമാനങ്ങൾ സി.പി.എമ്മിലും കാറും കോളും വിതച്ചത് അപ്രതീക്ഷിതമായിരുന്നു. കുറ്റ്യാടിയിലും പൊന്നാനിയിലും സി.പി.എം പ്രവർത്തകർ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത് ഇരുമ്പുമറയുടെ ചട്ടക്കൂടിൽ നീങ്ങുന്ന പാർട്ടിക്ക് കനത്ത ആഘാതമായി. 2006 ൽ വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാർത്ഥിത്വ നിഷേധത്തിൽ പ്രതിഷേധിച്ച് കേരളമൊട്ടാകെ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങൾക്ക് സമാനമായി ഇത് . കേരള കോൺഗ്രസ്-എമ്മിന് വിട്ടുനൽകിയ കുറ്റ്യാടി അവർ തിരിച്ചു നൽകിയാണ് അവിടത്തെ ആഘാതം കുറച്ചത്. പ്രവർത്തക വികാരം മാനിച്ച് സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കിയ ശേഷമാണ് കുറ്റ്യാടി ശാന്തമായത്. തർക്കങ്ങൾ പരിഹരിച്ച്, പുതുമുഖങ്ങൾക്ക് പ്രാമുഖ്യമേറിയ സ്ഥാനാർത്ഥി പട്ടികയുമായി സി.പി.എം കളത്തിലിറങ്ങിയെങ്കിലും വൈകിയെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുടെ തിളക്കം സി.പി.എം പട്ടികയുടെ പഞ്ച് കുറച്ചുകളഞ്ഞു!

ഇതാദ്യമായി ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടുള്ള സ്ഥാനാർത്ഥി പട്ടികയുമായെത്തിയ കോൺഗ്രസ്, ലേറ്റായാലും ലേറ്റസ്റ്റായി വന്നുവെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. മെട്രോമാൻ ഇ. ശ്രീധരൻ എന്ന ഒറ്റ തുറുപ്പുചീട്ടിന്റെ ബലത്തിൽ ബി.ജെ.പിയും പോർക്കളത്തിൽ ശ്രദ്ധയാകർഷിച്ചു. പാലക്കാട്ടെ ശ്രീധരന്റെ സ്ഥാനാർത്ഥിത്വം തന്നെയായി അവരുടെ പഞ്ച്!

പ്രതിപക്ഷനേതാവ് ഉയർത്തിയ പ്രചാരണഗ്രാഫ്

യഥാർത്ഥത്തിൽ സർക്കാരിനെ പ്രതിരോധത്തിലേക്ക് തള്ളിവിട്ട ആരോപണശരങ്ങളുമായി കളംനിറഞ്ഞു കളിച്ച പ്രതിപക്ഷനേതാവായിരുന്നു രമേശ് ചെന്നിത്തല. നിഷ്പക്ഷമതികളും അത് സമ്മതിച്ചുതരും. പക്ഷേ, വിഷയാവതരണ വേളകളിൽ അനുഭവപ്പെടുന്ന പഞ്ചില്ലായ്മ പലപ്പോഴും അദ്ദേഹത്തിന്റെ ആക്രമണങ്ങളുടെ ശൗര്യം കുറയ്ക്കുന്നുവെന്ന തോന്നലുണ്ടാക്കി. കടന്നാക്രമിച്ചുള്ള പ്രതിരോധവഴിയാണ് പലപ്പോഴും മുഖ്യമന്ത്രിയും സർക്കാരും തേടിയത്. എങ്കിലും പ്രതിപക്ഷനേതാവ് ഉയർത്തിയ ആരോപണശരങ്ങൾ ഒരു ഘട്ടത്തിൽ ലക്ഷ്യത്തിലെത്തിയെന്ന് വ്യക്തമാക്കുന്നതായി പ്രചാരണത്തിന്റെ അവസാനനാളുകൾ.

കൊവിഡ് ലോക്ക് ഡൗൺ കാലത്തെ കരുതലോടെയുള്ള ഇടപെടലുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും സർക്കാരിന്റെയും അതുവഴി ഇടതുപക്ഷത്തിന്റെയും ഗ്രാഫ് കുത്തനെ ഉയർത്തിയതായിരുന്നു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരശേഖരണത്തിന് അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറിന് ഐ.ടി വകുപ്പ് കരാർ നൽകിയത് പ്രതിപക്ഷനേതാവ് ആരോപണമായി പുറത്തെത്തിച്ചതോടെ, വിവാദം പൊട്ടിപ്പുറപ്പെട്ടു. ഇടതുപക്ഷത്തിന്റെ തന്നെ നയവ്യതിയാനമായി ഇത് വ്യാഖ്യാനിക്കപ്പെട്ടപ്പോൾ പ്രതിരോധത്തിലായത് സി.പി.എമ്മാണ്. പരോക്ഷ വിമർശനവുമായി സി.പി.ഐ രംഗത്തെത്തി.

അസാധാരണകാലത്തെ അസാധാരണ നടപടിയെന്ന വ്യാഖ്യാനത്തിൽ പിടിച്ചുനിൽക്കാനാണ് സി.പി.എം ശ്രമിച്ചത്. പക്ഷേ ഒടുവിൽ കരാറിൽ നിന്ന് പിന്നാക്കം പോകേണ്ടി വന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജിൽ സ്വർണക്കടത്ത് നടന്നതും പ്രതികളുമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എം. ശിവശങ്കർ അടുപ്പം പുലർത്തിയതും ശിവശങ്കറിന്റെ പുറത്താകലുമെല്ലാം കോളിളക്കം സൃഷ്ടിച്ചു. പ്രതിപക്ഷനേതാവ് ആരോപണശരങ്ങളുതിർത്ത് മുന്നേറിക്കൊണ്ടിരുന്നു.

എന്നിട്ടും തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പരാജയം നുണയേണ്ടി വന്നതിന് പിന്നിൽ സർക്കാരിന്റെ വെൽഫെയറിസം തന്നെയാണെന്ന് കരുതുന്നവരാണേറെ. വിവാദങ്ങൾക്ക് നടുവിലും ഇച്ഛാശക്തിയോടെയുള്ള ഭരണപാടവം കാഴ്ചവയ്ക്കാനായത് പിണറായി വിജയന്റെ മികവായി വാഴ്ത്തപ്പെട്ടു. അതിൽ തെറ്റ് പറയാനാവില്ല. പൊലീസ് ഭരണത്തിലെ വലിയ പാളിച്ചകളും ബ്യൂറോക്രാറ്റിക് സെറ്റപ്പിന് കണ്ണടച്ച് വഴങ്ങിക്കൊടുത്തതുമെല്ലാം ദൗർബല്യങ്ങളായി മുഴച്ചു നിൽക്കുമ്പോഴും ഇച്ഛാശക്തിയുള്ള ഭരണാധികാരിയെന്ന മികവ് ദുരന്തകാലത്ത് ഒരു രാജ്യത്തിന് അങ്ങേയറ്റം അഭികാമ്യമാണെന്നതാണ് പിണറായി വിജയന്റെ സ്വീകാര്യത വലിയതോതിൽ ഉയർത്തിയത്.

സ്വകാര്യ കുത്തകകളെയും കൺസൾട്ടൻസികളെയും ഇടതുപക്ഷസ്വഭാവം മറന്ന് സർക്കാർ കണ്ണടച്ച് പ്രോത്സാഹിപ്പിച്ചതിന് പിന്നിൽ ശിവശങ്കറിന്റെ ബ്യൂറോക്രാറ്റിക് ബുദ്ധിയുണ്ടായിരുന്നു. വിശ്വസ്തനായതിനാൽ മുഖ്യമന്ത്രി ആ ഉദ്യോഗസ്ഥനെ പൂർണമായി പിന്തുണച്ചത് വിനയുമായി. അനവധി അന്യായങ്ങളാണ് പ്രതിപക്ഷനേതാവ് ഈ കാലഘട്ടത്തിൽ തുറന്നുകാട്ടിയത്. പലതും സർക്കാരിനെ പ്രതിരോധത്തിലാക്കി.

അവിടം കൊണ്ട് കാര്യങ്ങൾ അവസാനിച്ചില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂർദ്ധന്യഘട്ടത്തിൽ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമായി പരിണമിച്ചത് ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുമായി കരാറിലേർപ്പെടാൻ നടത്തിയ നീക്കങ്ങളായിരുന്നു. അത് പുറത്തെത്തിച്ചതും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ്. അമ്പതോളം വരുന്ന തീരദേശ മണ്ഡലങ്ങളിൽ 40 - 45 മണ്ഡലങ്ങളിലെയെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ പോന്ന ആയുധമായി ഇത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തും മുമ്പ് പൊട്ടിച്ച വെടി ആളിക്കത്തിയത് ശരിക്കും പറഞ്ഞാൽ പ്രചാരണവേളയിൽ തന്നെയാണ്. അത് സൃഷ്ടിക്കാൻ പോകുന്ന അടിയൊഴുക്കുകൾ നിർണായകമാണ്. പ്രത്യേകിച്ചും കഴിഞ്ഞ തിര‌ഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ചതിച്ച കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ.

ആലപ്പുഴ ജില്ലയിൽ സി.പി.എമ്മിന് ഇരട്ടപ്രഹരം തീർക്കാൻ പോകുന്നത് അവിടത്തെ രണ്ട് പ്രമുഖർ സ്ഥാനാർത്ഥിപട്ടികയിൽ നിന്ന് തഴയപ്പെട്ടതാണ്. തോമസ് ഐസകും ജി. സുധാകരനും. ആഴക്കടൽവിവാദവും ഇവരുടെ അഭാവവും ആലപ്പുഴയിൽ സി.പി.എമ്മിനും ഇടതുപക്ഷത്തിനും വിനയാകുമോയെന്ന് കണ്ടറിയണം. കാത്തിരിപ്പിന്റെ നാളുകളിൽ പിരിമുറുക്കം കൂട്ടുന്ന ജില്ലകളിലൊന്ന് ആലപ്പുഴയുമാണ്.

പലപ്പോഴും ഇടതുപക്ഷസ്വഭാവം പ്രകടമാക്കുന്ന പ്രതിപക്ഷസ്വരം കേൾപ്പിക്കാനായി എന്നതാണ് രമേശ് ചെന്നിത്തലയുടെ മേന്മ. ഈ തിരഞ്ഞെടുപ്പ് യു.ഡി.എഫിനെ തുണച്ചാൽ ആധികാരികമായി ചിരിക്കാൻ എന്തുകൊണ്ടും യോഗ്യൻ ചെന്നിത്തലയാകുന്നു. അദ്ദേഹത്തിന് ഇടതുപക്ഷത്തിന്റെ തിരുത്തൽശക്തി കൂടിയായി മാറാൻ കഴിഞ്ഞതിനാലാണത്. ഇനി ചിരിക്കുക ഇടതുപക്ഷമാകുമോ? ലക്ഷേമപെൻഷനും ഭക്ഷ്യക്കിറ്റും എല്ലാറ്റിനും മുകളിൽ നിന്നാൽ അങ്ങനെയും സംഭവിക്കാം. വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച ജനസ്വീകാര്യത അത്തരം ചിന്തകളിലേക്കും നയിക്കാതില്ല. അതും ചാനൽ സർവേകളും യു.ഡി.എഫിന്റെ രാശി കെടുത്തുമോ? എല്ലാത്തിനും ഉത്തരം മേയ് രണ്ട് തരും. അസഹനീയമാണ് ഇത്രയും നീണ്ട കാത്തിരിപ്പെന്ന് ജനം ചിന്തിക്കുന്നത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ വീറും വാശിയും കൊണ്ടാണ്.