1

പൂവാർ: കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ വലിയതോടിന് കുറുകെ നിർമ്മിച്ചിട്ടുള്ള പാലങ്ങൾ സുരക്ഷിതമല്ലെന്ന് നാട്ടുകാർ പറയുന്നു. ആട്ടറമൂല മുതൽ ചപ്പാത്ത് വരെ ചെറുതും വലുതുമായ 23 പാലങ്ങളുണ്ട്. ഇതിൽ 5 എണ്ണം വലിയ വാഹനങ്ങളും 7 എണ്ണം ചെറുവാഹനങ്ങൾ മാത്രവും കടന്നു പോകുന്നവയാണ്. 10 എണ്ണം പൂർണമായും നടപ്പാലങ്ങളും.

ഉപയോഗമില്ലാത്ത ഇലക്ട്രിക്ക് പോസ്റ്റുകൾ നിരത്തിയും തടികൾ നിരത്തിയും താത്കാലികമായി നിർമ്മിച്ച നിരവധി പാലങ്ങളും ഇവിടെ കാണാനാകും.

അപകട ഭീതി ഉയർത്തുന്ന മറ്റൊരു നടപ്പാലമാണ് മണപ്പുറം പാലം. ഇതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിട്ട് വർഷങ്ങളായി. മറ്റുള്ള പാലങ്ങളും ഏതാണ്ട് ഇതേ സ്ഥിതി തുടരുന്നവയാണ്. ഈ സാഹചര്യത്തിൽ കുട്ടികളും വൃദ്ധരും ഇതിലൂടെ യാത്ര ചെയ്യേണ്ടി വരുന്നത് പ്രദേശവാസികളുടെ ഭീതി വർദ്ധിപ്പിക്കുന്നു. മഴ തുടങ്ങിയാൽ മുഴുവൻ ജനങ്ങളും ഭീതിയോടെയാണ് പാലം കടക്കുന്നത്.

ഈ അവസ്ഥയ്ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിക്കും, കളക്ടർക്കും, സംസ്ഥാന സർക്കാരിനും നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ട്. ഒന്നിന്നും പരിഹാരം കാണാത്ത സാഹചര്യത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.

പാലങ്ങളുടെ അവസ്ഥ

കൈവരി പൂർണമായും ഭാഗികമായും ഇടിഞ്ഞ് പോയതും സംരക്ഷണഭിത്തി തകർന്നതുമായ പാലങ്ങളാണ് ഇവിടെ കാണാനാവുക. കോൺക്രീറ്റ് സ്ലാബുകൾ ഒടിഞ്ഞതും വിള്ളൽ വീണതുമാണ് കൂടുതലും.

പുത്തളം പാലം

30 വർഷത്തോളം പഴക്കമുള്ളതാണ് ഇതിൽ പുത്തളം പാലം. പ്രദേശത്ത് ഏറ്റവും കൂടുതൽ കേട്പാടുകൾ സംഭവിച്ചതും ഈ പാലത്തിനാണ്. അടിഭാഗം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. കോൺക്രീറ്റ് ഇളകി മാറിയ പാലത്തിന്റെ കമ്പികൾ പുറത്ത് തള്ളി നിൽക്കുന്നത് കാണാനാകും. സംരക്ഷണഭിത്തി തകർന്ന് തോട്ടിൽ മറിഞ്ഞ് കിടക്കുന്നു. ഈ സ്ഥിതിയിലും സ്കൂൾ ബസുകൾ കൂടുതലും വന്ന് തിരിഞ്ഞ് പോകുന്നത് ഇവിടെ നിന്നുമാണ് എന്നാണ് നാട്ടുകാർ പറയുന്നു.

റോഡും തകർന്നു

വലിയതോടിന്റെ കരയിലൂടെ ആട്ടറമൂല മുതൽ ചപ്പാത്ത് വരെ കടന്നു പോകുന്ന റോഡ് ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. ഇത് പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജന പദ്ധതി പ്രകാരം നിർമ്മിച്ചിട്ട് അധികകാലമായിട്ടില്ല. എന്നാൽ റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഃസഹമാക്കിയിരിക്കുകയാണ്.

തകർച്ചയ്ക്ക് കാരണം

അമിതഭാരം കയറ്റിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നതാണ് റോഡും പാലങ്ങളും തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. വിഴിഞ്ഞം ഇന്റർനാഷണൽ അദാനി സീ പോർട്ടിന് വേണ്ടി വലിയ തോടിനോട് ചേർന്ന് വാങ്ങിയ ചതുപ്പ് സ്ഥലങ്ങൾ നികത്തുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ദിവസവും നൂറ് കണക്കിന് വലിയ വാഹനങ്ങളിലാണ് മണ്ണും, കരിങ്കല്ലും കൊണ്ടുവരുന്നത്. ഇത്ര വലിയ ഭാരം താങ്ങാനുള്ള ശേഷി പ്രദേശത്തെ റോഡിനോ പാലങ്ങൾക്കോ ഇല്ല. ഇത് അറിയാവുന്ന അധികൃതർ മൗനം പാലിക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു.