uss

ഏഴ് പതിറ്റാണ്ടുകളായി പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ ശാന്തമായി മറഞ്ഞുകിടക്കുകയായിരുന്നു ആ മഹായുദ്ധത്തിന്റെ ശേഷിപ്പായ ജോൺസ്റ്റൺ എന്ന യുദ്ധക്കപ്പൽ. ആർക്കും പിടിതരാതിരുന്ന ജോൺസ്റ്റണിന്റെ അരികിലേക്ക് ഒടുവിൽ മനുഷ്യർ എത്തിക്കഴിഞ്ഞു.

രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജപ്പാനെതിരെയുള്ള പോരാട്ടത്തിനിടെ 1944 ഒക്ടോബർ 25നാണ് യു.എസ് നേവിയുടെ പടക്കപ്പലായിരുന്ന യു.എസ്.എസ് ജോൺസ്റ്റൺ തകർന്ന് കടലാഴങ്ങളിൽ മറഞ്ഞത്. ഏകദേശം 376 അടി നീളമുണ്ടായിരുന്ന ജോൺസ്റ്റൺ ചരിത്രത്തിലെ ഏറ്റവും വലിയ നാവിക പോരാട്ടങ്ങളിലൊന്നായ ലെയ്റ്റെ ഗൾഫ് യുദ്ധത്തിനിടെയാണ് മുങ്ങിയത്.

ഫിലിപ്പീൻസ് കടലിൽ സമർ ദ്വീപിന് സമീപം 2019ലാണ് ജോൺസ്റ്റണിന്റെ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്. അന്ന് ആളില്ലാ വാഹനം വഴി ആഴക്കടലിൽ മറഞ്ഞിരുന്ന ജോൺസ്റ്റണിന്റെ ഏതാനും ചിത്രങ്ങൾ പകർത്തിയിരുന്നു. എന്നാൽ, കടലിന്റെ ആഴമേറിയ ഭാഗത്തേക്ക് എത്താനായില്ല. കടലിൽ ഏകദേശം 21,180 അടി ആഴത്തിലാണ് ജോൺസ്റ്റണിന്റെ സ്ഥാനം.

യു.എസ് നേവി മുൻ കമാൻഡർ വിക്ടർ വെസ്കോവോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ ജോൺസ്റ്റണിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഡി.എസ്.വി ലിമിറ്റിംഗ് ഫാക്ടർ എന്ന പര്യവേക്ഷണ വാഹനത്തിൽ വിക്ടർ ജോൺസ്റ്റണിനരികിലെത്തി വിശദമായി പരിശോധിക്കുകയായിരുന്നു. ലോകത്ത് ഇതാദ്യമായാണ് ഇത്രയും ആഴത്തിലുള്ള കപ്പൽ അവശിഷ്ടത്തിനരികിലേക്ക് മനുഷ്യരെത്തുന്നത്.

വിക്ടറിനെ കൂടാതെ മറ്റ് രണ്ട് പേരും ജോൺസ്റ്റണിനരികിലെത്തി. തുടർന്ന് ജോൺസ്റ്റണിന്റെ മറഞ്ഞു കിടന്ന ഭാഗങ്ങളെല്ലാം പൂർണമായും കാമറയിൽ പകർത്തുകയും ചെയ്തു. പര്യവേക്ഷണത്തിനിടെ ജോൺസ്റ്റണിൽ മനുഷ്യരുടെ ശരീരാവശിഷ്ടങ്ങളോ വസ്ത്രങ്ങളോ കണ്ടെത്തിയിട്ടില്ല. ജോൺസ്റ്റണിനൊപ്പം യുദ്ധത്തിനിടെ മുങ്ങിയ മറ്റ് മൂന്ന് കപ്പലുകൾ കൂടിയുണ്ട്. എന്നാൽ, ഇവയുടെ അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ജോൺസ്റ്റണിലുണ്ടായിരുന്ന 327 പേരിൽ 190 ഓളം നാവികസേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.