konakode

മലയിൻകീഴ്: കാട്ടാക്കട നിയോജക മണ്ഡലത്തിന്റെ ഭാഗമായ വിളവൂർക്കൽ പഞ്ചായത്തിലെ കോണക്കോട്,പെരുകാവ് ഭാഗങ്ങളിൽ സി.പി.എം- ബി.ജെ.പി പ്രവർത്തകർ പരസ്പരം ആക്രമിച്ചു. ഗർഭിണി ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.

പെരുകാവ് തൈവിളയിൽ ആർ.എസ്.എസ് പ്രവർത്തകൻ അജിത്തിന്റെ വീട്ടിൽ കതക് ചവിട്ടിത്തുറന്ന് കയറി അജിത്തിനെ മർദ്ദിച്ചു. തടയാൻ ശ്രമിച്ച അഞ്ചു മാസം ഗർഭിണിയായ അജിത്തിന്റെ ഭാര്യ രാജശ്രീക്കും (24),മാതാവ് ശശികലയ്ക്കും (62) മർദ്ദനമേറ്റു. തടയാൻ ശ്രമിച്ച പിതാവ് രാജനും (71), സൈനികനായ സഹോദരൻ ശരത്തിനും(29) മർദ്ദനമേറ്റു. രാജശ്രീയെയും ശശികലയെയും തൈക്കാട് ഗവ.ആശുപത്രിയിലും മറ്റുള്ളവരെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഈ സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ സി.പി.എം പെരുകാവ് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി സുധീറിന്റെ വീട് ഉൾപ്പെടെ നാലു വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. 69 വയസുള്ള വൃദ്ധ ഉൾപ്പെടെ ഒൻപതു പേർക്ക് പരിക്കേറ്റു.രണ്ട് ബൈക്കുകളും വീടും തകർത്തു.

സുധീറിന്റെ വീടിന്റെ കതകും ജനൽഗ്ലാസും തകർത്ത സംഘം മാതാവ് വിശാലാക്ഷിയെ (69) ക്രൂരമായി മർദ്ദിച്ചു. വിശാലാക്ഷിയെ മലയിൻകീഴ് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡി.വൈ.എഫ്.ഐ.വിളവൂർക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഷ്ണുവിന്റെ (24) പെരുകാവ് വേടൻവിള വീടിന്റെ ജനൽചില്ലുകൾ തകർക്കുകയും പിതാവ് ചന്ദ്രൻ (65), മാതാവ് വത്സല (55) എന്നിവരെ മർദ്ദിക്കുകയും ചെയ്തു.

സി.പി.എം പ്രവർത്തകനായ പെരുകാവ് കീണ വിനായകയിൽ ജയകൃഷ്ണനെ (28) വീട്ടുമുറ്റത്തു നിൽക്കവേ ആക്രമിച്ചു. തലയ്ക്ക് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുവീട്ട് മേലെ സ്വദേശി ആർശിനും (23),കോണാക്കോട് സ്വദേശി സുമേഷിനും (26) മർദ്ദനമേറ്റു. ബൈക്കിൽ പോവുകയായിരുന്ന സി.പി.എം പ്രവർത്തകൻ ബൈജുവിനെ (27) പൊറ്റയിൽ തടഞ്ഞുനിറുത്തി കാലിൽ വെട്ടിപ്പരിക്കേല്പിച്ചു.

റൂറൽ എസ്.പി പി.കെ.മധു,സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ബുധനാഴ്ച രാത്രി തന്നെ എത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. ഇരുവിഭാഗത്തിലെയും 12 പേരെ കസ്റ്റഡിയിലെടുത്തു. പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

എൽ.ഡി.എഫ്.സ്ഥാനാർത്ഥി ഐ.ബി.സതീഷ്, എൻ.ഡി.എ സ്ഥാനാർത്ഥി പി. കെ. കൃഷ്ണദാസ് എന്നിവർ സംഭവസ്ഥലങ്ങൾ സന്ദർശിച്ചു.

കളിസ്ഥലത്ത് കയറിയത്

സംഘർഷമായി

ആക്രമണത്തിന് പൊലീസ് പറയുന്ന കാരണം: ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരും ബാലഗോകുലം കുട്ടികളും ഒത്തുകൂടുകയും കളിസ്ഥലമായി ഉപയോഗിക്കുകയും ചെയ്യുന്ന കോണാക്കോട്ടുള്ള സ്ഥലത്ത് വോട്ടെടുപ്പിന് തലേദിവസം ഡി.വൈ.എഫ്.ഐ.-സി.പി.എം പ്രവർത്തകർ ബൈക്കിൽ ചുറ്റിയിരുന്നു. ഇതേച്ചൊല്ലി വാക്കേറ്റമുണ്ടാവുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് അനിഷ്ടസംഭവങ്ങൾ ഒഴിവായെങ്കിലും സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു. ഇതാണ് അക്രമത്തിൽ കലാശിച്ചത്.