hassan

തിരുവനന്തപുരം:കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് വോട്ടെടുപ്പ് ദിവസം തുറന്ന് പറഞ്ഞ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ എൽ.ഡി.എഫ് കൺവീനറും നാല് സി.പി.എം മന്ത്രിമാരും സംഘടിതമായി വിമർശിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും സി.പി.എമ്മിന്റെ ജനാധിപത്യ വിരുദ്ധ അസഹിഷ്ണുത രാഷ്ട്രീയത്തിന് തെളിവാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ സർക്കാർ നടപടിയിലുള്ള അമർഷവും അതൃപ്തിയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി നേരത്തേ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതാണ്. ആ നിലപാട് ആവർത്തിക്കുന്ന അദ്ദേഹത്തിന് നേർക്കുള്ള സി.പി.എമ്മിന്റെ ഭീഷണിയെ ശക്തമായി അപലപിക്കുന്നു. സ്വന്തം അഭിപ്രായം പറഞ്ഞ സുകുമാരൻ നായർ യു.ഡി.എഫിന് വേണ്ടി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം കോൺഗ്രസുകാരനാണെന്നുമാണ് മന്ത്രിമാരായ എ.കെ. ബാലനും എം.എം. മണിയും പറയുന്നത്. ഇതിനെ മന്ത്രിമാരായ മേഴ്സിക്കുട്ടി അമ്മയും കടകംപള്ളി സുരേന്ദ്രനും പിന്താങ്ങുന്നത് സി.പി.എമ്മിന്റെ ഫാസിസ്റ്റ് മനോഭാവമാണ്.

തിരഞ്ഞെടുപ്പ് കമ്മിഷന് മന്ത്രി എ.കെ. ബാലൻ പരാതി നൽകിയത് ബാലിശവും പരിഹാസ്യവുമാണ്. എതിർക്കുന്നവരെ തകർക്കുന്ന ആർ.എസ്.എസിന്റെ ശൈലിയാണ് സി.പി.എമ്മിനും. പിന്തുണയ്ക്കായി പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് കയറിയിറങ്ങുമ്പോൾ സുകുമാരൻ നായർ സമുദായാചാര്യനാവുകയും എൽ.ഡി.എഫിനെതിരെ അഭിപ്രായം പറയുമ്പോൾ കടന്നാക്രമിക്കുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. സി.പി.എമ്മിന്റെ അസഹിഷ്ണുതയും പ്രതികാരവും ഉപേക്ഷിക്കണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.