mu

തിരുവനന്തപുരം: സിനിമയ്‌ക്ക് വേണ്ടി എഴുതിയ ഗാനത്തിൽ മാർക്സിസത്തെ പുകഴ്ത്തിയതിന് കവി മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി. വീട്ടിലെത്തി ഇഞ്ചിഞ്ചായി കൊല്ലാൻ സംഘത്തെ ഏർപ്പാട് ചെയ്യുമെന്ന് ഫോണിലൂടെ അജ്ഞാതൻ ഭീഷണിമുഴക്കി. സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്.പിക്ക് മുരുകൻ കാട്ടാക്കട പരാതി നൽകി.

ബുധനാഴ്ച മുതലാണ് മുരുകന്റെ ഫോണിൽ ഭീഷണിയെത്തിയത്. 'ജ് നല്ല മനുശനാകാൻ നോക്ക് ' എന്ന നാടകത്തിന്റെ രചയിതാവ് ഇ.കെ.അയമുവിന്റെ ജീവിതം ചിത്രീകരിക്കുന്ന 'ചോപ്പ്' എന്ന സിനിമയ്‌ക്ക് വേണ്ടി എഴുതിയ ഗാനത്തിലെ വരികളാണ് ഭീഷണിക്ക് കാരണമെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു. "മനുഷ്യനാകണം, മനുഷ്യനാകണം, ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങൾ പേരിടുന്നു, അതാണ് മാർക്സിസം" എന്ന വരികളുള്ള ഈ ഗാനം തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഇടതുമുന്നണി ഉപയോഗിച്ചിരുന്നു.

എന്നാൽ സ്നേഹമല്ല മാർക്സിസമെന്നും കൊലപാതകവും അക്രമവുമാണ് അതിന്റെ നിർവചനമെന്നും ആരോപിച്ച വ്യക്തി കവിതയിൽ മാർക്സിസത്തെ പുകഴ്ത്തിയെഴുതിയത് മഹാ അപരാധമാണെന്നും അതിനാൽ മലദ്വാരത്തിൽ കമ്പികുത്തിയിറക്കുമെന്നുമൊക്കെയാണ് ഭീഷണിപ്പെടുത്തിയത്. തുടക്കത്തിൽ കാര്യമാക്കിയില്ലെങ്കിലും രാത്രിയിലും നിറുത്താതെ വിളിച്ച് അപായപ്പെടുത്തുമെന്ന വിധത്തിൽ ഭീഷണി ആവർത്തിച്ചുകൊണ്ടിരുന്നു. ഇന്നലെയും ഭീഷണി തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കണ്ണൂർ ശൈലിയിലുള്ള സംസാരമാണെന്നും സാഹിത്യം ഇടകലർത്തി സംസാരിക്കുന്ന യുവാവിനൊപ്പം മറ്റാളുകളുമുള്ളതായി സംഭാഷണത്തിൽ നിന്ന് വ്യക്തമാകുന്നുണ്ടെന്നും മുരുകൻ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ മഹാരാഷ്ട്രയിൽ നിന്നാണ് ഫോൺ വിളി എത്തിയതെന്നാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടരുകയാണ്.

പു.ക.സ പ്രതിഷേധിച്ചു

മുരുകൻ കാട്ടാക്കടയ്ക്ക് നേരെ ഫോണിലൂടെ ഉണ്ടായ വധഭീഷണിയിൽ പ്രതിഷേധിക്കുന്നതായി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ. കരുൺ, ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. കവിക്ക് നേരെയുള്ള വധഭീഷണിയിൽ സർഗാത്മകപ്രതിഷേധങ്ങൾ ഉയർന്നുവരണമെന്ന് അവർ ആവശ്യപ്പെട്ടു.

പിന്തുണയുമായി ഡി.വൈ.എഫ്.ഐ

മുരുകൻ കാട്ടാക്കടയ്ക്ക് നേരെയുണ്ടായ വധഭീഷണിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.