milk

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ക്ഷാമം രൂക്ഷമായതോടെ മിൽമ അന്യസംസ്ഥാനങ്ങളിൽ നിന്നും പാൽ വാങ്ങിയാണ് വിതരണം ചെയ്യുന്നത്.

സംസ്ഥാനത്ത് പ്രതിദിനം 14.5 ലക്ഷം ലിറ്റർ പാലാണ് മിൽമ വിൽക്കുന്നത്. 12.5 ലക്ഷം ലിറ്റർ പാൽ മാത്രമാണ് ഇപ്പോൾ സംഭരിക്കുന്നത്. ബാക്കി 2 ലക്ഷം ലിറ്റർ പാൽ കർണാടക മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ, തമിഴ്നാട് നന്ദിനി എന്നിവിടങ്ങളിൽ നിന്നും വാങ്ങുകയാണ്. വിഷുക്കാലമായതിനാൽ മലബാർ മേഖലയിൽ പാലിന് നല്ല ചെലവുണ്ട്. സംഘങ്ങളിൽ സംഭരിക്കുന്ന പാൽ അവിടെത്തന്നെ പ്രാദേശിക വിൽപ്പന നടത്തുന്നതും സംഭരണത്തിൽ കുറവ് വരാനുള്ള പ്രധാന കാരണമായി. ഏപ്രിൽ കഴിയുന്നതോടെ മലബാറിൽ സംഭരണം കൂടുമെന്നാണ് പ്രതീക്ഷ.


ക്ഷാമം കൂടുതൽ തിരുവനന്തപുരം മേഖലയിൽ

തിരുവനന്തപുരം മേഖലയിൽ 4.75 ലക്ഷം ലിറ്റർ പാലാണ് മിൽമയുടെ പ്രതിദിന വിൽപ്പന. ക്ഷീരസംഘങ്ങളിൽ നിന്ന് മിൽമ നേരിട്ട് ശേഖരിക്കുന്ന പാലിൽ ഇപ്പോൾ 40,000 മുതൽ 50,000 വരെ ലിറ്ററിന്റെ കുറവുണ്ട്. 972 ക്ഷീരസഹകരണ സംഘങ്ങളിൽ നിന്നാണ് തിരുവനന്തപുരം മേഖലാ യൂണിയൻ പാൽ സംഭരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് തിരുവനന്തപുരം മേഖലാ യൂണിയനിലുള്ളത്.

''പാൽ ഉത്പാദനം മുൻകാലങ്ങളെക്കാൾ ഗണ്യമായി കൂടിയെങ്കിലും വേനൽ കടുത്തതോടെ ക്ഷീരോത്പാദനം കുറഞ്ഞതും മലബാർ മേഖലയിൽ സാധാരണയിൽ കൂടുതൽ വിൽപ്പന ഉണ്ടായതുമാണ് പുറമെ നിന്ന് പാൽ വാങ്ങേണ്ടിവന്നതിന് കാരണം."

-പി.എ. ബാലൻ മാസ്റ്റർ
മിൽമ ചെയർമാൻ