തിരുവനന്തപുരം: കടൽഭിത്തിയുടെ തൂണുകൾ നിർമ്മിക്കാനാവശ്യമായ ഉറപ്പുള്ള മണ്ണ് എത്തിക്കാൻ വൈകുന്നതുകാരണം കടൽ ക്ഷോഭത്തിൽ തകർന്ന ശംഖുംമുഖം ബീച്ച് റോഡ് ഉൾപ്പെടെയുള്ളവയുടെ പുനർനിർമ്മാണം ഇഴയുന്നു. മണ്ണ് എത്തിക്കുന്നതിനുള്ള പാസ് ഇതുവരെ ജിയോളജി വകുപ്പ് അനുവദിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പ് ഇതിനാവശ്യമായ രേഖകൾ സമർപ്പിച്ച് ഒരു മാസമായിട്ടും അനുകൂല തീരുമാനമായില്ല. മണ്ണ് ലഭിച്ചാൽ മാത്രമേ പ്രധാന കടൽഭിത്തി ഭാഗത്തെ പണി പൂർത്തിയാക്കാൻ കഴിയൂ. ഇടിഞ്ഞ ഭാഗത്തെ മണ്ണ് മാറ്രി ഉറപ്പുള്ള മണ്ണിട്ടാകും നിർമ്മാണം നടത്തുക.
വിമാനത്താവളത്തിന്റെ സാമീപ്യവും കടലാക്രമണമുണ്ടാകാനുള്ള സാദ്ധ്യതയും പരിഗണിച്ചാണ് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ പുനർനിർമ്മാണച്ചുമതല ഏറ്റെടുത്തത്. ഉൗരാളുങ്കൽ സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല. തുടർച്ചയായുള്ള കടലേറ്റമാണ് റോഡും തീരവും തരിപ്പണമാക്കിയത്. കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിസൈനിൽ 260 മീറ്റർ കോൺക്രീറ്റ് ഡയഫ്രം വാളാണ് ഒന്നാംഘട്ടമായി നിർമ്മിക്കുന്നത്. റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ഡയഫ്രം വാൾ നിർമ്മിച്ച് ആങ്കർ ചെയ്‌ത് 260 മീറ്റർ നീളത്തിലും 50 സെന്റിമീറ്റർ കനത്തിലും 8 മീറ്റർ താഴ്ചയിലുമാണ് സംരക്ഷണഭിത്തി നിർമ്മിക്കുന്നത്. ഇതോടൊപ്പം ഏഴര മീറ്റർ വീതിയുള്ള രണ്ടുവരിപ്പാതയും നിർമ്മിക്കും. ശക്തമായ തിരമാലകൾ തടയുന്നതിനുള്ള ബൗൾഡേഴ്സും നിർമ്മിക്കും. ബൗൾഡേഴ്സിന്റെ ഫലമായി കടൽ എത്ര ക്ഷോഭിച്ചാലും തിരമാലകൾ ഇതിൽ പതിച്ച് മർദ്ദം കുറഞ്ഞാകും ഭിത്തിയിൽ പതിക്കുക.
പദ്ധതി വേഗത്തിലാക്കണം
----------------------------------------
കോൺക്രീറ്റ് ഡയഫ്രം വാൾ നിർമ്മാണത്തിന് 4.29 കോടി രൂപയും തകർന്ന റോഡിന്റെ പുനർ നിർമ്മാണത്തിന് 1.1 കോടി രൂപയുമാണ് അനുവദിച്ചത്. തീരം മുഴുവനായി നവീകരിക്കാൻ 14.2 കോടി രൂപയും നീക്കിവച്ചു. കടൽഭിത്തിയുടെയും റോഡിന്റെയും ജോലികൾ പൂർണമായാലേ മറ്റ് ജോലികൾ തുടങ്ങാൻ സാധിക്കൂ. ജൂലായ് ആദ്യവാരം കടൽഭിത്തിയുടെയും റോഡിന്റെയും ജോലികൾ പൂർണമാകുമെന്നാണ് വിലയിരുത്തുന്നത്.
കോൺക്രീറ്റ് ഡയഫ്രം വാൾ
---------------------------------------------
260 മീറ്റർ നീളം 50 സെന്റിമീറ്റർ കനം 8 മീറ്റർ താഴ്ച