വെഞ്ഞാറമൂട്: നാട്ടുകാർക്ക് ഭീഷണിയായി പാറക്വാറി. വെമ്പായം മദനപുരത്തെ പാറക്വാറിക്കെതിരെ നിരവധി പരാതി ഉയർന്നിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു വിധ നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെ പാറ ഖനനം നടത്തുന്നതിനിടെ ക്വാറിയുടെ സമീപത്തുള്ള വീട്ടിലേക്ക് പാറക്കഷണങ്ങൾ തെറിച്ചു വീണ് വീടിന് കേട് പാടുപറ്റി.
മദനപുരത്ത് സുബി ലാലിന്റെ വീടിനാണ് കേടുപാട് പറ്റിയത്. ആ സമയം സമീപത്ത് ആളുകൾ ഇല്ലാത്തതിനാൽ ആളപായം ഉണ്ടായില്ല. പാറ പൊട്ടിക്കുന്നതിനായി വെടി പൊട്ടിച്ചപ്പോഴാണ് കൂറ്റൻ പാറക്കഷണങ്ങൾ വീട്ടിലേക്ക് പതിച്ചത്. നിയമങ്ങൾ കാറ്റിപ്പറത്തി അനുവദനീയമായ അളവിനെക്കാൾ ഏറെയാണ് ഇവിടെ പാറ ഖനനം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഖനനം നടക്കുന്ന പ്രദേശത്തിന് സമീപമാണ് ടൂറിസം കേന്ദ്രമായ തമ്പുരാൻ - തമ്പുരാട്ടിപ്പാറ സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾക്കും ഈ ക്വാറി അപകടഭീഷണിയാകുന്നു. പാറ ഖനനം കാരണം പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്.
സദാസമയവും പാറക്കഷണങ്ങൾ തെറിച്ചുവീഴുന്നതിനാൽ പകൽ സമയങ്ങളിൽ കുട്ടികളെ പുറത്തേക്ക് വിടാൻ പറ്റാത്ത അവസ്ഥയാണുള്ളത്. സമീപത്തെ മിക്ക വീടുകളിലും വിള്ളലുകളും വീണിട്ടുണ്ട്. ജനങ്ങൾക്ക് ഇത്രയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ക്വാറിയുടെ പ്രവർത്തനത്തെ കുറിച്ച് പരിശോധിക്കാൻ അധികൃതർ തയ്യാറാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.