c

തിരുവനന്തപുരം:ജില്ലയിൽ കൊവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. 45നു മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.ഇതിനായി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ വാർഡ് തലത്തിൽ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്നും കളക്ടർ പറഞ്ഞു. ജില്ലാ വികസന കമ്മിഷണർ ഡോ.വിനയ് ഗോയൽ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ.സുരേഷ് കുമാർ,ജില്ലാ മെഡിക്കൽ ഓഫീസർ കെ.എസ്.ഷിനു,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വാക്സിനേഷന് അർഹരായവരുടെ എണ്ണം വാർഡ് അടിസ്ഥാനത്തിൽ ശേഖരിക്കും

ഓരോ പ്രദേശത്തും പൊതുജനങ്ങൾക്ക് എത്തിച്ചേരാൻ സൗകര്യമുള്ള സ്ഥലങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കും വാക്സിനേഷനെക്കുറിച്ച് അവബോധം നൽകുന്നതിനായി പഞ്ചായത്ത് തലത്തിൽ പ്രത്യേക അനൗൺസ്‌മെന്റ് സംവിധാനം ഏർപ്പെടുത്തും

ആവശ്യമുള്ളിടത്ത് ആരോഗ്യ വകുപ്പിന്റെ മൊബൈൽ വാക്സിനേഷൻ സൗകര്യം ഉപയോഗിക്കും

വാക്സിനേഷൻ,കൊവിഡ് പരിശോധന ബോധവത്കരണം തുടങ്ങിയവ ഊർജ്ജിതമാക്കും

സ്വകാര്യ സ്ഥാപനങ്ങളിലെ 45നു മുകളിൽ പ്രായമുള്ള ജീവനക്കാരെല്ലാം വാക്സിൻ സ്വീകരിക്കുകയും ആ വിവരം സ്ഥാപനത്തിനു മുന്നിൽ പ്രദർശിപ്പിക്കുകയും വേണം

എല്ലാ പ്രദേശങ്ങളിലും സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം ശക്തമാക്കും