ആറ്റിങ്ങൽ: ഇന്ന് മുതൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലും സുരക്ഷയൊരുക്കിയതായി ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അറിയിച്ചു.
2040 വിദ്യാർത്ഥികളാണ് ആറ്റിങ്ങൽ പട്ടണത്തിലെ സ്കൂളുകളിൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്. നഗരസഭയുടെയും സ്കൂൾ അധികൃതരുടെയും കൂട്ടായ പ്രവർത്തനമാണ് സ്കൂളുകളിൽ നടന്നത്.
അവനവഞ്ചേരി ഗവ. എച്ച്.എസ്, ഗവ. മോഡൽ ബോയിസ് എച്ച്.എസ്.എസ്, ഗേൾസ് എച്ച്.എസ്.എസ്, വിദ്യാധിരാജ എച്ച്.എസ്.എസ്, നവഭാരത് എച്ച്.എസ്.എസ്, സി.എസ്.ഐ എച്ച്.എസ്.എസ് എന്നീ 6 സ്കൂളുകളിലാണ് പരീക്ഷ നടക്കുന്നത്.
ഹൈസ്കൂൾ വിഭാഗത്തിൽ 1219 കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 821 കുട്ടികളുമാണ് ഇത്തവണ ആറ്റിങ്ങലിലെ സ്കൂളുകളിൽ പരീക്ഷ എഴുതുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും പരീക്ഷ. പരീക്ഷയ്ക്കെത്തുന്ന കുട്ടികളുടെ ശരീരോഷ്മാവ് കൃത്യമായും പരിശോധിക്കും. പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കുകയും പ്രത്യേകം തയ്യാറാക്കിയ ക്ലാസ് റൂമിൽ ഇരുത്തി പരീക്ഷ എഴുതിക്കുകയും ചെയ്യും. കൊവിഡ് പൊസിറ്റീവ് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം പരീക്ഷ എഴുതാനുള്ള സാഹചര്യവും ഒരുക്കും.