joji

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ദിലീഷ് പോത്തൻ ചിത്രം ' ജോജി ' മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ കാണികളെ ഏറെ സ്വാധീനിച്ച കഥാപാത്രമാണ് കുട്ടപ്പൻ പി.കെ.പനച്ചൽ. മസിൽ ബോഡിയും പരുക്കൻ സ്വഭാവവുംകൊണ്ട് മക്കളെയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ച കുട്ടപ്പനായെത്തിയത് വാകത്താനം സ്വദേശി പി.കെ.സണ്ണിയാണ്. എന്നാൽ ആദ്യമായല്ല സണ്ണി ബിഗ് സ്‌ക്രീനിൽ അഭിനയിക്കുന്നത്. ഭദ്രന്റെ സൂപ്പർഹിറ്റ് ചിത്രം സ്ഫടികത്തിലാണ് സണ്ണി ആദ്യം അഭിനയിച്ചത്. ആടു തോമയെ തളയ്ക്കാൻ പൂക്കോയ ഇറക്കുമതി ചെയ്ത വാടകഗുണ്ട തൊരപ്പൻ ബാസ്റ്റിനായി എത്തിയത് സണ്ണിയാണ്. കൂടാതെ ഇയ്യോബിന്റെ പുസ്തകത്തിലും ചെറിയ വേഷത്തിലെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരനുമായുള്ള പരിചയമാണ് സണ്ണിയെ ജോജിയിൽ എത്തിച്ചത്. മിസ്റ്റർ കേരള മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു സണ്ണി. കോട്ടയം പൊലീസ് സ്‌റ്റേഷനിൽ കോൺസ്റ്റബിളായി ജോലി ചെയ്യുന്ന കാലത്താണ് ഭദ്രൻ സ്ഫടികത്തിലേക്ക് വിളിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഷേക്പിയറുടെ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമൊരു ക്രൈം ഡ്രാമയാണ്. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ഇത്.