തിരുവനന്തപുരം: നഗരത്തിൽ കുടിവെള്ള ടാങ്കറുകൾക്ക് വിതരണം ചെയ്യുന്ന വെള്ളത്തിന് അഞ്ച് ശതമാനം വില കൂട്ടി. ഫെബ്രുവരിയിൽ കുടിവെള്ളത്തിന് വില കൂട്ടണമെന്ന് വാട്ടർ അതോറിട്ടി സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിയട്ടെ എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. 1000 ലിറ്റർ വെള്ളത്തിന് 54 രൂപയായിരുന്നത് 63 രൂപയാക്കി പുതുക്കുകയായിരുന്നു. നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും വെള്ളമെത്തിക്കുന്നത്. നഗരത്തിൽ കുടിവെള്ള വിതരണം നടത്തുന്നതിന് അനുമതിയുള്ളത് ' സുജലം സുലഭം' പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ടാങ്കറുകൾക്കാണ്. വേനൽ കനത്തതോടെ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമാണ്. നിരക്ക് കൂട്ടിയതോടെ വെള്ളം ശേഖരിക്കാൻ തടസമുണ്ടാകുന്ന അവസ്ഥയാണുള്ളത്.