photo

പാലോട്: മഹേഷിന്റെ വീട്ടിൽ വൈദ്യുതി വെളിച്ചം കണ്ടിട്ടില്ല, ഓൺലൈൻ ക്ലാസിന് ഫോണില്ല, പഠിക്കാൻ മിടുക്കൻ, ചെറ്റച്ചൽ യു.പി.എസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മഹേഷ്. അച്ഛൻ മരിച്ചിട്ട് ഏഴു വർഷം. ഒരു അനുജത്തിയും അമ്മയും അമ്മുമ്മയും താമസിക്കുന്ന വീട്ടിലെ ഏക ആൺതരി. വീട് ടാർപോളിൻ കെട്ടിമറച്ച സുരക്ഷിതത്വം ഒട്ടും ഇല്ലാത്ത വീട്. 25 കോഴി, കാട കോഴി, പ്രാവ് എന്നിവ വളർത്തിയാണ് ജീവിതം. അമ്മയ്ക്ക് തൊഴിലുറപ്പിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് ഏക ആശ്രയം. റേഷൻ കാർഡില്ലാത്തതിനാൽ സർക്കാർ ആനുകൂല്യം ഒന്നും ലഭിക്കില്ല. ഇതാണ് ചെറ്റച്ചൽ സമരഭൂമിയിലെ മുപ്പതോളം കുടുംബങ്ങളുടെ നേർകാഴ്ച.

ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിലാണ് 2003ൽ ചെറ്റച്ചൽ ഡെയറി ഫാമിന്റെ 28 ഹെക്ടർ ഭൂമി പതിച്ചുകിട്ടാനായി കുടിൽ കെട്ടി സമരം ആരംഭിച്ചത്. മുപ്പതോളം കുടുംബങ്ങൾ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ടാർപ്പോളിൻ മേഞ്ഞ കുടിലുകളിൽ താമസിച്ചിട്ടും സമരത്തിലേക്ക് എത്തിച്ചവർ ഭരണ നേതൃത്വത്തിൽ എത്തി വർഷങ്ങൾ കഴിഞ്ഞെങ്കിലും ആരാലും സംരക്ഷണമില്ലാതെ അടച്ചുറപ്പില്ലാത്ത വീടുകളിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ അന്തിയുറങ്ങുന്ന ഈ പാവങ്ങളുടെ നരകതുല്യമായ ജീവിതത്തിന് ഇനി ആരിൽ നിന്നാണ് പരിഹാരം ഉണ്ടാകേണ്ടത് എന്ന ചോദ്യത്തിനു മുന്നിൽ പകച്ചിരിക്കുകയാണ് ഇവർ.

19 വർഷമായി യാതൊരു വിധ നടപടികളോ ആനുകൂല്യങ്ങളോ അർഹതപ്പെട്ടവർക്കെങ്കിലും എത്തിക്കാൻ സമരത്തിലേക്ക് വഴിയൊരുക്കിയവർ പോലും തയ്യാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഭരണം മാറുംതോറും സമരത്തിന്റെ രീതിയും മാറുമായിരുന്നു.

യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ സമരഭൂമിയിൽ സമരപന്തലുയരും. എൽ.ഡി.എഫ് ഭരണത്തിൽ എത്തുമ്പോൾ സമരപന്തൽ പൊളിച്ചു കളയും. ക്ഷേമാന്വേഷണത്തിനെത്തുന്ന നേതാക്കളുടെ വരവും ചുരുങ്ങും. രാഷ്ട്രീയ മത്സരങ്ങൾക്കിടയിൽ ഇരയായത് വാഗ്ദാനങ്ങൾ വിശ്വസിച്ച് സമരത്തിനെത്തിയ മുപ്പതോളം കുടുംബങ്ങളാണ്. 2013 ഏപ്രിൽ 21ന് ആരംഭിച്ച സമരം 19 വർഷമാകുമ്പോഴും അവഗണിക്കപ്പെട്ടവരായി കഴിയാനാണ് ഈ കുടുംബങ്ങളുടെയും ദുർഗതി.

വീട്

ടാർപോളിൻ കെട്ടിമറച്ച അടച്ചുറപ്പില്ലാത്ത കൂരയിലാണ് ഇവരുടെ താമസം

റേഷൻ കാർഡുമില്ല

ഭൂമി പതിച്ചു കിട്ടാത്തതിനാൽ റേഷൻ ആനുകൂല്യങ്ങൾ പോലും ഇവർക്ക് അന്യമാണ്‌. താമസിക്കുന്ന ഭൂമിക്ക് യാതൊരു രേഖകളുമില്ല. ചോർന്നൊലിക്കുന്ന കൂരകളിലാണ് ഇവരുടെ താമസം. എന്നിട്ടും ലൈഫ് പദ്ധതിയിലും പേരില്ല. വീട്ടുനമ്പർ പോലും ഇതുവരെ ലഭിച്ചിട്ടില്ല.

ജനനവും മരണവും ഇവിടെ

കുടിൽ കെട്ടി താമസം ആരംഭിച്ചതിനുശേഷം ഇതേ ഭൂമിയിൽ അന്ത്യവിശ്രമം കൊള്ളുന്നത് 5 മുതിർന്നവരും 2 കുഞ്ഞുങ്ങളുമാണ്. അടച്ചുറപ്പുള്ള ഒരു വീടിനായ് തട്ടാത്ത വാതിലുകളില്ല.