party

കേരള കോൺഗ്രസ് ഗ്രൂപ്പുകൾക്കും കരുത്ത് കാട്ടണം

തിരുവനന്തപുരം: ഭരണത്തുടർച്ചയോ, ഭരണമാറ്റമോ എന്നറിയാൻ ആകാംക്ഷയുടെ നാളുകളെണ്ണി കേരളം കാത്തിരിക്കുമ്പോൾ, അതിനേക്കാൾ നെഞ്ചിടിപ്പുമായി കഴിയുന്ന ചിലരുണ്ട്- മൂന്ന് മുന്നണികളിലെയും ചെറുകക്ഷികൾ. അതിൽ പലർക്കും ഈ നിയമസഭാ തിരഞ്ഞെടുപ്പ് അതിജീവനത്തിന്റെ പോരാട്ടമാണ്.

കേരള കോൺഗ്രസുകൾ

കേരള കോൺഗ്രസ്- ജോസ്, ജോസഫ് ഗ്രൂപ്പുകൾക്ക് കരുത്ത് തെളിയിക്കേണ്ടത് അനിവാര്യം. യു.ഡി.എഫിന്റെ കരുത്തായിരുന്നു മദ്ധ്യകേരളത്തിലെ കേരള കോൺഗ്രസ്-എമ്മിന്റെ സാന്നിദ്ധ്യം. 90കൾ തൊട്ട് 2011വരെ ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയിലായിരുന്നു. 2011ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പിൽ ലയിച്ചു. ആ തിരഞ്ഞെടുപ്പിൽ 72- 68 എന്ന നിലയിൽ ഫോട്ടോഫിനിഷിൽ യു.ഡി.എഫ് അധികാരം പിടിച്ചപ്പോൾ, ജോസഫ്-മാണി ലയനവും ഗണ്യമായ പങ്ക് വഹിച്ചു.

കെ.എം. മാണിയുടെ വിയോഗത്തിന് ശേഷം, മാണിയുടെ മകൻ ജോസ് കെ. മാണി നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗമിപ്പോൾ എൽ.ഡി.എഫിലാണ്. കേരള കോൺഗ്രസിന് സ്വാധീനമേറെയുള്ള കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ മാണി വിഭാഗത്തിന് സ്വാധീനക്കൂടതലുണ്ടെന്ന വിശ്വാസത്തിൽ കൂടുതൽ പ്രതീക്ഷയർപ്പിക്കുകയാണ് ഇടതുമുന്നണി. മദ്ധ്യകേരളത്തിൽ ഇടതു നേട്ടമുണ്ടായാൽ ജോസ് വിഭാഗത്തിന്റെ വിലപേശൽ ശേഷി ഉയരും. ജോസ് വിഭാഗം പോയിട്ടും യു.ഡി.എഫിലെ മൂന്നാം ശക്തിയെന്ന നിലയിൽ കരുത്തുണ്ടെന്ന് തെളിയിക്കേണ്ടത് ജോസഫ് വിഭാഗത്തിന്റെയും ആവശ്യം.

മൂന്ന് മുന്നണികൾ

15 ചെറുകക്ഷികൾ

കഴിഞ്ഞ തവണ ഇടതുതരംഗത്തിനിടയിൽ 'സംപൂജ്യരായ' കക്ഷികളിൽ പലതിനും ഇത്തവണയും പിടിച്ചുനിൽക്കാനായില്ലെങ്കിൽ മുന്നോട്ടുള്ള പോക്ക് പ്രയാസമാകും. 2016ൽ മാണി ഗ്രൂപ്പിൽ നിന്ന് പിളർന്നെത്തിയ ജനാധിപത്യ കേരള കോൺഗ്രസിന് ഇടതുമുന്നണി നാല് സീറ്റ് നൽകിയെങ്കിലും ഒന്നിലും വിജയിച്ചില്ല. അതിന്റെ പ്രസിഡന്റായിരുന്ന ഫ്രാൻസിസ് ജോർജ് പിന്നീട് ജോസഫിനൊപ്പം തിരിച്ചുപോയി. ഇക്കുറി ജനാധിപത്യ കേരള കോൺഗ്രസിന് ഒരു സീറ്റ് മാത്രം. യു.ഡി.എഫിൽ 2016ൽ അഞ്ചിടത്ത് മത്സരിച്ച ആർ.എസ്.പിയും ഏഴിടത്ത് മത്സരിച്ച ജനതാദൾ-യുവും വട്ടപ്പൂജ്യമായി.

എൽ.ഡി.എഫ്

മത്സരിക്കുന്ന ചെറിയ

കക്ഷികൾ - 8

(കേരള കോൺഗ്രസ് സ്കറിയ വിഭാഗത്തിന് സീറ്റില്ല).

ജനതാദൾ-എസ് :4:( 2016 -5 ,വിജയിച്ചത് -3)

എൽ.ജെ.ഡി : 3 (2016-മുന്നണിയിലില്ല.

എൻ.സി.പി : 3 ( 2016- 4 ,വിജയിച്ചത്- 2). 2019 ഉപതിരഞ്ഞെടുപ്പിൽ 1 കൂടി.

ജനാധിപത്യ കേരള കോൺ.: 1 (2016: 4 -എവിടെയും ജയിച്ചില്ല)

ഐ.എൻ.എൽ : 3 (2016- 3 -എവിടെയും വിജയിച്ചില്ല)

കോൺഗ്രസ് എസ്: 1 (2016: 1 -ജയിച്ചു)

കേരള കോൺഗ്രസ്-ബി :1 (2016: 1 -ജയിച്ചു)

ആർ.എസ്.പി ലെനിനിസ്റ്റ് :1 (2016: 1 -ജയിച്ചു)

യു.ഡി.എഫ്

മത്സരിക്കുന്ന

ചെറുകക്ഷികൾ-5.

(ഫോർവേഡ്ബ്ലോക്കിനും ഭാരതീയ ജനതാദളിനും സീറ്റില്ല.)

ആർ.എസ്.പി : 5 (2016: 5 -ജയിച്ചില്ല)

എൻ.സി.കെ : 2 (2016 -മുന്നണിയിലില്ല)

കേരള കോൺ. ജേക്കബ് : 1 (2016: 1 (ജയിച്ചു)

സി.എം.പി : 1 (2016- 1 -ജയിച്ചില്ല)

ആർ.എം.പി :1 (2016- മുന്നണിയിലില്ല.

എൻ.ഡി.എ

മത്സരിക്കുന്ന

ചെറുകക്ഷികൾ - 3

എ.ഐ.എ.ഡി.എം.കെ: 2 ( 2016ൽ മുന്നണിയിലില്ല).

കാമരാജ് കോൺഗ്രസ് :1 (2016ൽ ഇല്ല

ജനാധിപത്യ രാഷ്ട്രീയസഭ :1 (2016-1 -ജയിച്ചില്ല).

ഡമോക്രാറ്റിക് സോഷ്യൽ

ജസ്റ്റിസ് വെൽഫെയർ പാർട്ടി :1 (2016ൽ ഇല്ല)