maranalloor

മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ കടമ്പുമലയുടെ അടിവാരത്തുണ്ടായ തീപിടിത്തത്തിൽ നിരവധി റബർ മരങ്ങൾ നശിച്ചു. ഇന്നലെ രാവിലെ 8ഓടെയാണ് പ്രദേശവാസികൾ സംഭവം അറിയുന്നത്. ഫയർഫോഴ്സിന്റെ കാട്ടാക്കട, നെയ്യാറ്റിൻകര യൂണിറ്റുകളിൽ നിന്നെത്തിയവർ ഏറെ പരിശ്രമിച്ചാണ് തീകെടുത്തിയത്. സാമൂഹ്യവിരുദ്ധർ തീയിട്ടതാണെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. മലയുടെ അടിവാരത്ത് 25ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മാറനല്ലൂർ പഞ്ചായത്തിലെ കൊറ്റംപള്ളി, കരിങ്ങൽ വാർഡുകളിലുൾപ്പെട്ട മേഖലയിൽ 55 ഏക്കറോളം റബർ മരങ്ങളുണ്ട്. സ്വകാര്യ വ്യക്തിയുടെ അഞ്ചേക്കർ പുരയിടത്തിലെ റബർ മരങ്ങൾ കത്തിനശിച്ചതായി കാട്ടാക്കട ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി.ആർ. പദ്മകുമാർ അറിയിച്ചു. ഓഫീസർമാരായ പ്രസാദ് കുമാർ, സജു, വിജയകുമാർ, ബിനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീ കെടുത്തിയത്.