veena

 കിലോയ്ക്ക് 10 രൂപ

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ്.നായർക്കുവേണ്ടി അച്ചടിച്ച കെട്ടുകണക്കിന് പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തി. നന്തൻകോട് വൈ.എം.ആർ ജംഗ്ഷനിലുള്ള ആക്രിക്കടയിലാണ് പോസ്റ്ററുകൾ വിറ്റത്. ഉപയോഗിക്കാത്ത 40 കിലോ വർണ പോസ്റ്റർ കിലോയ്ക്ക് 10 രൂപ നിരക്കിലാണ് വാങ്ങിയതെന്നും കൊണ്ടുവന്നയാളെ അറിയില്ലെന്നും ആക്രിക്കടയുടമ പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെയാണ് പോസ്റ്ററുകൾ ആക്രിക്കടയുടെ പുറത്തെ ഷെഡിൽ കൂട്ടിയിട്ടിരിക്കുന്ന നിലയിൽ കാണപ്പെട്ടത്. പോസ്റ്റർ ആക്രിക്കടയിൽ വിറ്റത് കോൺഗ്രസിൽ പുതിയ വിവാദത്തിന് ഇടയാക്കി.

അതേസമയം, വോട്ടെടുപ്പ് ദിനം ബൂത്ത് അലങ്കരിക്കാൻ നൽകിയ പോസ്റ്ററിന്റെ ബാക്കിയാകാം പ്രവർത്തകരിലാരോ ആക്രക്കടയിൽ എത്തിച്ചതെന്നാണ് മണ്ഡലത്തിലെ ചില നേതാക്കൾ ന്യായീകരിച്ചത്. സംഭവം അന്വേഷിക്കാൻ ഡി.സി.സി ഭാരവാഹിയെ ചുമതലപ്പെടുത്തിയതായി ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. ആരെങ്കിലും മനപ്പൂർവം ചെയ്തതാണെങ്കിൽ നടപടിയെടുക്കും.