photo

നെടുമങ്ങാട്: കൊവിഡ്കാല വെല്ലുവിളികൾക്കു നടുവിലും ജൈവഗ്രാമം എന്ന ആശയം ഫലപ്രദമായി നിറവേറ്റിയ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെത്തേടി നാലാം തവണയും ദേശീയ പുരസ്കാരം. ഒരു ഭരണ കാലയളവിനുള്ളിൽ തുടർച്ചയായി നാലുതവണ ദേശീയ പുരസ്കാരം എന്ന അപൂർവ നേട്ടമാണ് ബ്ലോക്കിനെ തേടിയെത്തിയിരിക്കുന്നത്. ദീൻ ദയാൽ ഉപാദ്ധ്യായ പഞ്ചായത്ത് ശാക്തീകരൺ ദേശീയ അവാർഡ് നേടിയത് വഴി 25 ലക്ഷം രൂപയാണ് ലഭിച്ചത്. ഈ തുകയും 'നെടുമങ്ങാടിൻ അഭയം' പദ്ധതി മുഖേനെ അർഹരായ രോഗികളുടെ കരങ്ങളിൽ സമാശ്വാസമായി എത്തും.

തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃക

'മണ്ണിന്റെയും മനുഷ്യന്റെയും ആയുസിനായ്' എന്ന സന്ദേശമുയർത്തി 2015 ഡിസംബറിൽ ആരംഭിച്ചതാണ് ജൈവഗ്രാമം പദ്ധതി. ഇതിനകം നൂറ് ഏക്കറിലേറെ തരിശ്‌ഭൂമി ജൈവകൃഷിക്ക് യോഗ്യമാക്കി. സ്വയം നിക്ഷേപമായി ബ്ലോക്ക് മെമ്പർമാരും ജീവനക്കാരും ചേർന്ന് സ്വരൂപിച്ച 4.25 ലക്ഷം രൂപയാണ് മൂലധനം. ചാരിറ്റബിൾ സൊസൈറ്റിസ് ആക്ട് പ്രകാരം അംഗീകൃത നഴ്‌സറിയും സംയോജിതകൃഷി പരിശീലന കേന്ദ്രങ്ങളും ആരംഭിച്ചു. അയ്യായിരത്തിലേറെ യുവതി-യുവാക്കൾക്ക് പരിശീലനം നൽകി. തരിശിടങ്ങൾ ഉൾപ്പടെ 500 ഏക്കറോളം സ്ഥലത്താണ് ബ്ലോക്കിന്റെ ജൈവകൃഷി. 17 പേർക്ക് സ്ഥിരം ജോലിയും നൂറോളം പേർക്ക് പ്രതിവർഷം 150-200 തൊഴിൽ ദിനങ്ങളും ലഭ്യമാക്കിയ ജൈവഗ്രാമം സംസ്ഥാനത്തെ മറ്റു തദ്ദേശസ്ഥാപനങ്ങൾക്ക് മാതൃകയാണ്. പ്രതിവർഷം 25 ലക്ഷം രൂപയാണ് തരിശിടങ്ങളിലെ കൃഷിയിലൂടെ തനതു ഫണ്ടിലേക്ക് എത്തുന്ന ലാഭം. മുൻ ബ്ലോക്ക് പ്രസിഡന്റ് വട്ടപ്പാറ ബി.ബിജുവിന്റെ ഭാവനയിൽ വിടർന്ന പദ്ധതിയാണ് ജൈവഗ്രാമം.പുരസ്കാര നിറവിൽ നാടിന് മാതൃകയായായ പദ്ധതിയുടെ അണിയറ ശില്പിക്കും അനുമോദനങ്ങളുടെ പ്രവാഹമാണ്.

ഒരേവികാരമായി ഏറ്റെടുത്തു

'വരാൻ പോകുന്ന ഭക്ഷ്യക്ഷാമത്തെയും തരിശുരഹിത ഗ്രാമങ്ങളുടെ അനിവാര്യതയെയും പറ്റി മുഖ്യമന്ത്രി പുറപ്പെടുവിച്ച ആഹ്വാനത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തൊഴിലാളികളും ഒരേ വികാരമായി ഏറ്റെടുത്തതിന്റെ ഫലമാണ് ജൈവഗ്രാമം പദ്ധതി എന്ന വിജയഗാഥ. മറ്റ് തദ്ദേശ സ്ഥാപനങ്ങളും ഇത്തരം പദ്ധതികൾ ഏറ്റെടുക്കണം'

--ബി.ബിജു (മുൻ ബ്ലോക്ക് പ്രസിഡന്റ്)