photo

പാലോട്: വന്യമൃഗങ്ങളുടെ തുടർച്ചയായ ആക്രമണത്തിൽ പാലോട് മേഖലയിലെ ജനജീവിതം ദുരിതത്തിൽ. കാട്ടാന ഉൾപ്പെടെയുള്ളവയുടെ ആക്രമണത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടമായതിന് പുറമേ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെങ്ങറ സമരഭൂമിയിലെ താമസക്കാരനായ ശാസ്‌താംനട പിള്ളേക്കോട് ചതുപ്പിൽ സദാനന്ദനെയാണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലാർ മേഖലയിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷനാശമുണ്ടായിട്ടുണ്ട്. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 68 ലക്ഷം രൂപയോളം ചെലവഴിച്ച് സൗരോർജ്ജ വേലി സർക്കാർ നിർമ്മിച്ചിരുന്നു. അഞ്ച് വർഷത്തിനിടയിൽ വിതുര പഞ്ചായത്തിൽ മാത്രം കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴാണ്. കഴിഞ്ഞ വർഷം കല്ലാർ മേഖലയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടുപേർ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ബഡ്ജറ്റുകളിൽ പ്രഖ്യാപിക്കുമെങ്കിലും കടലാസിൽ മാത്രം ഒതുങ്ങുകയാണെന്നാണ് പരാതി.

കാട്ടുമൃഗ ശല്യം രൂക്ഷമായ സ്ഥലങ്ങൾ

----------------------------------------------------------

നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പൻകാട്, പ്രാമല, ദ്രവ്യം വെട്ടിയ മൂല, കാലൻകാവ്, പുലിയൂർ, പാണ്ഡിയംപാറ തുടങ്ങിയ സ്ഥലങ്ങളിലും പെരിങ്ങമ്മല പഞ്ചായത്തിലെ പിള്ളേക്കോട് ചതുപ്പ്, പുന്നമൺവയൽ, വെളിയങ്കാല, വേങ്കല്ല, ശാസ്താനട, ഇടിഞ്ഞാർ, മങ്കയം, കോളച്ചൽ, മുത്തിക്കാണി, വെങ്കലകോൺ, കൊന്നമൂട് തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടുമൃഗശല്യം രൂക്ഷമായിട്ടുള്ളത്.

 5 വർഷത്തിനിടെ 7 മരണം

കൃഷി അന്യമായി

കാട്ടുമൃഗങ്ങളുടെ ശല്യം മൂലം ആദിവാസി മേഖലയിൽ കൃഷി പ്രതിസന്ധിയിലാണ്. ഉപജീവനത്തിനായി കൃഷി ഇറക്കാൻ കഴിയാതെ വന്നതോടെ ആദിവാസികൾ ഏറെ ബുദ്ധിമുട്ടിലാണ്. കാട്ടാനയ്ക്ക് പുറമേ കാട്ടുപോത്തും പന്നിയും ബുദ്ധിമുട്ടുണ്ടാക്കുന്നു. വർദ്ധിച്ചുവരുന്ന ആനശല്യത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.

ആനക്കിടങ്ങും വൈദ്യുതവേലിയും കടലാസിൽ

വർദ്ധിച്ചുവരുന്ന ആനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആദിവാസിസമൂഹവും നാട്ടുകാരും അനവധിതവണ സമരങ്ങൾനടത്തിയതിനെ തുടർന്ന് വൈദ്യുതിവേലിയും ആനക്കിടങ്ങും സ്ഥാപിക്കുമെന്ന് വനം മന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും വാഗ്ദാനം കടലാസിലുറങ്ങുകയാണ്. കഴിഞ്ഞ മാസം വനം മന്ത്രി കെ. രാജു കല്ലാറിൽ എത്തിയപ്പോഴും കല്ലാർ നിവാസികൾ ആനശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.

പരിഹാരമാർഗം

 സൗരോർജ്ജ വേലി സ്ഥാപിക്കുക

 കിടങ്ങുകൾ തീർക്കുക

 റാപ്പിഡ് ടീം ശക്തമാക്കണം

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം

നൽകണം. അധികൃതർ അടിയന്തര നടപടിയെടുക്കണം

എം.വി. ഷിജുമോൻ,​ ആദിവാസി ക്ഷേമ സമിതി

ജില്ലാ ജോയിന്റ് സെക്രട്ടറി