മലയിൻകീഴ്: അശാന്തി പടർത്തിയ വിളവൂർക്കൽ ഗ്രാമത്തിൽ രാഷ്ട്രീയസംഘർഷം അവസാനിപ്പിക്കാൻ പൊലീസിന്റെ മദ്ധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. കളിസ്ഥലത്ത് അതിക്രമിച്ചുകടന്ന സംഭവത്തിന്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞദിവസം വിളവൂർക്കലിൽ ആക്രമണ പരമ്പരയുണ്ടായത്. ബി.ജെ.പി - സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടിയപ്പോൾ 13 പേർക്ക് പരിക്കേൽക്കുകയും വീടും ഗൃഹോപകരണങ്ങളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ടായി.
വിളവൂർക്കൽ പഞ്ചായത്തിലെ കോണക്കോട്, പെരുകാവ് ഭാഗങ്ങളിൽ ബുധനാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. അക്രമസംഭവങ്ങൾക്ക് പിന്നാലെ ജനങ്ങൾ ഭീതിയിലായി. വീട് അടിച്ചുതകർക്കുകയും ബൈക്കുകൾ നശിപ്പിക്കുകയും ചെയ്‌തതോടെ ജനങ്ങൾ ഭയന്നു. പിന്നാലെ വൻ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളിലുമുള്ള 12 പേരെ പൊലീസ് അറസ്റ്റുചെയ്‌തു.
കാട്ടാക്കട ഡിവൈ.എസ്.പി എസ്.ഷാജി, മലയിൻകീഴ് എസ്.എച്ച്.ഒ സന്തോഷ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.എസ്. സുനിൽകുമാർ (സി.പി.എം ), മുക്കംപാലമൂട് ബിജു (ബി.ജെ.പി), നേതാക്കളായ എം.അനിൽകുമാർ, കെ.ജയചന്ദ്രൻ, കുന്നുവിള സുധീഷ് എന്നിവർ സമാധാന ചർച്ചയിൽ പങ്കെടുത്തു. ബി.ജെ.പി, സി.പി.എം പ്രവർത്തകരുടെ വീടുകളിൽ തുടർച്ചയായിട്ടാണ് ആക്രമണമുണ്ടായത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെയും സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. പൊലീസ് പട്രോളിംഗ് ശക്തമാക്കാൻ സമാധാന യോഗത്തിൽ തീരുമാനമായി. ജനപ്രതിനിധികളും പാർട്ടി നേതാക്കളും സംഭവസ്ഥലം സന്ദർശിച്ചു.