തിരുവനന്തപുരം: കരമന കിള്ളിപ്പാലത്തെ അപ്പാർട്ട്‌മെന്റിലെ കൊലപാതകത്തിൽ ഒരാളെകൂടി അറസ്റ്റ് ചെയ്‌തു. മലയിൻകീഴ് സ്വദേശിയായ സജീവാണ് (27) പിടിയിലായത്. ഇന്നലെ രാവിലെ മലയിൻകീഴിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്. ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനാൽ ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഇനിയും വ്യക്തമാകാനുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടായിരുന്ന മൂന്നു പ്രതികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ആറ്റുകാൽ പുത്തൻകോട്ട ദേവീനഗർ സ്വദേശി നവീൻ സുരേഷ് (28), കാട്ടാക്കട അരുവിപ്പാറ സ്വദേശി ചിക്കു (സുജിത്ത്, 27), നെടുമങ്ങാട് കരിപ്പൂര് വലിയവിള സ്വദേശി ഷീബ (37) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഏപ്രിൽ 4ന് രാവിലെയാണ് വലിയശാല സ്വദേശി വൈശാഖിനെ (34) കുത്തേറ്റ് മരിച്ച നിലയിൽ അപ്പാർട്ട്‌മെന്റിൽ കണ്ടെത്തിയത്. അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തിരുന്നു. വൈശാഖ് പെൺവാണിഭ സംഘങ്ങൾക്ക് ആവശ്യക്കാരെ എത്തിക്കുന്ന ഏജന്റായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെബ്‌സൈറ്റുകളിൽ പരസ്യം നൽകിയായിരുന്നു ഇയാൾ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ഇവർ നടത്തിയിരുന്ന പെൺവാണിഭത്തിൽ നിന്ന് തനിക്ക് ലാഭം കിട്ടില്ലെന്ന് മനസിലാക്കിയതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.