ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രി വികസനക്കുതിപ്പിലേക്ക്.11 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് ആശുപത്രിയിൽ നടന്നുവരുന്നത്. സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ നിർമ്മാണപ്രവർത്തനം പൂർത്തിയായി. 3.65 കോടിയാണ് ഇതിന്റെ എസ്റ്റിമേറ്റ്. കെട്ടിടനിർമ്മാണത്തിന് 2.10 കോടിയും ഉപകരണങ്ങൾക്ക് 1.55 കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്. ഒരുസമയം 12 പേർക്ക് ഡയാലിസിസ് ചെയ്യാൻ പാകത്തിനാണ് ക്രമീകരണം ഒരുക്കുന്നത്. നിർമ്മാണം പൂർത്തിയായ ഈ കെട്ടിടത്തിന് മുകളിൽ 55 ലക്ഷം രൂപ ചെലവിൽ നേത്രരോഗവിഭാഗം സജ്ജമാകുന്നുണ്ട്. ശസ്ത്രക്രിയാവിഭാഗം ഉൾപ്പെടെയാണ് ഇവിടെ ക്രമീകരിക്കുന്നത്. മൂന്നുനിലകളിലായി 3.5 കോടി ചെലവിട്ട് നിർമ്മിക്കുന്ന പുതിയ ഒ.പി കെട്ടിടത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. 3.5 കോടി ചെലവിട്ട് ഗൈനക്ക് വിഭാഗവും നിർമ്മാണം നടക്കുകയാണ്. ആയിരത്തിലധികമാളുകൾ ദിനംപ്രതി ഇവിടെ ഒ.പി.യിൽ എത്തുന്നുണ്ട്. സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ആവശ്യമായ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കാൻ അധികൃതർ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പണി പുരോഗമിക്കുന്നത്
1. പുതിയ ഒ.പി ബ്ലോക്ക്
2. ഗൈനക് ബ്ലോക്ക്
3. നേത്രചികിത്സാവിഭാഗം
അനുവദിച്ച ഫണ്ട്
a. സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന് - 3.65 കോടി
b. ഒ.പി വിഭാഗത്തിന് - 3.5 കോടി
c. ഗൈനക് വിഭാഗത്തിന് - 3.5 കോടി
d. നേത്രചികിത്സാവിഭാഗത്തിന് - 55 ലക്ഷം
e. ജനറേറ്റർ സംവിധാനത്തിന് - 40 ലക്ഷം
നിലവിലെ സൗകര്യം
ആശുപത്രിയിൽ ഇപ്പോൾ തോന്നയ്ക്കൽ സായിഗ്രാമത്തിന്റെ നേതൃത്വത്തിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഡിജിറ്റൽ എക്സ്‌റേ യൂണിറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമുണ്ട്.ഗൈനക് വിഭാഗമുൾപ്പെടെയുള്ള സ്പെഷ്യാലിറ്റി ക്ലിനിക്കുകളും പ്രവർത്തിക്കുന്നു.
ചികിത്സ തേടുന്നത്
ആറ്റിങ്ങൽ നഗരസഭ, മുദാക്കൽ, വാമനപുരം, കിഴുവിലം, മംഗലപുരം, കരവാരം, നഗരൂർ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുള്ളവർ.
സാധാരണക്കാരന് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനമാണ്
വലിയകുന്ന് താലൂക്കാശുപത്രിയിൽ നടക്കുന്നത്.
അഡ്വ. ബി. സത്യൻ എം.എൽ.എ
വലിയകുന്ന് താലൂക്കാശുപത്രിയിൽ ആവശ്യമായ എല്ലാ സഹായങ്ങളും നഗരസഭ ചെയ്യുന്നുണ്ട്. കഴിഞ്ഞ ഭരണസമിതിയാണ് സായിഗ്രാമവുമായി ചേർന്ന് സൗജന്യ ഡയാലിസിസ് കേന്ദ്രം സജ്ജമാക്കിയത് ഏറെ പ്രയോജനപ്രദമായി പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ ഖരമാലിന്യ സംസ്‌കരണപ്ലാന്റും വനിതാകാന്റീനും നഗരസസഭയുടെ നേതൃത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
അഡ്വ. എസ്. കുമാരി, ചെയർപേഴ്സൺ, ആറ്റിങ്ങൽ നഗരസഭ