തിരുവനന്തപുരം : നാട്ടുകാരുടെ പരാതിയെ തുടർന്ന് സാമൂഹ്യവിരുദ്ധനെ പിടിക്കാനെത്തിയ പൊലീസിന് നേരെ പ്രതി പടക്കമെറിഞ്ഞ ശേഷം രക്ഷപ്പെട്ടു. കൊച്ചുവേളി വിനായക നഗറിലായിരുന്നു സംഭവം. പേട്ട സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ മൂന്നുപേർ എത്തിയ വാഹനത്തിന് നേരെയായിരുന്നു അക്രമം. സംഭവത്തിൽ ആർക്കും പരിക്കില്ല. കേസിൽ കൊച്ചുവേളി വിനായക നഗർ ആയിരംതോപ്പ് പുതുവൽപുത്തൻവീട്ടിൽ ജാങ്കോ കുമാറെന്ന അനിൽകുമാറിനായി (37) പൊലീസ് തിരച്ചിൽ തുടങ്ങി. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയായ ജാങ്കോ കുമാറിന്റെ സഹോദരനെതിരെ നാട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതോടെ കുമാറും സംഘവും ചേർന്ന് പൊലീസ് ജീപ്പിന് നേരെ പടക്കമെറിയുകയായിരുന്നു. കഴിഞ്ഞവർഷം യുവാവിനെ പടക്കമെറിഞ്ഞ് വീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ ജാംങ്കോ കുമാറിനും സഹോദരനുമെതിരെ വലിയതുറ, പേട്ട സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.