പെരുമ്പാവൂർ : വെങ്ങോല പഞ്ചായത്തിലെ വാർഡ് 23 ചുണ്ടമലപ്പുറത്ത് പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും ഉത്തരവുകൾ ലംഘിച്ച് ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിക്കുന്നതിന് വലിയതോതിൽ കുന്നിടിച്ച് നിരത്തുന്നത് നാട്ടുകാർ തടഞ്ഞു.
കഴിഞ്ഞദിവസം രാവിലെ മുതലാണ് മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പറുകളും അടക്കം നിരവധി വാഹനങ്ങൾ ഇവിടെയെത്തിയത്. നിലവിൽ നാല് ടാർ മിക്സിങ് പ്ലാന്റുകളും പ്ലൈവുഡ്, പ്ലാസ്റ്റിക് യൂണിറ്റുകളും സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരേ നാട്ടുകാർ പ്രക്ഷോഭത്തിലാണ്. വാർഡ് മെമ്പറുടെയും സമീപവാസികളുടെയും പരാതികളെ തുടർന്ന് കുന്നിടിച്ച് നിരത്തി പുതിയ ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
ജനങ്ങളുടെ പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധനകൾ നടത്തിവരികയാണ്. ഇങ്ങനെയിരിക്കെ, പരാതിക്കാരെ കക്ഷി ചേർക്കാതെ പ്ലാന്റ് ഉടമ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും കോടതി ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്ത് പഞ്ചായത്ത് സെക്രട്ടറി ഏകപക്ഷീയമായി മതിയായ പരിശോധന നടത്താതെ സ്റ്റോപ്പ് മെമ്മോ പിൻവലിക്കുകയും ചെയ്തത് പഞ്ചായത്തിൽ വലിയ ബഹളത്തിന് ഇടയാക്കി.
തുടർന്ന് ഭൂരിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം ചേരുകയും സെക്രട്ടറിയുടെ തീരുമാനം പഞ്ചായത്ത് കമ്മിറ്റി റദ്ദാക്കുകയും ചെയ്തു. സ്റ്റോപ്പ് മെമ്മോ നിലനിൽക്കുന്ന വസ്തുവിൽ നിന്ന് സ്ഥലഉടമയും മണ്ണ് മാഫിയയും ചേർന്ന് ഉദ്യോഗസ്ഥരിൽ ചിലരെ സ്വാധീനിച്ച് മണ്ണ് കയറ്റിക്കൊണ്ട് പോകാനുള്ള നീക്കമാണ് നാട്ടുകാർ തടഞ്ഞത്. ഏതാനും ലോഡുകൾ ഇവിടെ നിന്നു കയറ്റിക്കൊണ്ട് പോയെന്നും പോലീസിനെയും മറ്റ് അധികാരികളെയും ബന്ധപ്പെട്ടിട്ടും ഫോൺ എടുക്കാൻ കൂട്ടാക്കിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
സൂക്ഷ്മ-ചെറുകിട വ്യവസായ സംരംഭങ്ങൾ സുഗമമാക്കൽ ആക്ട് പ്രകാരം ഓൺലൈനിൽനിന്ന് എടുത്ത സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്ത് വലിയ മലയിടിച്ച് മണ്ണ് കടത്തിക്കൊണ്ടുപോകുന്ന ഉടമകൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്യണമെന്ന് പഞ്ചായത്തംഗം അഡ്വ. ബേസിൽ കുര്യാക്കോസ് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ ഭവനം ഫൗണ്ടേഷൻ പട്ടികയിലുളള ഫ്ളാറ്റ് സമുച്ചയം ഇതിന് സമീപത്താണ് പണിതിട്ടുള്ളത്. ഈ പ്രദേശത്ത് താങ്ങാൻ കഴിയുന്നതിനുമപ്പുറം മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾ ഉള്ളതിനാൽ വീണ്ടും പുതിയ സ്ഥാപനങ്ങൾ ഇവിടെ സ്ഥാപിക്കരുതെന്നും നിലവിലുള്ള മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും നാട്ടുകാർ പരാതികൾ സമർപ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി വീണ്ടും മണ്ണെടുത്ത് പണികൾ നടത്തുന്നതിനെതിരേ സമരം ശക്തമാക്കുമെന്ന് സമര സമിതി ഭാരവാഹികളായ റെയ്സൺ കൊറയ, ബിനോയ് മുല്ലമംഗലം, റെജി ചെറിയാൻ എന്നിവർ അറിയിച്ചു.