ഫറോക്ക്: അതിശക്തമായ ചുഴലിക്കാറ്റിലും മഴയിലും ഫറോക്ക് നഗരസഭയിലെ കരുവൻതുരുത്തി മേഖലയിൽ വ്യാപക നാശം. കഴിഞ്ഞ ദിവസം വൈകുന്നേരം എട്ടരയോടെയാണ് അതിശക്തമായ കാറ്റും മഴയുമുണ്ടായത്. ഭയപ്പെടുത്തും വിധം വീശിയടിച്ച കാറ്റിൽ തെങ്ങു കടപുഴകി വീണ് ഡിവിഷൻ 38 ലെ കിഴക്കേടത്ത് റോഡിൽ നേരാംകുന്നത്ത് സിദ്ദീഖിന്റെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു. 50 അടിയോളം നീളമുള്ള തെങ്ങാണ് വീടിന്റെ മുകളിൽ പതിച്ചത്. ഈ സമയം സിദ്ധീഖ്, ഭാര്യ ഖദീജ, മകൾ ഫർസാന എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഭയങ്കരമായ ശബ്ദം കേട്ട് ഇറങ്ങിയോടിയതിനാലാണ് രക്ഷപ്പെട്ടതെന്ന് വീട്ടിലുണ്ടായിരുന്നവർ പറഞ്ഞു. ഓട്ടത്തിനിടയിൽ സിദ്ദീഖിന്റെ ഭാര്യ ഖദീജയുടെ തലയിൽ ഓടു വീണ് മുറിവേറ്റു. അവരെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. കൂലിപ്പണിക്കാരനായ സിദ്ദീഖിന് കുടികിടപ്പായി കിട്ടിയ മൂന്നര സെന്റ് സ്ഥലത്തുണ്ടായിരുന്ന വീടാണ് തകർന്നത്. അടുത്ത പറമ്പിലെ തെങ്ങാണ് വീടിനു മേൽ വീണത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം.രാവിലെ തെങ്ങു വെട്ടിമാറ്റിയെങ്കിലും തകർന്ന വീടിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല. എവിടെപ്പോകണമെന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. ഭാര്യയും മകളും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണ്. കരുവൻതുരുത്തി വില്ലേജ് ഓഫീസർ കെ. സദാശിവൻ, ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുറസാഖ് എന്നിവർ സ്ഥലം സന്ദർശിച്ചു. കരുവൻതുരുത്തി പാലയിൽ പടിയിൽ തെങ്ങ് വീണ് വൈദ്യുതി പോസ്റ്റ് തകർന്നു. വൈദ്യുതി ബന്ധം തകരാറിലായി.
ഡിവിഷൻ 37ലെ പാലയിൽപടി തെക്കേടത്ത് സുകു, തെക്കേടത്ത് പ്രേമൻ ഇവരുടെ തൊടിയിലെ 5 തെങ്ങുകൾ കടപുഴകി വീണു. ചിലത്
വീടിന് മുകളിലേക്കും വീണെങ്കിലും കോൺക്രീറ്റ് വീടായതിനാൽ നാശമുണ്ടായില്ല. വീട്ടിലുണ്ടായിരുന്നവരുടെ ഭീതിയും ഞെട്ടലും ഇപ്പോഴും വിട്ടുമാറിയില്ല. സമീപത്തുള്ള തെക്കേടത്തു രവീന്ദ്രന്റെ തൊടിയിലെ ഒരു തെങ്ങും വീണു. ഭയപ്പെടുത്തുന്ന കാറ്റാണ് ഉണ്ടായതെന്ന് വീട്ടുകാർ പറഞ്ഞു. ഉച്ചയോടെ തെങ്ങുകൾ മുറിച്ചു മാറ്റി. പള്ളിത്തറയ്ക്കു സമീപം പൂതേരി വിജയകുമാറിന്റെ വീട്ടുമുറ്റത്തെ മാവ്, പ്ലാവ് ഇവ പൊട്ടിവീണു. തലനാരിഴയ്ക്കാണ് വീട്ടുമുറ്റത്തു കിടന്ന കാർ തകരാതിരുന്നത്. കരുവൻതുരുത്തി പ്രദേശത്ത് നിരവധി വീടുകളുടെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ പറന്നു പോയി. മരങ്ങൾ വ്യാപകമായി പൊട്ടിവീണു. പ്രദേശത്ത് ബുധനാഴ്ച രാത്രി വൈദ്യുതി നിലച്ചിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് പുനഃസ്ഥാപിച്ചത്.