smile

എപ്പോഴും ചിരിച്ച മുഖമാണെന്ന് ചിലരെപ്പറ്റി പറയാറില്ലേ. മുഖത്ത് ഒരു തെളിച്ചവുമില്ല. എപ്പോഴും വിഷാദമാണെന്ന് മറ്റ് ചിലരെപ്പറ്റിയും കേട്ടിട്ടില്ലേ. ഈ ചിരി കരച്ചിലിൽ ഏതിനാണ് പവർ. ചിരി ആരോഗ്യത്തിൻെറ രഹസ്യമെന്നൊരു ചൊല്ലുണ്ട്. കരയുന്ന കുഞ്ഞിനേ പാലുള്ളൂവെന്ന മറ്റൊരു ചൊല്ലും. ഈ ചൊല്ലുകളിൽ പതിരില്ലെങ്കിൽ കരുത്ത് കരയുന്നതിലോ ചിരിക്കുന്നതിലോ. ഇത് ഞാൻ കരഞ്ഞ് നേടിയതാണ് എന്ന് പറഞ്ഞാൽ അത്രയ്ക്ക് കഷ്ടപ്പെട്ട് നേടിയതെന്നർത്ഥം. ഇത് ഞാൻ ചിരിച്ച് നേടിയതെന്ന് ആരും പറയാറില്ല. ചിരിപ്പിച്ച് നേടിയത് എന്ന് വേണമെങ്കിൽ പറയാം.

ഒരു ചിരി കൊണ്ട് നേടാൻ കഴിയാത്തതെന്തുണ്ട് എന്ന സത്യം മറയ്ക്കുന്നില്ല. എത്ര ശത്രുവാണെങ്കിലും ഒന്ന് ചിരിച്ച് കാണിച്ചാൽ ശത്രുത എെസ് ഉരുകും പോലെയങ്ങ് തീരും. അതാണ് ചിരിയുടെ മഹത്വം. അയാൾ എന്നെ കണ്ട് ചിരിച്ചു. ഞാൻ മൈൻറ് ചെയ്തില്ല എന്ന് പറഞ്ഞാൽ ശത്രുത ആലവട്ടവും വെഞ്ചാമരവും വീശി എഴുന്നെള്ളി നിൽക്കും. നിങ്ങൾക്ക് സീറ്റില്ല എന്ന് പാർട്ടി പറയുമ്പോൾ ചിരിച്ച് കാണിച്ചാൽ സീറ്റില്ല തന്നെ. ഇല്ലേ എന്ന ചോദ്യത്തിന് പിന്നാലെ കരച്ചിലായാലോ സീറ്റ് കണ്ണീരിനെ തുടച്ച് മാറ്റാൻ ഒപ്പം വരും. അപ്പോൾ കരുത്തിൻെറ പൊരുൾ വരുന്നതുകണ്ടോ.

കരച്ചിലും ചിരിയുമൊക്കെ പെട്ടിയിലടച്ച് വച്ചിരിക്കുകയാണ്. മേയ് രണ്ടിന് അത് പൊട്ടിക്കരച്ചിലാകുമാേ, പൊട്ടിച്ചിരിയാകുമാേ? ഒരു പെട്ടിയിൽ തന്നെ ചിരിയും കരച്ചിലും ഒരുമിച്ചിരിക്കുകയാണ്. ജീവിതത്തിൽ കരയാത്തവരാരുമില്ല. ചിരിക്കാത്തവരും. പിറന്ന് വീഴുന്നത് കരഞ്ഞുകൊണ്ടാണ്. ഒരു കുഞ്ഞും ചിരിച്ചുകൊണ്ട് പിറക്കാറില്ല. ചിരിയുടെ അകമ്പടിയോടെ മരണത്തിലേക്ക് മടങ്ങാറുമില്ല. കരഞ്ഞുകൊണ്ട് ജനിക്കുകയും കരച്ചിലിൻെറ മേളത്തോടെ മടങ്ങുകയും ചെയ്യുമ്പോൾ അതിനിടയ്ക്കുള്ള നീണ്ട ജീവിതത്തിന് അഴക് പകരുന്നതാണ് ചിരി. ആ അഴക് നൃത്തംവച്ച് വരണമെങ്കിൽ കരച്ചിൽ ചിലപ്പോഴൊക്കെ വജ്രായുധമാകേണ്ടിവരും. ആഹാരത്തിനായി കരയുന്ന പൂച്ച ചിരിച്ച് കാണിച്ചാൽ എങ്ങനെയിരിക്കും? അപ്പോൾ അവിടെ കരച്ചിൽ തന്നെ വേണം. ചിരിക്കേണ്ടിടത്ത് ചിരിക്കുക, കരയേണ്ടിടത്ത് കരയുക. ഒന്ന് കരഞ്ഞാൽ വിഷമം കുറേ തീരും എന്ന് പറയുന്നതും അതുകൊണ്ടാണല്ലോ.