തിരഞ്ഞെടുപ്പിന് ശേഷം അവിടവിടെ ചില്ലറ അക്രമങ്ങൾ തലപൊക്കുക സാധാരണമാണ്. എന്നാൽ ഇത്തവണ അതല്ല സ്ഥിതി. പല സ്ഥലത്തും അക്രമങ്ങളും രൂക്ഷമായ ഏറ്റുമുട്ടലുകളും അരങ്ങേറി. തിരഞ്ഞെടുപ്പിന് ശേഷം പാനൂരിൽ നടന്ന കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സമാധാന യോഗം വരെ ബഹിഷ്കരിച്ചു. പാനൂരിൽ തന്നെ വിലാപയാത്രയുടെ തുടർച്ചയായി നടന്ന അക്രമത്തിൽ ഒട്ടേറെ സി.പി.എം ഓഫീസുകൾ നശിപ്പിക്കപ്പെട്ടു. ബാലുശ്ശേരിയിലും സംഘർഷങ്ങൾ നടക്കുന്നു. അവിടെ ഒരു കോൺഗ്രസ് ഓഫീസാണ് തീയിട്ടത്. എല്ലായിടത്തും വാഹനങ്ങളും നശിപ്പിക്കപ്പെടുന്നു. ക്രമസമാധാന നില തകരാറിലാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് ദിവസം തന്നെ കഴക്കൂട്ടത്തും പിന്നീട് മലയിൻകീഴ് വിളവൂർക്കലും അക്രമസംഭവങ്ങൾ അരങ്ങേറി. വിളവൂർക്കലിൽ ഒരു ഗർഭിണി വരെ അക്രമത്തിനിരയായി.
സി.പി.എം, ബി.ജെ.പി, കോൺഗ്രസ്, ലീഗ് തുടങ്ങിയ കക്ഷികളിലെ പ്രവർത്തകരാണ് പലയിടത്തും എതിർചേരികളിൽ നിന്ന് ഏറ്റുമുട്ടുന്നത്. ഇതു കൂടാതെ പലയിടത്തും സാമൂഹ്യവിരുദ്ധരും ഗുണ്ടകളും തലപൊക്കാൻ തുടങ്ങി എന്ന് സംശയിക്കേണ്ട സംഭവങ്ങളും ഉണ്ടാകുന്നു. കോഴിക്കോട് മൂന്ന് ദിവസം മുമ്പ് ആരംഭിച്ച വസ്ത്രവ്യാപാരശാലയ്ക്ക് സാമൂഹ്യവിരുദ്ധർ തീയിട്ടത് അത്തരത്തിലുള്ള ഒരു സംഭവമായി വേണം കാണാൻ. ഗ്രൗണ്ട് ഫ്ളോറിൽ എട്ട് മുറികളും മുകളിൽ ഹാളുമുള്ള ഇരുനില കെട്ടിടത്തിൽ ഉണ്ടായിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം ചാമ്പലായി. ഇതൊക്കെ വിരൽചൂണ്ടുന്നത് ക്രമസമാധാന പാലനത്തിൽ വന്ന വീഴ്ചയിലേക്ക് തന്നെയാണ്.
പൊലീസ് ഇടപെടുന്നില്ല എന്ന് പറയാനാവില്ല. എന്നാൽ അക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് കർശന നടപടി എടുക്കുന്നതിൽ ഒരു ചിന്താക്കുഴപ്പം പൊലീസ് സേനയെ ബാധിച്ചിട്ടുണ്ടെങ്കിൽ അത് നല്ലതല്ല. വാശിയേറിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ആര് അധികാരത്തിൽ വരുമെന്ന് തിട്ടമായി പ്രവചിക്കാൻ ആർക്കും കഴിയില്ല. ഇത്തരം സന്ദർഭങ്ങളിൽ കർശന നടപടി എടുത്ത് വെട്ടിലാകുമോ എന്ന ഭയം താഴ്‌ന്ന നിലയിൽ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകാം. എന്നാൽ പൊലീസ് തലപ്പത്തുള്ളവർ ജാഗ്രതയോടെ ഇടപെടേണ്ട സമയമാണിത്. അക്രമം എവിടെ നടന്നാലും കർശന നടപടി ഉണ്ടാകുമെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുതരാൻ മേലുദ്യോഗസ്ഥർ നിർദ്ദേശം നൽകേണ്ടതുണ്ട്. അക്രമം നടത്തുന്നവർ ഏതു പാർട്ടിയിൽപ്പെട്ടവരായാലും അറസ്റ്റിലായിരിക്കും എന്ന സ്ഥിതി ഉണ്ടായാൽ സാമൂഹ്യവിരുദ്ധർ പിൻവലിയുകയും അക്രമങ്ങൾ തനിയെ കെട്ടടങ്ങുകയും ചെയ്യും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ഭാരിച്ച ചുമതലകൾ ഉണ്ടായിരുന്നു. സ്വാഭാവികമായും അക്രമങ്ങൾ തടയുന്നതിനും മറ്റ് ക്രമസമാധാന പാലനത്തിനും അംഗങ്ങളുടെ കുറവ് വരാം. ഇതൊരു അവസരമായി കണ്ടാണ് പല ഗുണ്ടാസംഘങ്ങളും തലപൊക്കിയിരിക്കുന്നത്. ക്രമസമാധാന പാലനത്തിന് പുറമെ കൊറോണ നിയന്ത്രിക്കുന്നതിന്റെ മറ്റ് ചുമതലകളും പൊലീസിന് വഹിക്കേണ്ടതുണ്ട്. ഇതൊക്കെയുണ്ടെങ്കിലും അവരുടെ പ്രധാന ചുമതല ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ്. അതിൽ വീഴ്ച വന്നാൽ അതിന്റെ നഷ്ടം സമാധാനകാംക്ഷികളായ പൊതുജനങ്ങളാണ് സഹിക്കേണ്ടിവരുന്നത്. അതിനാൽ ക്രമസമാധാനപാലനം എന്ന മുഖ്യ കടമ മറന്നുകൊണ്ടാവരുത് മറ്റ് കൃത്യനിർവഹണങ്ങൾ. ക്രമസമാധാന പാലനത്തിൽ വരുന്ന വീഴ്ചയുടെ ഉത്തരവാദിത്വം പൊലീസ് തലപ്പത്തുള്ള മേലുദ്യോഗസ്ഥർക്ക് തന്നെയാവും എന്നതും ഈ ഘട്ടത്തിിൽ അവർ മറന്നുപോകരുത്.
ഭരണം വരുകയും പോവുകയും ചെയ്യും. അതനുസരിച്ചല്ല ഉദ്യോഗസ്ഥർ പ്രാഥമിക ചുമതലകൾ നിറവേറ്റേണ്ടത്. ജനങ്ങളുടെ സമാധാനം കാത്തുസൂക്ഷിക്കാൻ വേണ്ട കർശനമായ നടപടികളാണ് ഈ ഘട്ടത്തിൽ ബന്ധപ്പെട്ടവരിൽ നിന്ന് ഉണ്ടാകേണ്ടത്. ക്രമസമാധാനം തകർക്കാൻ ആര് ശ്രമിച്ചാലും അവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാനുള്ള ആർജ്ജവമാണ് പൊലീസ് സേന ഈ സന്ദർഭത്തിൽ പ്രദർശിപ്പിക്കേണ്ടത്.
.