covid

കൊവിഡ് ഉയർത്തിയ ശക്തമായ വെല്ലുവിളികളെ തരണം ചെയ്ത് അതിജീവനത്തിന്റെ പാതയിൽ മുന്നോട്ടുപോയ സമൂഹത്തിൽ ഇടിത്തീപോലെയാണ് വൈറസിന്റെ രണ്ടാംവരവ്. ജീവിക്കാൻ തുടങ്ങുമ്പോൾ വ്യാപിക്കുന്ന അവസ്ഥയാണിപ്പോൾ. 1918കളിലെ സ്‌പാനിഷ് ഫ്ലൂ ഉൾപ്പെടെയുള്ള മഹാമാരികളെ എങ്ങനെയാണ് ലോകം നേരിട്ടതെന്ന വ്യക്തമായ ധാരണ ഇന്ന് ജീവിച്ചിരിക്കുന്ന ആർക്കുമില്ല. പ്രതിരോധമാർഗങ്ങൾ സംബന്ധിച്ച രേഖകളുമില്ല. അത്തരമൊരു സാഹചര്യത്തിലാണ് കൊവി‌ഡിനെതിരായ പ്രതിരോധം നമ്മൾ തുടങ്ങിയത്. പാളിച്ചകളുണ്ടെങ്കിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വിജയമാണ്.

അതിവേഗത്തിലെത്തിയ വാ‌ക്‌സിനിലൂടെ വൈറസ് ഭീഷണിയെ മറികടക്കാമെന്ന ജനങ്ങളുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്ത് വ്യാപിക്കുന്ന വൈറസിനെ പിടിച്ചുകെട്ടാൻ പ്രതിരോധം ശക്തമാക്കിയേ തീരൂ. അതിന് സമൂഹം പിന്നിലോട്ട് സഞ്ചരിക്കണം. ലോക്ക് ‌ഡൗൺ ഒരു പരിഹാരമല്ലെന്ന യാഥാർത്ഥ്യം മുന്നിലുള്ളപ്പോൾ മറ്റ് പലവഴികളും തേടണം. സാധാരണക്കാരന്റെ ജീവിതവും മുന്നോട്ടുപോകണം, ഉപജീവനം നടത്താൻ കഴിയണം എന്ന ലക്ഷ്യത്തോടെയാകണം കൊവിഡിനെ ചെറുക്കേണ്ടത്. മരണസംഖ്യകുറവായതുകൊണ്ട് വൈറസ് ബാധിച്ചാലും പ്രശ്നമില്ലെന്ന ധാരണയുള്ളവർ അത് അപ്പാടെ മാറ്റണം. വൈറസിന്റെ വ്യാപനം കൂടുന്നത് അനുസരിച്ച് ജനിതകവ്യതിയാനത്തിലും മാറ്റമുണ്ടാകും. അത്തരമൊരു ഘട്ടത്തിൽ ആദ്യം വൈറസിനെ തടയാൻ സ്വീകരിക്കുന്ന മാർഗങ്ങൾ പിന്നീട് മതിയായില്ലെന്ന് വരും. വൈറസുകളുടെ സ്വഭാവം മാറുന്നതിന് അനുസരിച്ച് പ്രതിരോധരീതിയിലും മരുന്നുകളിൽ ഉൾപ്പെടെ മാറ്റം വരുത്തേണ്ടിവരും. ഇതിനെയാണ് ഇമ്മ്യൂൺ എസ്‌കേപ്പ് ഇമ്മ്യൂട്ടേഷൻ എന്നു പറയുന്നത്. നമ്മൾ വരിക്കുന്ന വലയിൽ കുടുങ്ങാതെ വൈറസുകൾ ചാടിപ്പോകുന്ന അവസ്ഥ അതീവഗുരുതരമായ സ്ഥിതിവിശേഷമാണ്.

പകർച്ചവ്യാധികൾ ഓരോന്നിനും സ്വഭാവം പലതാണ് ചിക്കൻപോ‌ക്സ് പോലുള്ളവ വന്നാൽ പിന്നീട് വരാത്ത വിധം പ്രതിരോധ ശേഷി നൽകുമ്പോൾ എച്ച്1 എൻ1 പോലുള്ളവ അങ്ങനെയല്ല. കൊവിഡിന്റെ കാര്യത്തിലും ഒരിക്കൽ വന്നാൽ പിന്നീട് വരില്ലെന്ന് ഉറപ്പ് പറയാനാകില്ല. കൊവിഡ് ബാധിച്ചാൽ ശരീരം സാധാരണ നിലയിലാകാൻ വീണ്ടും നാളുകളെടുക്കുന്നതും പ്രതിസന്ധിയാണ്. അതിനിടെയിൽ ജനിതകമാറ്റം വന്ന വൈറസുകൾ കൂടിയെത്തിയാൽ ചെറുത്ത് നിൽപ്പ് ദുഷ്കരമാകും. വടക്കേ ഇന്ത്യയിൽ ഇപ്പോൾ പടരുന്നത് ജനിതകമാറ്റം വന്ന വൈറസുകളാണ്. കേരളത്തിൽ ഇതുവരെ ഇത്തരം വൈറസുകൾ വ്യാപമായി പടരുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പഠനവിധേയമാക്കിയ സാമ്പിളുകളുടെ ഫലം പുറത്തുവരുമ്പോൾ കേരളത്തിന്റ സാഹചര്യവും മാറിയേക്കാം. അത്തരമൊരു സൂചനയാണ് നിലവിലെ കേസുകളുടെ വർദ്ധനവ് നൽകുന്നത്.

എന്താണ് പോംവഴി

അടച്ചുപൂട്ടിയിരിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ സ്വയം നിയന്ത്രണങ്ങളാണ് അനിവാര്യം. പരമാവധി ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കണം. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ ആത്യാവശ്യമുള്ളവർമാത്രം മതി. വായുസഞ്ചാരമുള്ള സ്ഥലത്തായിരിക്കണം ഒത്തുകൂടേണ്ടത്. അടച്ചിട്ട മുറികളും എ.സി ഹാളുകളും വൈസിന്റെ വ്യാപനം വേഗത്തിലാക്കുമെന്ന കാര്യം വീണ്ടും ഓർക്കണം. വർക്ക് ഫ്രം ഹോം പറ്റുന്ന സ്ഥലങ്ങളിലെല്ലാം പ്രോത്സാഹിപ്പിക്കണം. അത് പ്രായോഗികമാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. വിദേശ ഐ.ടി കമ്പനികൾ ഇപ്പോഴും വർക്ക് ഫ്രം ഹോം തുടരുകയാണ്. ലക്ഷണങ്ങളുണ്ടായാൽ പരിശോധിക്കാൻ മടിക്കരുത്. മറച്ചുവയ്ക്കുന്നത് അപകടത്തെ ക്ഷണിച്ചു വരുത്തലാണ്.കൊവിഡ് ഭേദമായാലും വീണ്ടും വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.

അതുകൊണ്ടു രോഗം ഭേദമായവർ വീണ്ടും രോഗം പിടിപെടാതിരിക്കാനായി മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, ശുചിത്വം തുടങ്ങിയ മുൻകരുതലുകൾ തുടരണം. പൊതുചടങ്ങിലും ആ ഘോഷങ്ങളിലും പങ്കെടുക്കുന്നത് ഒഴിവാക്കണം. പ്രായമായവരെയും കുട്ടികളെയും പ്രത്യേകം കരുതാൻ ഇനി ഒട്ടും മടിക്കരുത്. കൊവിഡിന്റെ പിടിയിലേക്ക് അവരെത്തിയാൽ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ എപ്പോഴും വിജയിച്ചെന്ന് വരില്ല. ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടമായി ഇതിനെ കാണണം. കേരളത്തിൽ കൊവിഡ് പ്രതിരോധത്തിൽ എക്കാലവും മുന്നിൽ നിന്നത് പ്രബുദ്ധരായ ജനസമൂഹമാണ് അവർക്ക് മാത്രമേ ഇനിയും അതിനെ അതിജീവിക്കാൻ കഴിയു. സർക്കാരും ആരോഗ്യവകുപ്പും വഴികാട്ടികൾ മാത്രമാണ്. ആ വഴിയിലൂടെ നടക്കേണ്ടത് ജനങ്ങളാണ്.

(ലേഖകൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ , അസോസിയേറ്റ് പ്രൊഫസറും സംസ്ഥാന സർക്കാരിന്റെ കൊവിഡ് വിദഗ്ദ്ധ സമിതി അംഗവുമാണ് )