preast

ജോഫിൻ ടി. ചാക്കോയുടെ സംവിധാനത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച മലയാള ചിത്രം ദ പ്രീസ്റ്റ് തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ആരാധകർ കാത്തിരുന്നതുപോലെ ഇപ്പോൾ ദ പ്രീസ്റ്റ് ആമസോൺ പ്രൈമിലും എത്തുന്നു. വിഷുദിനമായ 14 മുതൽ പ്രൈം അംഗങ്ങൾക്ക് ഡിജിറ്റൽ പ്ളാറ്റ്ഫോമിലും ചിത്രം കാണാം. അസാധാരണമായ കഴിവുകളുള്ള ഫാ. ബെനഡിക്ട് എന്ന പുരോഹിതന്റെ വേഷത്തിൽ എത്തുന്ന മമ്മൂട്ടി പുതിയ കേസുകൾ പരിഹരിക്കാനുള്ള പാതയിലാണ്. പ്രൈം വീഡിയോ മൊബൈൽ പതിപ്പ് സബ്സ്‌ക്രൈബ് ചെയ്തുകൊണ്ടും ഉപയോക്താക്കൾക്ക് ദ പ്രീസ്റ്റ് കാണാം. മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ താരം മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ശ്രദ്ധ നേടിക്കൊടുത്തിരുന്നു. നിഖില വിമൽ, ബേബി മോണിക്ക, അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി.രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ.ഡി ഇലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫ്,​ ബി.ഉണ്ണികൃഷ്ണൻ,​ വി.എൻ.ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: അഖിൽ ജോർജ്, എഡിറ്റർ: ഷമീർ മുഹമ്മദ്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം ഒരുക്കിയിരിക്കുന്നു.