health

നാടുകടത്തിയെന്ന് കരുതിയ കൊവിഡ് മഹാമാരി മാസങ്ങൾക്ക് ശേഷം രൂപംമാറി തിരിച്ചെത്തിയതോടെ കാര്യങ്ങളാകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. ശാരീരിക അകലം പാലിക്കാൻ കഴിയാത്ത സാഹചര്യവും മാസ്ക് ശരിയായ രീതിയിൽ ഉപയോഗിക്കാനുള്ള മടിയും ഉപയോഗിച്ച മാസ്ക് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതും കൊവിഡിനോടുണ്ടായിരുന്ന പേടി മാറിയതും ആർ.ടി.പി.സി.ആറിനു പകരം ആന്റിജൻ ടെസ്റ്റ് ചെയ്ത ശേഷമുള്ള ഒരാഴ്ചത്തെ ക്വാറന്റൈൻ ഒഴിവാക്കിയതും കൊവിഡ് വീണ്ടും ശക്തി പ്രാപിക്കാൻ കാരണമായി.​ മാത്രമല്ല,​ രോഗം നിമിത്തം പുതുതായി വന്ന ജീവിത രീതിയോടുള്ള താൽപര്യക്കുറവും ജീവിതം തന്നെ വഴിമുട്ടിപ്പോകുന്ന സാഹചര്യങ്ങളെ അതിജീവിക്കാനുള്ള വെപ്രാളവും വാക്സിൻ എടുത്തവരുടെ അമിത വിശ്വാസവും ഇതിന് ഒരുപരിധിവരെ കാരണമായിട്ടുണ്ട്. ബ്രേക്ക് ദ ചെയിൻ പോലെ തന്നെ പ്രധാനപ്പെട്ടതാണ് വാക്സിനേഷനും.

വാക്സിൻ എടുത്താലും ശാരീരിക അകലം പാലിക്കുകയും മാസ്ക് നിർബന്ധമാക്കുകയും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. അതുപോലെ,​ പകർച്ചവ്യാധികളെ പരമാവധി പ്രതിരോധിച്ചുനിർത്താൻ സ്വന്തം ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ സാധിക്കുമെന്ന കാര്യം തെളിയിക്കപ്പെട്ട ഒന്നാണ്.

ശരിയായ ഭക്ഷണരീതി, ജീവിതശൈലി, കൃത്യനിഷ്ഠ, ആരോഗ്യം മെച്ചപ്പെടുത്തുന്ന ആയുർവേദ ഔഷധങ്ങൾ എന്നിവ ശീലിക്കുന്നവർക്ക് കൊവിഡ് പോലുള്ള എല്ലാത്തരം പകർച്ചവ്യാധികളെയും ഒരുപരിധിവരെ ചെറുത്തുനിർത്താൻ സാധിക്കും. പ്രായത്തിനും നിലവിലുള്ള രോഗങ്ങൾക്കുമനുസരിച്ച് ഒരു ഡോക്ടറുടെ നിർദ്ദേശമനുസരിച്ചുമാത്രമേ ഇവ ശീലിക്കാൻ പാടുള്ളൂ.

കൊവിഡ് പോസിറ്റീവ് രോഗികളുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നവർക്കും മറ്റ് വിധത്തിൽ നിരീക്ഷണത്തിൽ കഴിയേണ്ടിവന്നവർക്കും ആയുർവേദ മരുന്നുകൾ നൽകിയതുകാരണം രോഗം ബാധിക്കാതെ രക്ഷപ്പെട്ടതിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് പല പകർച്ചവ്യാധികളേയും തടയുന്നതിന് ആയുർവേദം ഫലപ്രദമാണെന്നാണ്. അത്തരം മരുന്നുകൾ സർക്കാർ ആയുർവേദ സ്ഥാപനങ്ങൾ വഴി പരമാവധി ആൾക്കാർക്ക് ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ കൊവിഡ് ബാധിക്കാൻ അൽപ്പമെങ്കിലും സാദ്ധ്യതയുണ്ടെന്ന് തോന്നുന്നവർ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന പ്രതിരോധ മരുന്നുകൾ കൂടി ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുക. സ്വകാര്യ ആയുർവേദ ചികിത്സകരുടെയും ഇടപെടലുകൾ പ്രയോജനപ്പെടുത്താവുന്നതാണ്.

ശ്രദ്ധിക്കാൻ

 ശ്വാസകോശാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണം, മരുന്ന്, വ്യായാമം എന്നിവയ്ക്ക് പ്രാധാന്യം നൽകണം. ജലദോഷം, തൊണ്ടവേദന, മണമറിയാൻ പ്രയാസം, ചുമ ,ശ്വാസവൈഷമ്യം മുതലായ ബുദ്ധിമുട്ടുകളുടെ ചികിത്സയ്ക്ക് പ്രാധാന്യം നൽകണം.
 ശ്വാസകോശ രോഗമുള്ളവർ അവ വർദ്ധിക്കാതിരിക്കാൻ പ്രത്യേക പരിഗണന നൽകണം.
 എന്തെങ്കിലും സംശയം തോന്നുന്നവർ ശരിയായ രോഗനിർണ്ണയം നടത്തുന്നതുവരെ മറ്റുള്ളവരുമായി സമ്പർക്കമുണ്ടാകാതെ സ്വയം നിരീക്ഷണത്തിൽ കഴിയുക.
 രണ്ട് ഡോസ് വാക്സിൻ എടുത്തവർ പോലും മുമ്പ് സ്വീകരിച്ചിരുന്ന ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കുക. ജാഗ്രത തുടരുക.