തിരുവനന്തപുരം:കൊവിഡിന്റെ രണ്ടാംവരവ് അടുത്ത അദ്ധ്യയന വർഷത്തെയും തകിടംമറിക്കുമോയെന്ന ആശങ്കയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും. ജൂൺ എത്താൻ 52 ദിവസം മാത്രം. കൊവിഡ് അതിതീവ്രമായാൽ വിദ്യാലയങ്ങളിൽ ക്ളാസ് പഠനം നടക്കാതെ വരും
മൂന്നാഴ്ച നിർണായകമാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേയ് മാസത്തിലെ രോഗ വ്യാപനം അനുസരിച്ചിരിക്കും ജൂണിലെ വിദ്യാലയ പ്രവർത്തനം.
മേയിൽ അധികാരത്തിൽ വരുന്ന പുതിയ സർക്കാരിന്റെ നിലപാടും നിർണായകമാവും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ തുടങ്ങിയ ഓൺലൈൻ പഠനത്തിന് പരിമിതികളുണ്ട്. ക്ളാസ് മുറിയിലെ പഠനത്തോളം വരില്ലെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും പറയുന്നു.
അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൊവിഡ് വാക്സിൻ അടുത്ത ഘട്ടത്തിൽ നൽകിത്തുടങ്ങിയാലും രണ്ടാം ഡോസ് ജൂണിനു മുമ്പ് നൽകാനാവില്ല. എല്ലാവർക്കും വാക്സിൻ നൽകാതെ കുട്ടികളെ സ്‌കൂളിലേക്ക് വരുത്തുന്നതിനോട് ആരോഗ്യ വകുപ്പിന് യോജിപ്പില്ല.
ഓൺലൈൻ ക്ളാസുകൾ തുടരാനാണ് തീരുമാനമെങ്കിൽ ഇപ്പോൾ പ്ളസ് വൺ കഴിഞ്ഞവർക്ക് പ്ളസ് ടുവിനും ഇതേ രീതിയിൽ പഠിക്കേണ്ടിവരും.
സാദ്ധ്യതയും നിലപാടും
# പത്ത്, പ്ളസ് ടു വിദ്യാർത്ഥികൾക്ക് മാത്രം ക്ളാസ്
# താഴോട്ടുള്ള ക്ളാസുകൾ സാഹചര്യം പോലെ
# ലോക്ക് ഡൗൺ വേണ്ടെന്നും ക്ളാസ് പഠനം വേണമെന്നും അദ്ധ്യാപകർ
# അദ്ധ്യാപകരും കുട്ടികളും 50% മാത്രമായി
ക്ളാസ് പ്രായോഗികമല്ലെന്നും വാദം
'' സ്‌കൂൾ തുറന്ന് കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കാൻ പുതിയ സർക്കാർ ശ്രമിക്കുമെന്നാണ് പ്രതീക്ഷ. എന്നാലേ ക്ളാസുകൾ നന്നായി നടത്താനാവൂ.
എം. സലാഹുദ്ദീൻ,
പ്രസിഡന്റ് , കെ.പി.എസ്.ടി.എ
''കൊവിഡിൻെറ അപ്പോഴത്തെ സാഹചര്യം നോക്കി സർക്കാർ തീരുമാനിക്കും. രോഗവ്യാപനത്തിന്റെ തോതും എല്ലാവശങ്ങളും പരിശോധിച്ചാവും തീരുമാനം.
-രാജൻ ഖൊബ്രഗഡെ,
ആരോഗ്യ വകുപ്പ് സെക്രട്ടറി